
ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ യോഗ പരിശീലകൻ ഇന്ത്യക്കാരനായ ഒൻപതുകാരൻ. ഒൻപത് വയസും 220 ദിവസവും പ്രായമുള്ളപ്പോഴാണ് റെയാൻഷ് സുരാനിക്ക് അംഗീകൃത യോഗ അദ്ധ്യാപന സർട്ടിഫിക്കറ്റ് ലഭിച്ചത്. കഴിഞ്ഞ വർഷം ജൂലായിലാണ് യോഗ ടീച്ചേഴ്‌സ് ട്രെയിനിംഗ് കോഴ്‌സ് പൂർത്തിയാക്കി സർട്ടിഫിക്കറ്റ് നേടിയത്.
കുടുംബത്തോടൊപ്പം ദുബായിലാണ് റെയാൻഷ് താമസിക്കുന്നത്. വെറും നാല് വയസുള്ളപ്പോഴാണ് കുട്ടി യോഗ അഭ്യസിക്കാൻ തുടങ്ങിയത്. മാതാപിതാക്കൾ ഋഷികേശിലെ ഒരു യോഗാദ്ധ്യപക പരിശീലന കോഴ്‌സിൽ പങ്കെടുക്കാൻ പോയതാണ് ഇതിന് നിമിത്തമായത്.
തനിക്ക് യോഗ അദ്ധ്യാപന കോഴ്‌സിന് ചേരണമെന്ന് വാശി പിടിച്ച റെയാൻഷ് മാതാപിതാക്കളോടൊപ്പം ഇന്ത്യയിലെത്തി. കോഴ്‌സിനിടെ യോഗയുടെ പല വശങ്ങളും പഠിച്ചുവെന്ന് റെയാൻഷ് ഒരു യുട്യൂബ് ചാനലിനോട് പറഞ്ഞു. പരിശീലനം തനിക്ക് ശരീരഘടന, തത്ത്വചിന്ത, ആയുർവേദത്തിലെ പോഷകങ്ങൾ നിറഞ്ഞ വസ്തുതകൾ എന്നിവ പഠിപ്പിച്ചുവെന്ന് ഒൻപതുകാരൻ പറയുന്നു.
കൊവിഡ് മൂലമുള്ള നിയന്ത്രണങ്ങൾ കാരണം നിലവിൽ ചെറിയ രീതിയിലുള്ള സ്വകാര്യ യോഗ ക്ലാസുകളാണ് റെയാൻഷ് എടുക്കുന്നത്. ഒരു സെഷനിൽ 1015 വിദ്യാർത്ഥികളുടെ ഗ്രൂപ്പുകളെയാണ് പഠിപ്പിക്കുന്നത്. യോഗ പഠിപ്പിക്കുന്നത് സംതൃപ്തി നൽകുന്നുണ്ടെന്ന് റെയാൻഷ് വ്യക്തമാക്കി.