
കോഴിക്കോട് : ആഗോളതലത്തിൽ പ്രശസ്തമായ 'ജുവലറി വേൾഡ് അവാർഡ്‌സ് -ദുബായ് 2022 ' മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സിന് ലഭിച്ചു. ബ്രാൻഡ് ഒഫ് ദി ഇയർ - റീട്ടെയിൽ വിഭാഗത്തിലാണ് അവാർഡ് ലഭിച്ചത്. മിഡിൽ ഈസ്റ്റിൽ ജുവലറി രംഗത്ത് വലിയവളർച്ച കൈവരിച്ചുകൊണ്ടിരിക്കുന്ന കമ്പനികൾക്കും വ്യക്തികൾക്കും നൽകുന്ന ആദ്യ ബിസിനസ് അവാർഡാണിത്.
മലബാർ ഗ്രൂപ്പ് വൈസ് ചെയർമാൻ കെ.പി.അബ്ദുൾ സലാം, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് ഇന്റർനാഷണൽ ഓപ്പറേഷൻസ് മാനേജിംഗ് ഡയറക്ടർ ഷംലാൽ അഹമ്മദ് എന്നിവർ ചേർന്ന് ദുബായിൽ നടന്ന ചടങ്ങിൽ അവാർഡ് ഏറ്റുവാങ്ങി. അവാർഡ് ലഭിച്ചതിൽ അതിയായ സന്തോഷവും അഭിമാനവുമുണ്ടെന്ന് ഷംലാൽ അഹമ്മദ് പ്രതികരിച്ചു. പുതുമയുള്ളതും വൈവിദ്ധ്യമാർന്നതുമായ ഉത്പന്നങ്ങൾ നൽകിക്കൊണ്ട് ലോകോത്തര അനുഭവം ഉപഭോക്താക്കളിൽ എത്തിക്കുകയാണ് ഞങ്ങൾ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് 'ജുവലറി വേൾഡ് അവാർഡ്‌സ് -ദുബായ് 2022' ന് തികച്ചും അർഹരാണെന്ന് അവാർഡ് ജേതാക്കളെ തിരഞ്ഞെടുത്ത ജഡ്ജിംഗ് പാനലിലെ പ്രമുഖനായ ദുബായ് മൾട്ടി കമ്മോഡിറ്റീസ് സെന്റർ
എക്‌സിക്യൂട്ടീവ് ചെയർമാനും സി.ഇ.ഒയും ദുബായ് ഡയമണ്ട് എക്‌സ്‌ചേഞ്ച് ചെയർമാനുമായ അഹമ്മദ് ബിൻ സുലായേം പറഞ്ഞു.