
ജോലികിട്ടാൻ പഠിച്ച് പി.എസ്.സി പരീക്ഷയും ഇന്റർവ്യൂ ഉണ്ടെങ്കിൽ അതും പാസ്സായാണ് ഉദ്യോഗാർത്ഥികൾ സർക്കാർ ജോലിയിൽ പ്രവേശിക്കുന്നത്.
എന്നാൽ കേരളത്തിൽ ഒരു വിഭാഗം പരീക്ഷയോ ഇന്റർവ്യൂവോ ഒന്നും പാസ്സാകാതെ കാര്യമായ യോഗ്യതപോലുമില്ലാതെ വലിയ ശമ്പളത്തിൽ മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിൽ കയറിപ്പറ്റുന്നു. ബന്ധപ്പെട്ട മന്ത്രിയുടെ പാർട്ടിക്കാരൻ ആണെന്നത് മാത്രമാണ് ഈ പിൻവാതിൽ നിയമനത്തിനുള്ള ഏകയോഗ്യത. എന്നാൽ ഇതല്ല പ്രശ്നം. രണ്ട് വർഷവും ഏതാനും ദിവസവും കഴിഞ്ഞാൽ ഇവർ മാറി പുതിയ ആൾക്കാർ വരുന്നു. ആദ്യം പേഴ്സണൽ സ്റ്റാഫായിരുന്നവർ അതിൽനിന്ന് പുറത്തായിക്കഴിഞ്ഞാൽ ആജീവനാന്തം പെൻഷൻ ലഭിക്കുന്നു. എത്ര മനോഹരമായ ആചാരമെന്ന് വിശേഷിപ്പിക്കാവുന്ന ഇത്തരമൊരു പെൻഷൻ സമ്പ്രദായം ഇന്ത്യ മഹാരാജ്യത്തെ വേറെ ഏതെങ്കിലും സംസ്ഥാനത്തോ കേന്ദ്ര സർക്കാരിലോ കേട്ടുകേൾവി പോലുമില്ലാത്തതാണ്. ഇടതുമുന്നണിയും വലതു മുന്നണിയും മാറിമാറി ഭരിക്കുന്ന കേരളത്തിൽ ഇരുമുന്നണിയിലും പെട്ട രാഷ്ട്രീയ കക്ഷികൾ ഗുണഭോക്താക്കളായതിനാൽ ഇത്രയും കടുത്ത അനീതിയ്‌ക്കെതിരെ രാഷ്ട്രീയക്കാരാരും ഇന്നുവരെ പ്രതികരിച്ചു കണ്ടിട്ടില്ല. എന്നാലിപ്പോൾ സംസ്ഥാന ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ അപ്രതീക്ഷിതമായി കുടത്തിൽ നിന്ന് തുറന്നുവിട്ട ഭൂതത്തെ തിരികെ കുടത്തിലേക്ക് കയറ്റാനാകാതെ രാഷ്ട്രീയകക്ഷി നേതാക്കൾ ഒന്നടങ്കം ഗവർണറെ പഴിക്കുകയാണ്. ഗവർണർ ഇതാദ്യമായല്ല സംസ്ഥാനത്തെ ഭരണകക്ഷിയുമായി ഇടയുന്നതും വാർത്താ താരമാകുന്നതും. അതൊക്കെ ഗവർണറുടെ രാഷ്ട്രീയം പറഞ്ഞ് ചായക്കോപ്പയിലെ കൊടുങ്കാറ്റ് പോലെ അവസാനിക്കുകയായിരുന്നു. എന്നാൽ പേഴ്സണൽ സ്റ്റാഫിന്റെ പെൻഷൻ വിഷയം അത്തരത്തിൽ അവസാനിക്കുമെന്ന് കരുതാനാകില്ല. കാരണം 35 ലക്ഷം അഭ്യസ്ഥവിദ്യരായ തൊഴിലന്വേഷകരുള്ള സംസ്ഥാനമാണ് കേരളം. ആദ്യ പിണറായി സർക്കാരിന്റെ തുടർച്ചയായ രണ്ടാം പിണറായി സർക്കാരും പി.എസ്.സി യെ നോക്കുകുത്തിയാക്കി പിൻവാതിൽ നിയമനങ്ങൾ നടത്തുന്നത് പലതും കോടതിയിലും വിവാദത്തിലുമാണ്. ഗവർണർ ഉന്നയിച്ച മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിന്റെ പെൻഷൻ വിഷയം കത്തിനിൽക്കുന്നതിനിടെ സംസ്ഥാനത്തെ നഗരസഭ, ജില്ലാപ്പഞ്ചായത്ത് അദ്ധ്യക്ഷന്മാർക്കും ഇഷ്ടാനുസരണം പി.എമാരെ നിയമിക്കാൻ സർക്കാർ അനുമതി നൽകിയിരിക്കുകയാണ്. അവിടെയും പാർട്ടിക്കാരാകും ഗുണഭോക്താക്കൾ.
പങ്കാളിത്ത പെൻഷൻ പോലും അവതാളത്തിൽ
ഒരു യോഗ്യതയുമില്ലാത്തവർ വെറുതെയിരുന്ന് ജീവിതാന്ത്യം വരെ പെൻഷൻ വാങ്ങുമ്പോൾ 20 മുതൽ 30 വർഷം വരെ പെൻഷൻ സ്കീമിലേക്ക് മാസാമാസം പണം അടച്ചവരെ ഇളിഭ്യരാക്കുന്ന മനുഷ്യത്വ രഹിതമായ നടപടികളും സംസ്ഥാനത്ത് അരങ്ങേറുന്നു. കേരള സംസ്ഥാന ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോർഡിലെ ജീവനക്കാർ വിരമിച്ചപ്പോൾ പെൻഷൻ ലഭിക്കാതെ കോടതിയിൽ പോയാണ് തുച്ഛമായ പെൻഷന് പോലും അർഹത നേടിയെടുത്തത്. പങ്കാളിത്ത പെൻഷൻ പ്രകാരം പണം ഈടാക്കിയെങ്കിലും പെൻഷൻ പദ്ധതിക്ക് സർക്കാർ ഇതുവരെ അംഗീകാരം നൽകിയിട്ടില്ല. വിരമിച്ച ആറ് പേർ പെൻഷൻ വാങ്ങാതെ നിര്യാതരായി. സൂപ്രണ്ട്, അക്കൗണ്ടന്റ് തസ്തികകളിൽ വിരമിച്ചവർക്ക് 5000 രൂപ വീതം നൽകാൻ കോടതി ഉത്തരവിട്ടത് 2008 ലാണ്. പിന്നീട് മനുഷ്യാവകാശ കമ്മിഷൻ ഇടപെട്ടാണ് ഇവർക്ക് 10,000 രൂപയും മറ്റു ജീവനക്കാർക്ക് 3000 മുതൽ 5000 രൂപവരെയും പെൻഷൻ നൽകാൻ നിർദ്ദേശിച്ചത്. ജീവനക്കാരിൽ നിന്ന് പെൻഷൻ വിഹിതമായി ഈടാക്കിയ 42 കോടി രൂപ സർക്കാരിന്റെ കൈവശമുള്ളപ്പോഴാണ് ഈ അവസ്ഥയെന്നാണ് ചുമട്ടു തൊഴിലാളി ക്ഷേമനിധി ബോർഡ് റിട്ട. എംപ്ളോയീസ് ഫോറം ജനറൽ സെക്രട്ടറി എം.അബ്ദുൽ നാസർ പറയുന്നത്.
വിരമിച്ച പത്രപ്രവർത്തകരുടെ പെൻഷൻ പോലും കൃത്യമായി നൽകുന്നില്ലെന്ന പരാതിയും ഉയരുന്നു. 25 മുതൽ 30 വർഷം വരെപെൻഷൻ സ്കീമിൽ പണം അടച്ച പത്രപ്രവർത്തകർക്ക് പ്രതിമാസം 10,000 രൂപ വീതമാണിപ്പോൾ പെൻഷൻ നൽകുന്നത്. ഈ മാസത്തെ അനിശ്ചിതത്വത്തിനൊടുവിൽ 15 നു ശേഷമാണ് പെൻഷൻ നൽകിയത്. ഒന്നാം പിണറായി സർക്കാരിന്റെ അവസാന ബഡ്ജറ്റിൽ വിരമിച്ച പത്രപ്രവർത്തകർക്ക് 1000 രൂപ പെൻഷൻ വർദ്ധിപ്പിച്ചതായി അന്നത്തെ ധനകാര്യമന്ത്രി ഡോ.തോമസ് ഐസക്ക് പ്രഖ്യാപിച്ചെങ്കിലും ഇന്നുവരെ അത് ലഭിച്ചിട്ടില്ല. പ്രതിമാസം 500 രൂപ വീതമാണ് മാദ്ധ്യമ പ്രവർത്തകർ പെൻഷൻ പദ്ധതിയിലേക്ക് പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ ഉൾപ്പെട്ടവർക്ക് പോലും കൃത്യമായി പെൻഷൻ ലഭിക്കാതിരിയ്ക്കെയാണ് പേഴ്സണൽ സ്റ്റാഫായിരുന്നവർ പെൻഷൻ വാങ്ങുന്നത്. ഈ അനീതിയാണ് ഗവർണർ ചൂണ്ടിക്കാട്ടിയത്. സർക്കാർ ജീവനക്കാർക്ക് പെൻഷൻ ലഭിക്കാൻ മിനിമം 10 വർഷത്തെ സർവീസ് വേണം. 30 വർഷം സർവീസുണ്ടെങ്കിൽ ഫുൾ പെൻഷനും അതിൽ കുറവാണെങ്കിൽ സർവീസ് കാലയളവനുസരിച്ചുള്ള പെൻഷനുമാണ് ലഭിക്കുക. ശമ്പള സ്കെയിലിൽ നിയമിക്കപ്പെടുന്നവർക്ക് സർക്കാർ വ്യവസ്ഥ പ്രകാരമുള്ള യോഗ്യതകളും നിർബന്ധമാണ്. ഇപ്പോൾ പുതുതായി സർക്കാർ സർവീസിൽ നിയമിക്കപ്പെടുന്നവർ പങ്കാളിത്ത പെൻഷൻ പരിധിയിലാണ്. ഇവർ പെൻഷനാകുമ്പോൾ ആശ്രിതർക്ക് പെൻഷന് അർഹതയുമില്ല.
ഗവർണർക്കുമുണ്ടല്ലോ
പേഴ്സണൽ സ്റ്റാഫ് !
മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെന്നപോലെ ഗവർണർക്കും പേഴ്സണൽ സ്റ്റാഫുകളുണ്ടല്ലോ എന്നുപറഞ്ഞാണ് ഭരണ, പ്രതിപക്ഷ കക്ഷികളിലെ നേതാക്കൾ ഇപ്പോൾ ഉറഞ്ഞുതുള്ളുന്നത്. എന്നാൽ ഗവർണർ ഉന്നയിച്ച വിഷയം പേഴ്സണൽ സ്റ്റാഫിന്റെ നിയമനമല്ല, മറിച്ച് അവർക്ക് അനർഹമായി പെൻഷൻ നൽകുന്നു എന്നതിനെക്കുറിച്ചാണ്. അതിന് മറുപടി പറയാതെ ഗവർണറുടെ രാഷ്ട്രീയവും മുൻ നിലപാടുകളുമൊക്കെ പറഞ്ഞ് വിഷയത്തിൽ നിന്ന് ശ്രദ്ധതിരിപ്പിക്കാനാണ് രാഷ്ട്രീയ കക്ഷികളുടെ ശ്രമം. 1994 ൽ കെ.കരുണാകരൻ മുഖ്യമന്ത്രിയായിരിയ്ക്കെ പുറത്തിറക്കിയ ചട്ട ഭേദഗതിപ്രകാരമാണ് പേഴ്സണൽ സ്റ്റാഫിന് പെൻഷൻ ലഭിക്കാൻ രണ്ട് വർഷവും ഒരു ദിവസവും സേവനം ചെയ്താൽ മതിയെന്ന നിയമം വന്നത്. ഇപ്പോൾ രണ്ട് വർഷം കഴിഞ്ഞ് പേഴ്സണൽ സ്റ്റാഫിനെ മാറ്റി നിയമിക്കുന്നില്ലെന്നാണ് പല മന്ത്രിമാരും പറയുന്നത്. എങ്കിൽ ഇങ്ങനെയൊരു ഭേദഗതി എന്തിനെന്ന ചോദ്യമാണ് പ്രസക്തമാകുന്നത്. മന്ത്രിമാർക്ക് പേഴ്സണൽ സ്റ്റാഫുകളെ നിയമിക്കുന്നത് അതത് രാഷ്ട്രീയ കക്ഷികളാണ്. ഇതിനായി പ്രമുഖ രാഷ്ട്രീയ കക്ഷികൾ പോലും കോഴ വാങ്ങിയാണ് നിയമനം തരപ്പെടുത്തുന്നതെന്ന ഗുരുതരമായ ആരോപണവും ഉയരുന്നുണ്ട്. കേരളത്തിലെ ജനങ്ങൾ നൽകുന്ന നികുതിപ്പണമാണ് ഇത്തരം നിയമനം ലഭിക്കുന്നവർക്ക് ശമ്പളവും ആനുകൂല്യങ്ങളും പിന്നെ പെൻഷനും നൽകാൻ വിനിയോഗിക്കുന്നതെന്നതാണ് ഗൗരവതരമായി കാണേണ്ട വസ്തുത.
പൂച്ചയ്ക്ക് മണി കെട്ടി, ഇനിയെന്ത് ?
പേഴ്സണൽ സ്റ്റാഫിന്റെ പെൻഷൻ വിഷയത്തിൽ 'പൂച്ചയ്ക്കാര് മണി കെട്ടും" എന്ന ചോദ്യത്തിനാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉത്തരം നൽകിയിരിക്കുന്നത്. ഗവർണർ ഉയർത്തിയ പ്രശ്നം മന്ത്രിസഭാ യോഗമോ നിയമസഭയോ ഒറ്റക്കെട്ടായി തള്ളിക്കളഞ്ഞേക്കാം. അങ്ങനെ സംഭവിക്കാനാണ് സാദ്ധ്യതകളേറെ. ഒരുമാസത്തിനകം താൻ ഇക്കാര്യത്തിൽ തീരുമാനം എടുക്കുമെന്ന് ഗവർണർ പ്രഖ്യാപിച്ചെങ്കിലും പേഴ്സണൽ സ്റ്റാഫിന്റെ പെൻഷൻ റദ്ദാക്കി ഉത്തരവിറക്കാൻ സ്വന്തം നിലയിൽ ഗവർണർക്ക് സാധിക്കുമോ എന്നത് സംശയമാണ്. എന്നാൽ ഇക്കാര്യത്തിൽ സി.എ.ജി ആഡിറ്റ് ഒബ്‌ജക്ഷൻ ഉന്നയിച്ചാൽ ആർക്കും ഇതിനെതിരെ കോടതിയിൽ കേസിന് പോകാം. പൊതുജന മദ്ധ്യത്തിൽ വിഷയം ചർച്ചയാക്കിയതിലൂടെ ഗവർണർ ലക്ഷ്യം നേടിക്കഴിഞ്ഞു. ഇനി ഇക്കാര്യത്തിൽ എന്ത് സംഭവിക്കുമെന്നാണ് ജനങ്ങൾക്കറിയേണ്ടത്.