dileep

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം പൂർത്തിയാക്കി മാർച്ച് ഒന്നിന് അന്തിമ റിപ്പോർട്ട് നൽകണമെന്ന് കോടതി നിർദേശിച്ചു. ഈ കേസിൽ മാത്രം എന്താണ് ഇത്ര പ്രത്യേകത, ഒരു സാക്ഷിയുടെ വെളിപ്പെടുത്തലിൽ ഇത്രമാത്രം എന്താണ് അന്വേഷിക്കാനുള്ലതെന്നും ഹൈക്കോടതി ചോദിച്ചു.

തുടരന്വേഷണം അന്തിമ ഘട്ടത്തിലാണെന്ന് ഡിജിപി കോടതിയെ അറിയിച്ചു. 20 സാക്ഷികളുടെ മൊഴിയെടുത്തുവെന്നും ഡയറക്ടർ ജനറൽ ഒഫ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. തുടരന്വേഷണം അനന്തമായി നീട്ടിക്കൊണ്ടുപോകാൻ ആകില്ലെന്ന കോടതിയുടെ പരാമർശത്തിന് മറുപടി നൽകുകയായിരുന്നു പ്രോസിക്യൂഷൻ. നിലവിൽ രണ്ട് മാസം പൂർത്തിയായെന്ന കാര്യവും കോടതി നിരീക്ഷിച്ചു. തുടരന്വേഷണം പൂർത്തിയാക്കാൻ എത്ര സമയം ആവശ്യമാണെന്നും കോടതി ചോദിച്ചു. സമയപരിധി നിശ്ചയിക്കുന്നതിൽ എതിർപ്പില്ലെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. വിചാരണ പൂർത്തിയാക്കാൻ സുപ്രീംകോടതി നാല് തവണ സമയം നീട്ടി നൽകി എന്നതും കോടതി ചൂണ്ടിക്കാട്ടി. ബാലചന്ദ്ര കുമാർ ഈ 4 വർഷം എവിടെ ആയിരുന്നു എന്നും കോടതി ചോദിച്ചു. ബാലചന്ദ്രകുമാറിന്‍റെ മൊഴിയിൽ നിന്ന് 81 പോയിന്റുകൾ കിട്ടിയെന്നും ഇത് സംബന്ധിച്ച തെളിവും ലഭിച്ചുവെന്നും സർക്കാർ കോടതിയെ അറിയിച്ചു.

തുടരന്വേഷണം റദ്ദാക്കണമെന്ന ദിലീപിന്‍റെ ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. കേസിൽ അതിജീവിതയെ ഹൈക്കോടതി കക്ഷി ചേർത്തിട്ടുണ്ട്. തുടരന്വേഷണത്തിനെതിരെ ദിലീപ് നൽകിയ ഹർജിയിൽ മൂന്നാം എതിർ കക്ഷിയാക്കി വാദം കേൾക്കണമെന്ന നടിയുടെ ആവശ്യമാണ് കോടതി അംഗീകരിച്ചത്. പ്രതിയായ ദിലീപിന് അന്വേഷണത്തിലോ, തുടരന്വേഷണത്തിലോ നിയമപരമായി ഇടപെടാൻ കഴിയില്ലെന്ന് അപേക്ഷയിൽ അതിജീവിത വ്യക്തമാക്കിയിരുന്നു.