
കണ്ണൂർ: തലശ്ശേരിയിൽ ഇന്നലെ കൊല്ലപ്പെട്ട സി പി എം പ്രവർത്തകൻ ഹരിദാസിന്റേത് രാഷ്ട്രീയ കൊലപാതകമെന്ന് പൊലീസിന്റെ ഇൻക്വസ്റ്റ് റിപ്പോർട്ട്. ഹരിദാസിനോടുള്ള രാഷ്ട്രീയ വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്നും മുറിവുകളുടെ എണ്ണം കണക്കാക്കാൻ സാധിക്കാത്ത വിധം അക്രമികൾ ശരീരത്തെ വികൃതമാക്കിയെന്നും റിപ്പോർട്ടിൽ പറയുന്നു. ഇരുപതിലേറെ വെട്ടുകൾ ഹരിദാസിന്റെ ശരീരത്തിൽ ഉണ്ടായിരുന്നെന്നും വെട്ടിയ സ്ഥലങ്ങളിൽ തന്നെ വീണ്ടും വെട്ടിയതിനാൽ വെട്ടുകളുടെ കൃത്യമായ കണക്ക് എടുക്കാൻ ബുദ്ധിമുട്ടാണെന്നും പൊലീസ് പറയുന്നു. വലതുകാൽ മുട്ടിന് താഴെ നാല് സ്ഥലത്തും ഇടത് കൈയിലും ആഴത്തിലുള്ള മുറിവുകളുണ്ട്. ഇടതുകാൽ മുട്ടിന് താഴെ മുറിച്ചു മാറ്റിയ നിലയിലായിരുന്നു. കൂടുതൽ മുറിവുകളും അരയ്ക്ക് താഴെയാണ്.
അതേസമയം ഹരിദാസന്റെ കൊലപാതകത്തിൽ ബി ജെ പി മണ്ഡലം പ്രസിഡന്റും കൊമ്മൽ വാർഡ് കൗൺസിലറുമായ ലിജേഷ് , വിമിൻ, അമൽ മനോഹരൻ, സുമേഷ് എന്നിവരെ അറസ്റ്റ് ചെയ്തു. ഏഴ് പേരെ ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നു. ചോദ്യം ചെയ്തതിന് ശേഷം ഇവരിൽ നാല് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതികൾക്കെതിരെ ഗൂഢാലോചന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. അറസ്റ്റിലായ എല്ലാവരും ആർ എസ് എസ് - ബി ജെ പി പ്രവർത്തകരാണ്.
ഇന്നലെ പുലർച്ചെ രണ്ട് മണിയോടെയാണ് മത്സ്യത്തൊഴിലാളിയായ ഹരിദാസ് കൊല്ലപ്പെട്ടത്. അക്രമം നടക്കുന്നതിന് തൊട്ടുമുൻപ് ലിജേഷ് നടത്തിയ ഫോൺ കോളാണ് അന്വേഷണത്തിൽ നിർണായകമായത്. ആത്മജൻ എന്നയാളുടെ നേതൃത്വത്തിലാണ് നാലംഗ കൊലയാളി സംഘമെത്തിയതെന്നാണ് സൂചന.