
 $100 കടക്കാൻ ക്രൂഡോയിൽ
കൊച്ചി: കിഴക്കൻ യുക്രെയിനിലേക്ക് റഷ്യൻപട കടന്നുകയറുകയും, യൂറോപ്പിന്റെ ആകാശത്ത് യുദ്ധഭീതിയുടെ കരിനിഴൽ പരക്കുകയും ചെയ്തതോടെ ക്രൂഡോയിൽ വില എട്ടു വർഷത്തെ ഉയരത്തിലേക്കു കുതിച്ചു. ഡബ്ള‌്യു.ടി.ഐ (വെസ്റ്റ് ടെക്സാസ് ഇന്റർമീഡിയറ്റ്) ക്രൂഡ് വില ഇന്നലെ ബാരലിന് 4.74 ഡോളർ ഉയർന്ന് 95.81 ഡോളറായി. ബ്രെന്റ് ക്രൂഡ് വില 3.66 ഡോളർ വർദ്ധിച്ച് 99.05 ഡോളറിലുമെത്തി. 2014 സെപ്‌തംബറിനു ശേഷമുള്ള കൂടിയ ഉയരമാണിത്. ലണ്ടനിലെ എസ് ആൻഡ് പി ഗ്ളോബൽ കമ്മോഡിറ്റി വിപണിയിൽ ഇന്നലെ ബ്രെന്റ് വില 100.8 ഡോളർ വരെ എത്തിയെങ്കിലും 99 നിലവാരത്തിലേക്ക് തിരിച്ചിറങ്ങി.
യുദ്ധപശ്ചാത്തലത്തിൽ എണ്ണവിതരണം തടസ്സപ്പെടുമെന്ന ഭീതിയാണ് വിലക്കുതിപ്പുണ്ടാക്കുന്നത്. ലോകത്തെ രണ്ടാമത്തെ വലിയ എണ്ണക്കയറ്റുമതി രാജ്യമാണ് റഷ്യ. യൂറോപ്പിലേക്കുള്ള ക്രൂഡ്, പ്രകൃതിവാതക കയറ്റുമതിയുടെ 50 ശതമാനവും റഷ്യയിൽ നിന്നാണ്. റഷ്യയ്ക്കു മേൽ സാമ്പത്തിക ഉപരോധം ഏർപ്പെടുത്താനുള്ള നീക്കങ്ങളും വിലക്കയറ്റത്തിന് ആക്കം കൂട്ടുന്നു.
വിദൂരമല്ല
പുതിയ ഉയരം
ക്രൂഡ് വില ഏതു നിമിഷവും ബാരലിന് 100 ഡോളർ കടക്കും. 2008-ലെ 147 ഡോളറാണ് നിലവിലെ റെക്കാഡ്. യുദ്ധമുണ്ടായാൽ ഇതും മറികടന്നേക്കും. ഉപഭോഗത്തിന്റെ 85 ശതമാനം ക്രൂഡും ഇറക്കുമതി ചെയ്യുന്ന ഇന്ത്യയ്ക്ക് വൻ തിരിച്ചടിയാണിത്. ആഗോളതലത്തിൽ ക്രൂഡോയിലിന് വൻ ഡിമാൻഡുണ്ട്. ഇതിന് ആനുപാതികമായി ഉത്‌പാദനം കൂട്ടാൻ സൗദിയും റഷ്യയും ഉൾപ്പെടുന്ന ഒപെക് പ്ളസ് തയ്യാറായിട്ടില്ല. ഡിമാൻഡിനേക്കാൾ 9-10 ലക്ഷം ബാരലിന്റെ ഉത്‌പാദനക്കുറവ് പ്രതിദിനമുണ്ട്. ഇതിനിടെയാണ് കൂടുതൽ പ്രതിസന്ധിയായി റഷ്യ-യുക്രെയിൻ സംഘർഷം.
ഇന്ധനവില
കത്തും
കഴിഞ്ഞ നവംബർ നാലിന് കേന്ദ്രം പെട്രോളിന് അഞ്ചുരൂപയും ഡീസലിന് 10 രൂപയും എക്‌സൈസ് നികുതി കുറച്ചശേഷം പൊതുമേഖലാ എണ്ണവിതരണ കമ്പനികൾ ഇന്ധനവില പരിഷ്‌കരിച്ചിട്ടില്ല. അന്ന് ഇന്ത്യയുടെ ക്രൂഡോയിൽ വാങ്ങൽ വില ബാരലിന് 80 ഡോളറായിരുന്നത് ഇപ്പോൾ 92.07 ഡോളറാണ്.
അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ഈ വിലവർദ്ധന എണ്ണക്കമ്പനികൾ ഉപഭോക്താക്കളിലേക്ക് കൈമാറിയിട്ടില്ല. കഴിഞ്ഞ 100 ദിവസത്തിലേറെയായി വില പരിഷ്‌കരിക്കാത്തു മൂലം ലിറ്ററിന് 8-10 രൂപയുടെ വർദ്ധന ഒഴിവായിട്ടുണ്ട്. തിരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ വിലകൂട്ടും.
സ്വർണത്തിനും
കുതിപ്പ്
റഷ്യ-യുക്രെയിൻ സംഘർഷം സ്വർണ വിലയിലും പ്രതിഫലിച്ചു തുടങ്ങി. രാജ്യാന്തരവില ഇന്നലെ വ്യാപാരത്തിനിടെ 9 മാസത്തെ ഉയരമായ 1,913.59 ഡോളർവരെ ഉയർന്നു. നിക്ഷേപകർ ഓഹരി വിപണിയെ കൈവിട്ട് സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിലേക്കു ചേക്കേറുന്നതാണ് കാരണം. വില വൈകാതെ 1,925 ഡോളർ കടക്കുമെന്നാണ് വിലയിരുത്തലുകൾ.
 കേരളത്തിൽ ഇന്നലെ ഗ്രാമിന് 35 രൂപ ഉയർന്ന് 4,625 രൂപയായി.
 280 രൂപ വർദ്ധിച്ച് 37,000 രൂപയാണ് പവൻ വില.