
തിരുവനന്തപുരം: എഞ്ചിനിയിറിംഗ് കോളേജിലെ പൂർവ വിദ്യാർത്ഥി കൂട്ടായ്‌മ സീറ്റയുടെ നേതൃത്വത്തിൽ ഫെബ്രുവരി 26 ശനിയാഴ്‌ച സ്വരലഹരി എന്ന പേരിൽ സംഗീത വിരുന്ന് സംഘടിപ്പിക്കും. പ്രശസ്‌ത സംഗീത സംവിധായകനായ എം ജയചന്ദ്രനാണ് പരിപാടി ഉദ്ഘാടനം ചെയ്യുന്നത്. 1955 മുതൽ 2021 വരെ പഠിച്ചിറങ്ങിയവർ ഓൺലൈൻ വഴി പരിപാടിയിൽ പങ്കെടുക്കും.
അമേരിക്ക, ജപ്പാൻ, ഇന്തോനേഷ്യ, ബ്രിട്ടൻ തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ താമസിക്കുന്ന പൂർവവിദ്യാർത്ഥികൾ ഈ സംഗീത വിരുന്നിൽ അണിനിരക്കും. മുന്നൂറോളം പേർ പാട്ടുകൾ പാടും. മലയാളം, തമിഴ്, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളിലുള്ള പതിന്നാല് ദേശഭക്തി ഗാനങ്ങളാണ് ഈ സംഗീതവിരുന്നിൽ കോർത്തിണക്കിയിരിക്കുന്നത്. ഗിന്നസ് റെക്കോഡ് ലക്ഷ്യം വച്ചുകൊണ്ടു കൂടിയാണ് ഇങ്ങനെയൊരു മത്സരം സംഘടിപ്പിക്കുന്നതെന്ന് അണിയറ പ്രവർത്തകർ വ്യക്തമാക്കി.
'കൊവിഡ് കാലത്ത് പല നാടുകളിലായി അകന്നിരിക്കുമ്പോഴും മനസുകൾ കൊണ്ട് അടുത്താണെന്ന് ബോദ്ധ്യപ്പെടുത്താനുള്ള ഒരു ശ്രമമാണിത്. പതിന്നാല് പാട്ടുകളിലായി മുന്നൂറോളം പേർ ഒന്നിക്കുന്നുവെന്നത് ഒരു നേട്ടമല്ലേ. അങ്ങനെയാണ് ഗിന്നസ് റെക്കാഡിന് അപേക്ഷിച്ചത്. ദുബായിൽ നിന്നായിരിക്കും ഗിന്നസ് റെക്കോഡിന്റെ പ്രവർത്തകർ പങ്കെടുക്കുക. " പരിപാടിയുടെ സംഘാടകൻ പ്രേമചന്ദ്ര ഭാസ് പറഞ്ഞു.