gurmeeth

ചണ്ഡീഗഢ്: രണ്ട് സ്ത്രീകളെ പീഡിപ്പിച്ച കേസിൽ 20 വർഷം തടവ് ശിക്ഷയ്ക്ക് വിധിക്കപ്പെട്ട ദേരാ സച്ചാ സൗദ തലവൻ ഗുർമീത് റാം റഹീം സിംഗിന് ഹരിയാന സർക്കാർ ഇസഡ് കാറ്റഗറി സുരക്ഷ അനുവദിച്ചു. ഖലിസ്ഥാൻവാദികളുടെ ഭീഷണിയുണ്ടെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണിതെന്നാണ് സർക്കാർ വാദം. ഈ മാസം ആദ്യവാരം ഗുർമീതിന് പരോൾ നൽകിയിരുന്നു.

ദേരയുടെ ആസ്ഥാനമായ സിർസയിൽ രണ്ട് ശിഷ്യകളെ പീഡിപ്പിച്ച കേസിലാണ് ഗുർമീതിനെ സി.ബി.ഐ അറസ്റ്റ് ചെയ്തത്. തുടർന്ന് 2017 ആഗസ്റ്റിൽ പഞ്ച്കുളയിലെ പ്രത്യേക സി.ബി.ഐ കോടതി ഇയാളെ 20 വർഷത്തെ തടവ് ശിക്ഷയ്ക്ക് വിധിച്ചു. ഈ മാസം ഏഴിനാണ് ഗുർമീത് പരോൾ ലഭിച്ച് പുറത്തിറങ്ങിയത്.

ഇസഡ് കാറ്റഗറി സുരക്ഷ ലഭിക്കുന്ന വ്യക്തികൾക്ക് 12 നാഷണൽ സെക്യൂരിറ്റി ഗാർഡ് കമാൻഡോകളുടെ സേവനമാണ് ലഭിക്കുന്നത്. രാജ്യത്താകെ ലക്ഷക്കണക്കിന് അനുയായികളുള്ള ദേരാ വിഭാഗം എപ്പോഴും ഗുർമീതിന്റെ ആജ്ഞ അനുസരിച്ചാണ് വോട്ട് ചെയ്യാറുള്ളത്.