
വെള്ളിലകളുടെ കാട് എന്നാണ് വെള്ളിലക്കാടിന്റെ അർത്ഥം. മലപ്പുറം തിരൂരങ്ങാടിയിലെ  ഈ ഗ്രാമത്തിൽ അക്ഷരത്തിരി നീട്ടി മണ്ണിലും മനസുകളിലും പൂത്തിരി കത്തിച്ച്, ഇവിടെ ഒരാൾ വീൽചെയറിൽ ഇരിക്കുന്നുണ്ട്, കരിവേപ്പിൽ റാബിയ. സമർപ്പണ ജീവിതത്തെ സേവനത്തിന്റെ പട്ടുനൂലിൽ കൊരുത്ത് പദ്മശ്രീയിലേക്ക് പറത്തിയ സ്ത്രീശക്തി; വെള്ളിലക്കാടിന്റെ വെളിച്ചം. നടക്കാൻ വയ്യാതായാൽ തളർന്നിരിക്കാൻ പ്രേരിപ്പിക്കുന്ന മനസിന് അടിയറവു പറയാതെ, ആരുടെയും സഹാതാപത്തിന് കാത്തുനിൽക്കാതെ പ്രകൃതിയുടെ ചലനത്തെ ആത്മാവിൽ ആവാഹിച്ച് പരീക്ഷകളിലും പരീക്ഷണങ്ങളിലും ജയിച്ചവൾ. ആറ് പെൺമക്കളുള്ള കുടുംബത്തിൽ ജൻമനാ ശാരീരിക വെല്ലുവിളിയുമായി പിറന്നിട്ടും പൊരുതി ജയിച്ച പെൺകരുത്തിന്റെ പേരാകുന്നു,റാബിയ.
അക്ഷരങ്ങൾ  നീട്ടിയ ഊന്നുവടി
1966 ഫെബ്രുവരി 25. മൂസക്കുട്ടി ഹാജിയുടെയും ബിയ്യാച്ചുട്ടി ഹജ്ജുമ്മയുടെയും രണ്ടാമത്തെ മകളായി ജനിച്ചു. നടക്കാൻ പ്രയാസമുണ്ടായിട്ടും  പഠനം  മുടക്കിയില്ല. മുടന്തിയും വേദന തിന്നും അക്ഷരങ്ങളുമായി കൂട്ടായി, കുഞ്ഞുറാബിയ. ചന്തപ്പടി ജി.എൽ.പി, തിരൂരങ്ങാടി ഗവ. ഹൈസ്കൂൾ എന്നിവിടങ്ങളിൽ പഠിച്ചു. ഒൻപതിലെത്തിയപ്പോൾ റാബിയയുടെ ചെറു ചലനങ്ങൾക്ക് വലിയ വെല്ലുവിളി ഉയർത്തി പോളിയോ പിടിപെട്ടു. ശോഷിച്ച കാലുകൾക്ക് അരയ്ക്കു മുകളിലെ ശരീരത്തിന്റെ ഭാരം താങ്ങാനായില്ല. കിടന്നുപോകുമായിരുന്ന സ്ഥിതിയിൽ നിന്നും  ഉയിർപ്പിന്റെ  കഥ പറയാൻ  ആ പെൺകുട്ടി എഴുന്നേറ്റു. അത് വെള്ളിലക്കാടിന്റെ തന്നെ ഉയിർപ്പായിരുന്നു.
പിതാവിന്റെ അനുജൻ അബ്ദുറഹ്മാൻ കുട്ടി റാബിയയെക്കാൾ രണ്ട് വയസ് താഴെയാണ്. റാബിയ പത്തിൽ പഠിക്കുമ്പോൾ അബ്ദുറഹ്മാൻ എട്ടിലായിരുന്നു. സൈക്കിളോടിക്കുന്നതിൽ കമ്പക്കാരൻ. നടക്കാൻ വയ്യാതായെങ്കിലും പഠിപ്പു മുടക്കാൻ റാബിയ തയ്യാറായില്ല. അതിനൊരു വഴി കണ്ടെത്തി. വീട്ടുകാരോട് പറഞ്ഞ് അബ്ദുറഹ്മാൻ കുട്ടിക്ക് സൈക്കിൾ വാങ്ങിക്കൊടുത്തു. റാബിയയെ രാവിലെ സ്കൂളിലാക്കണം. വൈകിട്ട് തിരിച്ചു കൊണ്ടുവരണം, ഇതായിരുന്നു വ്യവസ്ഥ. പകരം അബ്ദുറഹ്മാൻ കുട്ടിക്ക് സൈക്കിളിൽ കറങ്ങാം. അങ്ങനെ സ്കൂൾപഠനം പൂർത്തിയാക്കി. പ്രീഡിഗ്രിക്ക് ചേർന്നപ്പോൾ ഓട്ടോയിലേക്ക് യാത്ര മാറ്റി.
കയ്യിൽ കിട്ടിയതെന്തും വായിക്കുന്ന റാബിയ, ശക്തിയിലേക്ക് കുതികൊണ്ട ഹെലൻ കെല്ലർ, സ്റ്റീഫൻ ഹോക്കിംഗ്സ്, ത്വാഹ ഹുസൈൻ, ജോൺ മിൽട്ടൺ, ബിഥോവൻ തുടങ്ങിയവരുടെ ജീവിതകഥകളിൽ പ്രചോദിതയായി. അന്യജീവനുതകി സ്വജീവിതം ധന്യമാക്കുന്നതിന്റെ സുഖം സങ്കൽപ്പിച്ചു. ഇരുന്നു ചെയ്യാവുന്ന ജോലി തിരഞ്ഞെടുക്കാൻ തീരുമാനിച്ചു. അങ്ങനെയിരിക്കെയാണ് സാക്ഷരതാ പ്രവർത്തനം തുടങ്ങിയത്. മുതിർന്ന നിരക്ഷരരെ വിളിച്ചിരുത്തി അക്ഷരമാല പഠിപ്പിച്ചു. അവരുടെ ഉള്ളിൽ വെളിച്ചത്തിന്റെ ഉറവ പൊട്ടി. പഠിതാക്കളുടെ എണ്ണം കൂടി. റാബിയയുടെ വീട്ടിലിരുന്ന് എട്ടു വയസുകാർക്കൊപ്പം എൺപതിലെത്തിയവരും അക്ഷരം പഠിക്കുന്ന കാഴ്ച, റാബിയയെപ്പറ്റി കേട്ടറിഞ്ഞെത്തിയ ഉദ്യോഗസ്ഥരിൽ അത്ഭുതമുണ്ടാക്കി. അവരോട് റാബിയ പറഞ്ഞു. ''വെള്ളിലക്കാട്ടിൽ വെള്ളവും വെളിച്ചവും വൈദ്യതിയും ഫോണും റോഡുമില്ല, സാർ..."" റാബിയുടെ  വാക്കുകളെ മാനിച്ച്  കളക്ടർ  ഉൾപ്പെടെയുള്ളവർ ഇടപെട്ട് വെള്ളിലക്കാടിന്  അടിസ്ഥാന സൗകര്യമൊരുക്കി. ഒന്നര കിലോമീറ്റർ റോഡ്  'അക്ഷര റോഡ്" ആയി. വെള്ളിലക്കാട്ടിൽ വെളിച്ചം പരന്നു.

പരീക്ഷകൾ, പരീക്ഷണങ്ങൾ
പ്രതിസന്ധികൾ പിന്നെയും പിന്നെയും റാബിയയെ പരീക്ഷിച്ചുകൊണ്ടിരുന്നു. 1999ൽ കാൻസറിന്റെ ലക്ഷണങ്ങൾ കണ്ടു. വിശ്വാസത്തിലൂന്നിയ മനക്കരുത്തിൽ തളർന്നില്ല. തൃശൂർ അമല ആശുപത്രിയിൽ ഒന്നിടവിട്ടുള്ള മാസങ്ങളിൽ കീമോ തുടർന്നു. ശസ്ത്രക്രിയ നടത്തി. നാട്ടുകാരുടെയും താൻ അക്ഷരവെളിച്ചം പകർന്നവരുടെയും അനുഗ്രഹവും പ്രാർത്ഥനയും ഫലിച്ചു. ആറു മാസത്തെ പരീക്ഷണത്തിൽ റാബിയ ജയിച്ചു. ഒരു കൈകൊണ്ട് തലോടുമ്പോൾ മറു കൈ കൊണ്ട് പ്രഹരിക്കാൻ അപ്പോഴും വിധിയെത്തി. ബാത്ത് റൂമിൽ കാൽതെന്നി വീണ് നട്ടെല്ല് പൊട്ടി. കശേരുക്കൾ തകർന്നു. സുഷുമ്നയെ ബാധിച്ച വീഴ്ചയെത്തുടർന്ന് കിടപ്പിലായി. കാൻസറിന്റെ ക്ഷീണം മാറും മുമ്പാണ് മറ്റൊരു ആഘാതം. ഒരേ കിടപ്പ് ദഹനപ്രശ്നങ്ങളുണ്ടാക്കി. ശ്വാസകോശം, കുടൽ, കരൾ തുടങ്ങിയ ആന്തരികാവയവങ്ങൾ റാബിയയോട് പിണങ്ങി. സഹോദരിമാരും സുഹൃത്തുക്കളുമായിരുന്നു മാലാഖമാരെപ്പോലെ അരികിലുണ്ടായത്. അവരുടെ സ്നേഹ വാത്സല്യത്തിൽ അക്കാലവും കടന്നുപോയി.
ചലനം... ചലനം... ചലനം...
കിടപ്പും ഇരിപ്പും തുടർന്നപ്പോഴും ചലനത്തെപ്പറ്റി റാബിയ കിനാവ് കണ്ടു. ചലനം എന്നായിരുന്നു അവരുടെ ഇഷ്ടവാക്ക്. പലരും റാബിയക്ക് കത്തെഴുതി. ശാരീരിക വെല്ലുവിളിയുള്ളവർക്കായി ചില ചലനങ്ങൾ വേണമെന്ന്. ആഗ്രഹമുണ്ടെങ്കിലും എങ്ങനെ മുന്നിട്ടിറങ്ങുമെന്ന ചോദ്യം റാബിയയെ അലട്ടി. അങ്ങനെയിരിക്കെയാണ് ഈ രംഗത്ത് പ്രവർത്തിക്കുന്ന 'ശേഷി" സംഘടനയുടെ കോ ഓർഡിനേറ്റർ  ജോസ്  നാഞ്ഞിലത്തിനെ പരിചപ്പെട്ടത്. സഹോദരതുല്യനായ ജോസുമായി ചേർന്ന് 1994 ജൂണിൽ 'ചലനം" സൊസൈറ്റി രൂപീകരിച്ചു. ഭിന്നശേഷിക്കാരായ കുട്ടികളുടെ സർവേ നടത്തി പ്രശ്നത്തിന്റെ സ്വാഭാവവും ഗൗരവവും പഠിച്ചു. വേങ്ങര പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്ന എൻ.ടി നാസർ സൗജന്യമായി  നൽകിയ കെട്ടിടത്തിൽ  'ചലനം സ്കൂൾ" തുടങ്ങി. ബധിരും മൂകരുമുൾപ്പെടെ 56 കുട്ടികൾ തുടക്കത്തിൽ പഠിക്കാനെത്തി. പഠനത്തോടൊപ്പം ജീവിക്കാൻ പരിശീലിപ്പിച്ചു. അവരുടെ ആന്തരിക ചോദനകൾ മനസിലാക്കി ഫിസിക്കൽ, ആർട്ട്, സ്പീച്ച്, ഒക്കുപ്പേഷണൽ, ക്രിയേറ്റിവിറ്റി തെറാപ്പികൾ നൽകി. തിരുവനന്തപുരത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെന്റലി റിട്ടാർഡഡിലെ പരിശീലകരാണ് ക്ലാസെടുത്തത്. ലഭ്യമായ ശാസ്ത്രീയ ബോധനമാർഗങ്ങൾ അവലംബിച്ചു. വേങ്ങര സ്കൂളിന്റെ വിജയത്തെത്തുടർന്ന് മലപ്പുറം ജില്ലയിലും പുറത്തും ചലനം പ്രയാണം നടത്തി. കുടുംബാധിഷ്ഠിത പുനരധിവാസം, ആരോഗ്യ ബോധവത്കരണം, ഹെൽത്ത്, കൗൺസലിംഗ്, റീഡിംഗ് പ്രൊമോഷൻ ക്ലബുകൾ, തുടർവിദ്യാഭ്യാസ പദ്ധതി, കലാവേദി, നിക്ഷേപ പദ്ധതി, രക്തദാനസേന, മോറൽ സ്കൂളുകൾ എന്നിവ തുടങ്ങി. സാക്ഷരതയിൽ തുടങ്ങിയ പ്രവർത്തനങ്ങൾ പതുക്കെ നാടിന്റെ വികസനത്തിലേക്ക് വഴിമാറി.
സാക്ഷ തുറന്ന സാക്ഷരത
സ്ത്രീകളില്ലാതെ ഒരു വികസനവും പൂർണമാകില്ലെന്ന തിരിച്ചറിവ്  റാബിയക്കുണ്ടായിരുന്നു. അവരാണ് വികസനത്തിന്റെ  അടിസ്ഥാനം. തുടർന്ന് നവസാക്ഷര മഹിളാസമാജമുണ്ടാക്കി. ഗ്രാമീണ വനിതകളുടെ വിദ്യാഭ്യാസം, ആരോഗ്യം, ജീവിതം, സാമ്പത്തിക സ്ഥിതി എന്നിവ മെച്ചപ്പെടുത്തുകയായിരുന്നു ലക്ഷ്യം. വെള്ളിലക്കാട്ടിലെ റാബിയയുടെ വീട്ടിലേക്ക് അടുത്ത ഗ്രാമത്തിൽ നിന്ന് സ്ത്രീകളെത്തി. അക്ഷരസംഘങ്ങൾ തുടങ്ങി. റാബിയയുടെ വീട് ജനവിദ്യാകേന്ദ്രമായി. മൂന്ന് ഇൻസ്ട്രക്ടർമാരുള്ള ആറ് സാക്ഷരതാ കേന്ദ്രങ്ങൾ അടങ്ങിയതായിരുന്നു വെള്ളിലക്കാട് അക്ഷരസംഘം.
സാക്ഷരത എന്നാൽ അക്ഷരം പഠിക്കൽ മാത്രമല്ലെന്നും സമൂഹത്തിന്റെ സമഗ്രപുരോഗതിയിലേക്കുള്ള സാക്ഷ തുറക്കലാണെന്നും റാബിയ കാണിച്ചുകൊടുത്തു. വനിതകൾക്കായി  സർക്കാർ പദ്ധതികൾ പ്രയോജനപ്പെടുത്തി. കുടുംബശ്രീ തുടങ്ങും മുമ്പേ അയൽക്കൂട്ടങ്ങൾ വഴി കുടിൽവ്യവസായങ്ങൾ തുടങ്ങി. അടുക്കളത്തോട്ടം, തേനീച്ച വളർത്തൽ, സ്ക്രീൻ പ്രിന്റിംഗ്, എംബ്രോയ്ഡറി, വസ്ത്ര, മൺപാത്ര, കവർനിർമ്മാണം, മീൻവളർത്തൽ തുടങ്ങിയവയിൽ പരിശീലനം നൽകി. എല്ലാ സംഘങ്ങളിലും വായനയും പുസ്തക ചർച്ചയുമായി അക്ഷരബന്ധം തുടർന്നു. വെള്ളിലക്കാട്ടിൽ ഒരു നിശബ്ദവിപ്ലവം അരങ്ങേറുകയായിരുന്നു. നിരക്ഷരതയിൽ നിന്നും ദാരിദ്ര്യത്തിൽ നിന്നും തങ്ങൾക്ക് കഴിയുന്ന രീതിയിലുള്ള ഒരു ചെറു ഗ്രാമത്തിന്റെ ഉയിർപ്പ്.
മതം = സ്നേഹം
സ്നേഹം, സഹനം, ക്ഷമ തുടങ്ങിയ സദ്ഗുണങ്ങളാണ് റാബിയയുടെ മതം. മനസിൽ നന്മയുടെ മുല്ലപ്പൂക്കൾ വിരിയിക്കുന്ന പ്രവർത്തനമാണ് അത്. റാബിയയുടെ സേവനജീവിതത്തിന് കൂട്ടായി ഭർത്താവ് മലപ്പുറം മോങ്ങം സ്വദേശി ബംഗാളത്ത് മുഹമ്മദുമുണ്ട്. ഇരുളിൽ നിന്ന് ഒരു ചന്ദ്രക്കല ഉയർന്നുവരുമെന്ന് എപ്പോഴും വിശ്വസിച്ച റാബിയയെ തേടി നിരവധി പുരസ്കാരങ്ങളും അംഗീകാരങ്ങളുമെത്തി. 
നാഷണൽ യൂത്ത് അവാർഡ്, സാക്ഷരതാമിഷൻ പുരസ്കാരം, കണ്ണകി സ്ത്രീശക്തി, ബജാജ്, അവാർഡുകൾ, യു.എൻ ഇന്റർനാഷണൽ അവാർഡ്... കോഴിക്കോട് ലിപി ബുക്സ് പുറത്തിറക്കിയ 'സ്വപ്നങ്ങൾക്ക് ചിറകുകളുണ്ട്" എന്ന റാബിയയുടെ ആത്മകഥ പാഠ്യപദ്ധതിയിലുമുണ്ട്. ഇരുൾ നീക്കി പുറത്തുവന്നത് ചന്ദ്രക്കലയല്ല, പൗർണ്ണമി തന്നെയായിരുന്നു.
(ലേഖകന്റെ ഫോൺ: 9946108346)