
തിരുവനന്തപുരം: പുസ്തകം എഴുതാൻ എം ശിവശങ്കർ മുൻകൂട്ടി അനുമതി തേടിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ രേഖാമൂലം അറിയിച്ചു. സ്വപ്ന സുരേഷിന്റെ ഭർത്താവിന് കെ ഫോൺ പദ്ധതിയുടെ ഭാഗമായി ജോലി നൽകിയിട്ടില്ലെന്ന കാര്യവും അദ്ദേഹം വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ആയിരുന്ന എം ശിവശങ്കർ 'അശ്വത്ഥാമാവ് വെറും ഒരു ആന' എന്ന പേരിൽ പുസ്തകം എഴുതിയത് വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു. പുസ്തകം എഴുതാൻ ശിവശങ്കർ അനുമതി തേടിയിരുന്നോ എന്ന് നജീബ് കാന്തപുരം എംഎൽഎ ചോദ്യം ഉന്നയിച്ചിരുന്നു. ഇതിന് രേഖാമൂലം നൽകിയ മറുപടിയിലാണ് അനുമതി ഇല്ലാതെയാണ് ശിവശങ്കർ പുസ്തകം എഴുതിയതെന്ന് മുഖ്യമന്ത്രി സഭയെ അറിയിച്ചത്.
ശിവശങ്കറിന്റെ പുസ്തകത്തിന്റെ അനുമതിയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മുമ്പ് വാർത്താസമ്മേളനങ്ങളിൽ മുഖ്യമന്ത്രി വ്യക്തമായ മറുപടി നൽകിയിരുന്നില്ല.