girl

കൊച്ചി: ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച രണ്ടര വയസുകാരിയ്‌ക്ക് എങ്ങനെയാണ് അപകടമുണ്ടായതെന്ന കാര്യത്തിൽ ദുരൂഹത ഇനിയും തീർന്നിട്ടില്ല. കുട്ടിയുടെ അമ്മയും അമ്മൂമ്മയും പറയുന്നതിലെ പൊരുത്തക്കേടുകളാണ് ഇപ്പോഴും സംഭവത്തിൽ അവ്യക്തത തുടരാനുള്ള കാരണം.

കുട്ടി ഹൈപ്പർ ആക്‌ടീവ് ആണെന്നും മുകളിൽ നിന്നും വീണതായിരിക്കുമെന്നുമാണ് ആദ്യം അമ്മ പറഞ്ഞത്. പൊലീസെത്തി ചോദ്യം ചെയ്തതോടെ കുട്ടിയുടെ ദേഹത്ത് ചിപ്പുണ്ടെന്നും വിവരങ്ങൾ ആരൊക്കെയോ ചോർത്തുന്നുണ്ടെന്നും മുറിവുകൾ സ്വയമുണ്ടാക്കിയതാണെന്നും അമ്മ പറഞ്ഞു.

കുട്ടിയെ ആരോ ഉപദ്രവിച്ചെന്ന തരത്തിലാണ് അമ്മൂമ്മ പറയുന്നത്. ഇരുവരും മാനസിക വിഭ്രാന്തിയുള്ളതുപോലെയാണ് പെരുമാറുന്നതെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ എച്ച് നാഗരാജു വ്യക്തമാക്കി.

അതേസമയം,​ കുട്ടിയുടെ സംരക്ഷാണവകാശം വേണമെന്ന് ആവശ്യപ്പെട്ട് പിതാവ് ആശുപത്രിയിലെത്തി. തന്റെ മകൾ സാധാരണ കുട്ടിയാണെന്നും അമ്മ പറയുന്നത് മുഴുവൻ കളവാണെന്നും ഏഴ് മാസം മുമ്പാണ് കുഞ്ഞിനെയും കൂട്ടി ഭാര്യ പിണങ്ങി പോയതെന്നും പിതാവ് പറഞ്ഞു.

രണ്ടാം ദിവസവും വെന്റിലേറ്ററിൽ തുടരുകയാണ് കുട്ടി. ശരീരത്തിന്റെ പലഭാഗത്തും രക്തം കട്ടപിടിച്ച അവസ്ഥയാണ്. ഇടതു കൈ രണ്ടിടത്ത് ഒടിഞ്ഞിട്ടുണ്ട്. ഒരു മാസം പഴക്കമുള്ള മുറിവുകളും ഒരു ദിവസത്തെ മാത്രം പഴക്കമുള്ള മുറിവുകളും കുട്ടിയുടെ ദേഹത്തുണ്ട്. പൊള്ളലേറ്റതിന്റെ പാടും ഉണ്ട്. കുഞ്ഞിന്റെ ആരോഗ്യ സ്ഥിതിയിൽ നേരിയ പുരോഗതിയുള്ളതായി ആശുപത്രി അധികൃതർ അറിയിച്ചു.