fairooz

തൃശൂർ: തൃശൂർ ആറ്റുപ്പുറത്ത് യുവതിയുടെ ആത്മഹത്യയ്ക്ക് കാരണം ഭർത്താവിന്റെ മാനസിക പീഡനമാണെന്ന് ബന്ധുക്കൾ. സംഭവത്തിൽ യുവതിയുടെ ഭർത്താവ് നരണിപ്പുഴ സ്വദേശി ജാഫറിനെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഫെബ്രുവരി എട്ടിന് സ്വന്തം വീട്ടിലെ കിടപ്പു മുറിയിലാണ് ഫൈറൂസിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവിന്റെ ഫോൺ കോൾ വന്നതിന് പിന്നാലെയാണ് ഫൈറൂസ് തൂങ്ങിമരിച്ചതെന്നാണ് വീട്ടുകാർ പറയുന്നത്.

'എന്നെ ഇവിടുന്ന് കൊണ്ടുപോണം. എനിക്ക് ഇവിടെ പറ്റില്ല എന്ന് അവൾ പറഞ്ഞു. അവനും അവന്റെ വീട്ടുകാരും മകളെ ബുദ്ധിമുട്ടിച്ചു. ഇവിടെ വന്ന ശേഷം അവൾ ഹാപ്പിയായിരുന്നു. ഇടയ്ക്ക് അവൻ കുഞ്ഞിനെ കാണാനായി വീഡിയോ കോളിൽ വരും, ഫോൺ വയ്ക്കും. അവസാനമായി വന്ന കോളിന് ശേഷമാണ് മകൾ ഇത് ചെയ്തത്.' ഫൈറൂസിന്റെ പിതാവ് പറയുന്നു.

ഒന്നര വർഷം മുമ്പാണ് വിദേശത്ത് ജോലി ചെയ്യുന്ന ജാഫർ ഫൈറൂസിനെ വിവാഹം കഴിച്ചത്. ഇവർക്ക് നാല് മാസം പ്രായമുള്ള പെൺകുഞ്ഞുണ്ട്. വിവാഹശേഷം ജാഫറിനൊപ്പം വിദേശത്തായിരുന്നു ഫൈറൂസ്. ഗർഭിണിയായ ശേഷമാണ് മാനസിക പീഡനത്തിന് ഇരയായതെന്നാണ് ബന്ധുക്കൾ പറയുന്നത്. പീഡനം കാരണമാണ് ഫൈറൂസിനെ ആറ്റുപ്പുറത്തെ വീട്ടിലേയ്ക്ക് മാതാപിതാക്കൾ കൂട്ടിക്കൊണ്ട് വന്നത്. ശേഷം നിരന്തരം ഫോണിലൂടെ ഭീഷണിയായിരുന്നു. ഫോണിലെ സംഭാഷണങ്ങൾ തെളിവായി പൊലീസിന് കൈമാറി. പ്രസവശേഷം ഫൈറൂസിനെയും കുഞ്ഞിനെയും സംരക്ഷിക്കാൻ ജാഫർ തയാറായില്ലെന്നും പരാതിയുണ്ട്. ഫൈറൂസിന്റെ സഹോദരിയാണ് ഇപ്പോൾ കുഞ്ഞിനെ നോക്കുന്നത്. ജാഫറിനെ വിദേശത്ത് നിന്നും നാട്ടിൽ എത്തിച്ച് ജയിലിലടയ്ക്കണമെന്നാണ് നാട്ടുകാരും ആവശ്യപ്പെടുന്നത്.