
എൺപത്- തൊണ്ണൂറ് കാലഘട്ടത്തിൽ ബോളിവുഡ് ഭരിച്ചിരുന്ന പ്രേക്ഷകരുടെ പ്രിയ നടിയാണ് മീനാക്ഷി ശേഷാദ്രി. കരിയറിന്റെ ഏറ്റവും ഉയരത്തിൽ നിൽക്കുമ്പോഴായിരുന്നു താരത്തിന്റെ വിവാഹം. തുടർന്ന് സിനിമ ഉപേക്ഷിച്ച് ഭർത്താവിനൊപ്പം അമേരിക്കയിലേക്ക് ചേക്കേറിയത് നിരവധി ആരാധകരെ വിഷമത്തിലാക്കിയിരുന്നു. സമൂഹ മാദ്ധ്യമത്തിലൂടെ തന്റെ ഫോളോവേഴ്സുമായി സംവദിക്കാൻ മീനാക്ഷി പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. ഇപ്പോഴിതാ താരം തന്റെ പുതിയ രൂപം പങ്കുവെച്ചു.  ഷോർട്ട് ഹെയർസ്റ്റൈലിൽ നിൽക്കുന്ന മീനാക്ഷിയെ ആരാധകരെല്ലാം ഏറ്റെടുത്തിരിക്കുകയാണ്. 'പുതിയ ലുക്ക് " എന്നാണ് താരം ചിത്രത്തിന് അടിക്കുറിപ്പ് നൽകിയത്. നിരവധി ആരാധകരാണ് ചിത്രത്തിൽ കമന്റുമായി എത്തിയത്. 'നിങ്ങളുടെ ആന്ധി തൂഫാൻ എന്ന സിനിമയും അതിലെ ഷോർട്ട് ഹെയർസ്റ്റൈലും ഓർമ്മപ്പെടുത്തി" എന്ന് ഒരാൾ കുറിച്ചു. മിഥുൻ ചക്രവർത്തി, ശത്രുഘ്നൻ സിൻഹ, ഹേമ മാലിനി, ശശി കപൂർ, ഡാനി ഡെൻസോംഗ്പ എന്നിവരെല്ലാം ചേർന്ന് അഭിനയിച്ച്, 1985 ൽ പുറത്തിറങ്ങിയ ചിത്രമാണ് ആന്ധി തൂഫാൻ. 
അതേസമയം താൻ തിരിച്ചുവരവിന് തയ്യാറെടുക്കുകയാണെന്ന് കുറച്ചുനാൾ മുമ്പ് മീനാക്ഷി അറിയിച്ചിരുന്നു. അഭിനയിക്കുന്നതിൽ മാത്രമല്ല, സിനിമയും വെബ്സീരീസും നിർമ്മിക്കാനും തനിക്ക് താത്പര്യമുണ്ടെന്ന് താരം പറഞ്ഞിരുന്നു. ഭർത്താവ് ഹരീഷ് മൈസൂരിനും കെൻഡ്രയ്ക്കും ജോഷിനും ഒപ്പം അമേരിക്കയിലെ ടെക്സാസിലാണ് മീനാക്ഷിയുടെ സ്ഥിരതാമസം ഒരുകാലത്ത് അഭിനയത്തിലൂടെ തിളങ്ങിയ മീനാക്ഷിയുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകർ.