
തിരുവനന്തപുരം: ലോകായുക്തയ്ക്കെതിരെ രൂക്ഷ വിമർശനവുമായി കെ ടി ജലീൽ. അഭയ കേസ് പ്രതി ഫാ.കോട്ടൂരിനെ രക്ഷിക്കാൻ സിറിയക് ജോസഫ് ശ്രമിച്ചുവെന്നും ബംഗളൂരുവിൽ പ്രതികളുടെ നാർക്കോ പരിശോധന നടത്തിയ ലാബിൽ അദ്ദേഹം സന്ദർശനം നടത്തിയെന്നുമാണ് ജലീൽ ആരോപണം ഉന്നയിച്ചിരിക്കുന്നത്.
സിറിയക് ജോസഫിന്റെ ബന്ധുവാണ് ഫാദർ കോട്ടൂർ. ന്യായാധിപൻ എന്ന നിലയിൽ അധികാരം ദുർവിനിയോഗം ചെയ്‌തു. ഒന്നുകിൽ രാജി വയ്‌ക്കുക അല്ലെങ്കിൽ തനിക്കെതിരെ ഉൾപ്പെടെ നിയമ നടപടികളുമായി മുന്നോട്ട് പോകണം. നാർക്കോ അനാലിസിസ് ടെസ്റ്റിന്റെ വീഡിയോ ബംഗളൂരൂവിലെ ലാബിലെത്തി സിറിയക് ജോസഫ് കണ്ടു. അതിന്റെ മൊഴി ലാബിന്റെ അഡീഷണൽ ഡയറക്‌ടറായിരുന്ന മാലിനി സിബിഐക്ക് നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
91ാം സാക്ഷിയായ ഡോ. മാലിനിയെ സിബിഐ കോടതി വിസ്‌തരിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് ഫാദർ കോട്ടൂർ ഉൾപ്പെടെയുള്ളവർ ഹൈക്കോടതിയിൽ നിന്നും വിധി സമ്പാദിച്ചിരുന്നു. സിറിയക് ജോസഫ് ഇക്കാര്യത്തിൽ 13 വർഷമായി ഒരു പ്രതികരണവും നടത്തിയിട്ടില്ല. ഇനിയെങ്കിലും അദ്ദേഹം മൗനം വെടിയണം. എന്താണ് ഫാ.തോമസ് കോട്ടൂരുമായി ബന്ധമെന്ന് വെളിപ്പെടുത്തണമെന്നും കെ ടി ജലീൽ നിയമസഭയുടെ മീഡിയ റൂമിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം ഫേസ്‌ബുക്കിൽ കുറിച്ച കാര്യങ്ങൾക്ക് പിന്നാലെയാണ് ഇന്ന് മാദ്ധ്യമങ്ങളെ കണ്ട് ജലീൽ ഇക്കാര്യങ്ങൾ വീണ്ടും ആവർത്തിച്ചത്.