
ഒന്നിൽ പിഴച്ചാൽ മൂന്നെന്ന പ്രമാണം തന്റെ കാര്യത്തിൽ അക്ഷരംപ്രതി ശരിയാണെന്ന് പറയും ഗോപിക ഉദയൻ. കുഞ്ഞെൽദോയിൽ ആസിഫ് അലിയുടെ നായികയായി വെള്ളിത്തിരയിലെത്തിയ ഗോപിക ഉദയന്റെ ആദ്യ ചിത്രമല്ല കുഞ്ഞെൽദോ.
''കുഞ്ഞെൽദോ ഞാനഭിനയിക്കുന്ന മൂന്നാമത്തെ സിനിമയാണ്.ആദ്യമഭിനയിച്ച സിനിമയുടെ ഷൂട്ടിംഗ് മുഴുവൻ കഴിഞ്ഞതാണ്. പക്ഷേ എന്തൊക്കെയോ നിയമപ്രശ്നങ്ങൾ കാരണം ആ സിനിമ റിലീസായില്ല. കാറൽ മാർക്സ് ഭക്തനായിരുന്നുവെന്ന രണ്ടാമത്തെ സിനിമ ഒരുപാട്ടുൾപ്പെടെ ചിത്രീകരിച്ചതാണ്. പക്ഷേ അപ്പോഴേക്കും പ്രളയം വന്നു. ഷൂട്ടിംഗ് മുടങ്ങി. രണ്ട് സിനിമകൾ മുടങ്ങിയപ്പോൾ എന്റെ പ്രതീക്ഷകളും ഇല്ലാതെയായി. സിനിമ എനിക്ക് പറ്റിയ ഫീൽഡ് അല്ലെന്ന് വരെ തോന്നി."" അധികമാരോടും പറയാത്ത ആ സസ്പെൻസ് പൊട്ടിച്ച് ഗോപിക ഉദയൻ പറഞ്ഞുതുടങ്ങി.
ആ ചോദ്യങ്ങൾ വിഷമമുണ്ടാക്കി
''സിനിമ ചെയ്യുന്നത് മാത്രമേയുള്ളോ ഒന്നും റിലീസാകുന്നില്ലേ""... ഈ ചോദ്യങ്ങൾ കേൾക്കുമ്പോൾ വിഷമം തോന്നിയിരുന്നു. അഭിനയം ആസ്വദിച്ച് തന്നെയാണ് ചെയ്തിരുന്നത്. നന്നായി ചെയ്തുവെന്ന അഭിപ്രായം കേൾക്കുമ്പോൾ ആത്മവിശ്വാസം തോന്നിയിരുന്നു. പക്ഷേ സിനിമ ഭാഗ്യത്തിന്റെയും തലവരയുടെയും കൂടി രംഗമാണല്ലോ. അതെനിക്കില്ലേയെന്ന് സങ്കടപ്പെട്ടിട്ടുണ്ട്. സിനിമ വേണ്ട, പഠിത്തവുമായി മുന്നോട്ട് പോകാമെന്ന് വരെ ഞാൻ തീരുമാനിച്ചു. ബിസിനസ് ആൻഡ് ഫിനാൻസ് ബാച്ചിലേഴ്സ് ചെയ്തു. സി.എൻ.എ എന്ന കോഴ്സാണ് ഇപ്പോൾ ചെയ്യുന്നത്.
തേടിവന്ന കുഞ്ഞെൽദോ
'കുഞ്ഞെൽദോയ്ക്ക്" വേണ്ടി നായികമാരെ ഒാഡിഷൻ ചെയ്ത് ഒന്നും സെറ്റാകാതിരിക്കുന്നസമയം. ചീഫ് അസോസിയേറ്റ് രാജേഷ് അടൂരിന്റെ സുഹൃത്താണ് ദുബായിലെ ഫോട്ടോഗ്രാഫറായ നിധീഷിനോട് ദുബായിൽ നല്ല കുട്ടികൾ വല്ലതുമുണ്ടോയെന്ന് അന്വേഷിച്ചു. അച്ഛന്റെ സുഹൃത്തായ ഉസ്മാനിക്കയ്ക്ക് നിധീഷേട്ടനെ അറിയാം. അങ്ങനെ പറഞ്ഞറിഞ്ഞാണ് എന്റെ അടുത്തെത്തുന്നത്. ''വേണോ... ഇതൊക്കെ നടക്ക്വോ?"" മുന്നനുഭവങ്ങൾ കാരണം ഞാൻ ആദ്യം അച്ഛനോട് അങ്ങനെയാണ് ചോദിച്ചത്. ഒന്നാമത് ഒരുപാട് വ്യാജ കാസ്റ്റിംഗ് കാൾ അറിയിപ്പുകൾ വരുന്ന സമയം. ആസിഫ് അലി നായകൻ, ആർ.ജെ. മാത്തുക്കുട്ടി, സംവിധാനം, വിനീത് ശ്രീനിവാസൻ കോ ഡയറക്ടർ, ഒരു പരസ്പര ബന്ധമില്ലല്ലോ എന്നായിരുന്നു എന്റെ ചിന്ത. ദുൽഖർ സൽമാൻ സോഷ്യൽ മീഡിയയിൽ കുഞ്ഞെൽദോയെക്കുറിച്ച് പോസ്റ്റിട്ടത് കണ്ടപ്പോൾ സംഭവം സത്യമാണെന്ന് മനസിലായി. അച്ഛൻ നിർബന്ധിച്ചപ്പോൾ ഫോട്ടോ അയച്ചു. ഫോട്ടോ കണ്ടിട്ട് അവർ പറഞ്ഞ സീനുകളിൽ അഭിനയിച്ച് വീഡിയോയും അയച്ച് കൊടുത്തു. അങ്ങനെ ഓഡിഷന് ഞങ്ങൾ ദുബായിൽ നിന്ന് നാട്ടിലെത്തി. ജൂണിന്റെ സംവിധായകൻ അഹമ്മദ് കബീറും മാത്തുക്കുട്ടിയും ഒാഡിഷൻ കഴിഞ്ഞപ്പോൾ സിദ്ധാർത്ഥ് ശിവ നയിക്കുന്ന ക്യാംപിൽ പങ്കെടുക്കാൻ പറഞ്ഞു. നാല് ദിവസത്തെ ക്യാംപ് കഴിഞ്ഞപ്പോൾ സിദ്ധാർത്ഥ് ശിവയും ഒ.കെ. പറഞ്ഞു. വിനീത് ശ്രീനിവാസനായിരുന്നു ഫൈനൽ ഒാഡിഷൻ ചെയ്തത്. ഒാഡിഷൻ കഴിഞ്ഞപ്പോൾ വിനീതേട്ടൻ പറഞ്ഞു:'' വെൽക്കം ടു കുഞ്ഞെൽദോ""
ആസിഫിക്ക എന്ത് പാവമാ...
ഇത്രയും നല്ലൊരു ടീമിനൊപ്പം കുഞ്ഞെൽദോയിൽ നല്ലൊരു കഥാപാത്രത്തെ അവതരിപ്പിക്കാൻ കഴിഞ്ഞത് ഭാഗ്യമാണ്. നിവേദിത വെറുതേ വന്ന് പോകുന്ന ഒരു കഥാപാത്രമല്ല. നന്നായി പെർഫോം ചെയ്യാൻ സ്കോപ്പുള്ള ഒരു കഥാപാത്രമാണ്. കുഞ്ഞെൽദോയിലെ രണ്ടാം പകുതിയിൽ ഒട്ടും മേക്കപ്പിടാതെയാണ് ഞാൻ അഭിനയിച്ചത്. നിന്റെ മുഖത്ത് ഇത്തിരി മേക്കപ്പിടാൻ കൊതിയാകുന്നുവെന്ന് മേക്കപ്പ്മാനും സഹായികളുമൊക്കെ പറയുമായിരുന്നു.
ഒപ്പമഭിനയിച്ച് തുടങ്ങുന്നതിന്റെ തലേ ദിവസമാണ് ആസിഫിക്കയെ പരിചയപ്പെടുന്നത്. ഒരുപാട് പുതുമുഖങ്ങൾക്കൊപ്പം അഭിനയിച്ചിട്ടുള്ളത് കൊണ്ടും ഒരു സിനിമാപാരമ്പര്യവുമില്ലാത്ത കുടുംബത്തിൽനിന്ന് ശരിക്കും സ്ട്രഗിൾ ചെയ്തു വന്നതുകൊണ്ടും ആസിഫിക്കയ്ക്ക് എന്റെ മനസ് വായിച്ചെടുക്കാൻ കഴിഞ്ഞു. അങ്ങനെ അവസാനം നമ്മൾ കണ്ടുമുട്ടിയെന്ന് പറഞ്ഞ് ആസിഫിക്ക തന്നെ എന്നെ വന്ന് പരിചയപ്പെട്ടു. ഒരുപാട് സംസാരിച്ചു. എന്റെ ടെൻഷനൊക്കെ മാറ്റിത്തന്നു.
കുഞ്ഞെൽദോയിലെ ഫസ്റ്റ് ഷോട്ടിൽ അഭിനയിച്ചത് ഞാനാണ്. ഞാനത് വേണ്ടാ വേണ്ടാന്നൊക്കെ പറഞ്ഞെങ്കിലും അവരാരും സമ്മതിച്ചില്ല.
രണ്ടുവർഷത്തെ കാത്തിരിപ്പ്
ആദ്യ രണ്ട് സിനിമ റിലീസാകാതെയും മുടങ്ങിപ്പോയപ്പോഴും നേരിട്ട അതേ ചോദ്യം കുഞ്ഞെൽദോ റിലീസാകാൻ വൈകിയപ്പോഴും ഞാൻ നേരിട്ടു. കൊവിഡ് കാരണം കുഞ്ഞെൽദോയുടെ റിലീസ് രണ്ടുവർഷത്തോളം വൈകിയപ്പോൾ ഞങ്ങളുടേതിനേക്കാൾ വലിയ സിനിമകളും റിലീസിന് കാത്തിരിക്കുകയാണല്ലോ എന്നതായിരുന്നു ആശ്വാസം. പല സിനിമകളും ഒ.ടി.ടി യിലേക്ക് പോയപ്പോഴും നിർമ്മാതാക്കൾ കട്ടയ്ക്ക് പറഞ്ഞു: ''നമ്മുടെ സിനിമ തിയേറ്ററിൽത്തന്നെ റിലീസ് ചെയ്യും.""
എന്റെ ആദ്യ റിലീസ് സെൽഫോണിലോ കംപ്യൂട്ടറിലോ കാണേണ്ടിവരുമോയെന്ന ടെൻഷൻ എനിക്കുമുണ്ടായിരുന്നു. പക്ഷേ കുഞ്ഞെൽദോ ടീമിന്റെയും ഫാമിലിയുടെയും ഒപ്പം ആഘോഷത്തോടെ തിയേറ്ററിൽത്തന്നെ കാണാൻ പറ്റി.
ഇനി കൈ നിറയെ സിനിമകൾ വരുമെന്ന് എല്ലാവരും പറയുന്നുണ്ട്. പക്ഷേ വരാൻ പോകുന്നതെന്താണെന്ന് എനിക്കറിയില്ല. ഇടയ്ക്ക് എന്നെത്തേടി ഒന്നുരണ്ട് സിനിമകൾ വന്നപ്പോഴും ഞാൻ ആദ്യം മാത്തുച്ചേട്ടനെയും നിർമ്മാതാവ് പ്രശോഭേട്ടനെയുമൊക്കെയാണ് വിളിച്ചത്.മാത്തുച്ചേട്ടന്റെയും ആദ്യ സിനിമയാണ് കുഞ്ഞെൽദോ. കഴിഞ്ഞ രണ്ടുവർഷം ഞാൻ കടന്നുപോയ അതേ എക്സൈറ്റ്മെന്റിലൂടെയും ആശങ്കകളിലൂടെയുമൊക്കെ മാത്തുച്ചേട്ടനും കടന്നുപോയിട്ടുണ്ടാവാം. അവരുടെയൊക്കെ അഭിപ്രായം കൂടി കേട്ടിട്ടേ ഞാൻ ഒരു സിനിമ കമ്മിറ്റ് ചെയ്യൂ. വെറുതേ വന്ന് പോകുന്ന വേഷങ്ങൾ ചെയ്യാൻ താത്പര്യമില്ല. എനിക്ക് എന്തെങ്കിലും പെർഫോം ചെയ്യാനുണ്ടാവണം.
അഭിനയം അന്നുമുതലേ
മൂന്നാംക്ളാസ് വരെ നാട്ടിൽ വടക്കാഞ്ചേരി ഭവൻസ് സ്കൂളിലാണ് ഞാൻ പഠിച്ചത്. പിന്നീടാണ് ദുബായിലേക്ക് പോകുന്നത്. നാട്ടിലെ സ്കൂളിലെ ടീച്ചർമാരൊക്കെ നല്ല നീളൻ തലമുടിയുള്ളവരായിരുന്നു. അവരെ അനുകരിച്ചായിരുന്നു എന്റെ അഭിനയത്തുടക്കമെന്ന് പറയാം. തോർത്തുമുണ്ട് സ്ളൈഡ് കുത്തി തലമുടിയാക്കി സാരിയൊക്കെ ചുറ്റി കണ്ണാടിക്ക് മുൻപിൽ അഭിനയിച്ചായിരുന്നു തുടക്കം. പിന്നീട് സ്കൂളിൽ മോണോ ആക്ടൊക്കെ ചെയ്തിരുന്നു. പണ്ടേ എന്റെയുള്ളിലെവിടെയോ അഭിനയത്തോടുള്ള ഇഷ്ടവും മോഹവുമുണ്ടായിരുന്നു എന്നതാണ് സത്യം. അച്ഛൻ വർഷങ്ങളായി ദുബായിലാണ്. ഞാൻ നാലാം ക്ളാസിലായപ്പോൾ ഞങ്ങൾ ഫാമിലിയായി അവിടെ സെറ്റിൽ ചെയ്തു.