
യുവ സംവിധാകരിൽ ശ്രദ്ധേയരായ ആഷിഖ് അബുവും ടിനു പാപ്പച്ചനും സംവിധാനം ചെയ്യുന്ന പുതിയ ചിത്രങ്ങളിൽ നായകനായി അഭിനയിക്കാൻ മോഹൻലാൽ ഒരുങ്ങുന്നു. ഇരുവർക്കും മോഹൻലാൽ  ഡേറ്റ് നൽകി. ആഷിഖ് അബുവിന്റെയും ടിനു പാപ്പച്ചന്റെയും ചിത്രങ്ങളിൽ മോഹൻലാൽ അഭിനയിക്കുന്നത് ആദ്യമാണ്.കൂടുതൽ യുവ സംവിധായകരുടെ ചിത്രങ്ങളിൽ അഭിനയിക്കാനാണ് മോഹൻലാലിന്റെ തീരുമാനം. ഇരുചിത്രങ്ങളും ആശിർവാദ് സിനിമാസല്ല നിർമ്മിക്കുന്നത്. ബോക്സിംഗ് പശ്ചാത്തിൽ മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്യാൻ നിശ്ചയിച്ച ചിത്രം ഉപേക്ഷിച്ചതായാണ് വിവരം. മോഹൻലാലും ആഷിഖ് അബുവും ഒരുമിച്ചുള്ള സിനിമയ്ക്ക് ഏറെനാളുകളായി പ്രേക്ഷകർ കാത്തിരിക്കുന്നുണ്ട്. സംവിധാനം ചെയ്യുന്ന ബറോസ് പൂർത്തിയായ ശേഷം മോഹൻലാൽ ആഷിഖ് അബുവിന്റെ ചിത്രത്തിൽ അഭിനയിക്കാനാണ് ഒരുങ്ങുന്നത്.
ടൊവിനോ തോമസ്, അന്ന ബെൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കിയ നാരദൻ ആണ് ആഷിഖ് അബു സംവിധാനം ചെയ്ത പുതിയ ചിത്രം. മാർച്ചിൽ 3ന് ചിത്രം റിലീസ് ചെയ്യും. സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ, അജഗജാന്തരം എന്നീ ചിത്രങ്ങളുടെ സംവിധാകനാണ് ടിനു പാപ്പച്ചൻ. ഇരു ചിത്രങ്ങളും മികച്ച വിജയം നേടുകയും ചെയ്തു.