
സ്നേഹം ചിലപ്പോൾ തടവറയായി മാറും. വിശാല ചിന്തകളുടെ വെളിച്ചം കടക്കാത്ത തടവറകൾ. ആ തടവറയിൽ സ്വയം ശിക്ഷയേറ്റു വാങ്ങി നീറിനീറിയൊടുങ്ങുന്ന എത്രയോ ജീവിതങ്ങൾ. കൃഷി ശാസ്ത്രജ്ഞനായ ഡോ. ഗോപകുമാർ സ്നേഹിച്ച് വിവാഹം കഴിച്ചെത്തിയ യുവ മിഥുനങ്ങളോട് പറഞ്ഞവാക്കുകൾ കേട്ട് ഇരുവരും അമ്പരന്നു. അത് മനസിലാക്കിയിട്ടാകാം ഗോപകുമാർ അല്പം കൂടി വിശദീകരിച്ചു. രണ്ട് വീട്ടിലെ അച്ഛനമ്മമാരിൽ പിറന്ന രണ്ട് ജീനുകളുടെ ഉടമകളാണ് നിങ്ങൾ. രണ്ടു കുതിരകളെ ഒരേസമയം ഒറ്റയടിപ്പാതയിലൂടെ നടത്തുന്നപോലെ ശ്രമകരമാണ് ഇനിയുള്ള ജീവിതം. അതു മനസിലാക്കിയാൽ ആനന്ദത്തിന്റെ എളുപ്പവഴിയായി.
ജനറ്റിക്സിൽ ഗവേഷണം നടത്തിയ ഡോ. ഗോപകുമാറിന്, ഫിസിക്സും സുവോളജിയും പ്രിയപ്പെട്ട വിഷയങ്ങൾ. ഓരോ വ്യക്തിയുടെയും ഓരോ കോശത്തിലെയും ക്രോമസോം രഹസ്യങ്ങൾ വലിച്ചു നീട്ടിയാൽ കിലോ മീറ്ററുകളുടെ നീളം വരും. ഒരു വ്യക്തി നന്നായി പെരുമാറുമ്പോഴും അകാരണമായി കോപിക്കുമ്പോഴും ഈ സത്യം മനസിലാക്കണം. അങ്ങനെയായാൽ സൗന്ദര്യപ്പിണക്കവും കൈയ്യാങ്കളിയും ഒഴിവാക്കാം. വലിയ പിടിയില്ലാത്ത കാര്യമാണെങ്കിലും ഗോപകുമാറിന്റെ ലളിതമായ വാക്കുകൾ നവദമ്പതികളിൽ ഉത്സാഹം ജനിപ്പിച്ചു.
സ്നേഹം തടവറയാകുന്നതെങ്ങനെയെന്ന് പെൺകുട്ടിയാണ് സംശയം പ്രകടിപ്പിച്ചത്. ഉറ്റ ഒരു സുഹൃത്തിന്റെ ജീവിതമാണ് അദ്ദേഹം ഉദാഹരിച്ചത്. ഡോ. മണിക്ക് അച്ഛനോട് വലിയ സ്നേഹവും ആരാധനയുമാണ്. രണ്ടും അന്ധമായ നിലയിലുള്ളത്. നല്ല ജോലി കിട്ടി വർഷങ്ങളായിട്ടും സുഹൃത്തുക്കളല്ലാതെ വീട്ടുകാർ വിവാഹക്കാര്യം മിണ്ടുന്നില്ല. ചില ബന്ധുക്കൾ നല്ല ആലോചനകളുമായി വന്നെങ്കിലും അച്ഛന് പിടിക്കില്ല. മലയോര പ്രദേശത്തുനിന്നുള്ള ആലോചനയാണെങ്കിൽ സമതലമല്ലേ നല്ലത് എന്നാകും. കടൽ സമീപമുള്ള ദേശങ്ങളും പിടിക്കില്ല. സംസ്ഥാനസർക്കാർ ജോലിയുള്ള പെണ്ണാണെങ്കിൽ കേന്ദ്രഗവൺമെന്റ് ജോലിയായിരുന്നെങ്കിൽ എന്നാവും. അടുത്തുള്ള സ്ഥലമാണെങ്കിൽ കുറച്ച് ദൂരെ വേണം എങ്കിലേ ബഹുമാനമുണ്ടാകൂ എന്നായിരിക്കും ന്യായം. പലപ്പോഴും അച്ഛൻ പറയുന്നത് ശരിയല്ലെന്നറിയാമെങ്കിലും അതിനെ എതിർക്കാനുള്ള ത്രാണിയില്ല. സ്നേഹത്തിന്റെ തടവറയിൽ നിശബ്ദ ജീവിയായി കഴിയുന്നതിനിടെ വർഷങ്ങൾ കഴിഞ്ഞു. പ്രായം നാല്പതോടടുത്തപ്പോൾ ഡോ. ഗോപകുമാർ ഒരു ബന്ധുവിന്റെ ആലോചനയുമായി ഡോ. മണിയുടെ അച്ഛനെ സമീപിച്ചു. പെണ്ണ് ഹൈസ്കൂൾ അദ്ധ്യാപിക. കാണാനും കൊള്ളാം. തൊട്ടടുത്ത താലൂക്ക്. കുടുംബക്കാരും മര്യാദക്കാർ. ഇതെങ്കിലും നടക്കുമെന്ന ശുഭാപ്തിവിശ്വാസം ഡോ.മണിയുടെ മുഖത്തുമുണ്ടായിരുന്നു. പക്ഷേ,അച്ഛൻ പുഞ്ചിരിയോടെ ചെറിയൊരു തടസവാദമേ പ്രകടിപ്പിച്ചുള്ളൂ. ആ കുട്ടിക്ക് അടുത്തുള്ള ഒരു പയ്യനല്ലേ നല്ലത്. എന്താണ് അങ്ങനെ പറഞ്ഞതെന്ന് ഡോ. ഗോപകുമാറിന് മനസിലായില്ല. അച്ഛന്റെ ചേതോവികാരത്തെപ്പറ്റി ഡോ. മണിയും സംസാരിച്ചതേയില്ല. അവിവാഹിതനായ മകന്റെ മടിയിൽ തലവച്ചാണ് അച്ഛൻ മരിച്ചത്.
അതു കഴിഞ്ഞ് വളരെ നാൾ കഴിഞ്ഞാണ് ഡോ. മണി പശ്ചാത്താപം പോലെ ഒരു വാചകം പറഞ്ഞത്. നെല്ല് പുഴുങ്ങി കുത്തിയെടുക്കണം. ഉമിയും കല്ലും കളയണം. പിന്നെ നന്നായി വേവിച്ചെടുക്കണം. അതല്ലേ ചോറ്. എത്ര സ്നേഹമുള്ളവർ വച്ചുനീട്ടിയാലും നെല്ല് അരിയാക്കും പോലെ ഉപദേശങ്ങളെയും ആ രീതിയിലാക്കി ഉപയോഗിക്കണം. അല്ലെങ്കിൽ വിലപ്പെട്ട ജീവിതം കൊടുത്ത് തടവറ വിലയ്ക്കു വാങ്ങുംപോലെയാകും.
(ഫോൺ : 9946108220)