
മലയിൻകീഴ്: വിളവൂർക്കൽ ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ സി.ഡി.എസ് തിരഞ്ഞെടുപ്പിൽ വിജയിച്ചവർ ഓഫീസിൽ ചുമതലയേൽക്കാനെത്തിയപ്പോൾ പഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തിൽ ക്രൂരമായി മർദ്ദിച്ചതായി പരാതി.
സി.ഡി.എസ് ചെയർപേഴസൺ എസ്.ഡി. ആശാകുമാരിക്കാണ് മർദ്ദനമേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് പഞ്ചായത്തിലെ ബി.ജെ.പി അംഗങ്ങൾക്കെതിരെ ആശാകുമാരി മലയിൻകീഴ് പൊലീസിൽ പരാതി നൽകി. ചെയർപേഴ്സണായ ആശാകുമാരിക്ക് ബി.പി.എൽ വിഭാഗത്തിൽ മത്സരിക്കാൻ അയോഗ്യതയുണ്ടെന്നും ഇവരുടെ റേഷൻ കാർഡ് എ.പി.എൽ വിഭാഗത്തിലുള്ളതാണെന്നും ആരോപിച്ച് ഇന്നലെ ബി.ജെ.പി പഞ്ചായത്ത് അംഗങ്ങൾ ചുമതലയേൽക്കുന്നതിൽ നിന്നും ചെയർപേഴ്സണെ തടയുകയായിരുന്നു.
പഞ്ചായത്ത് ഭരിക്കുന്ന കോൺഗ്രസ് അനുകൂല ഭാരവാഹികളാണ് ചെയർപേഴ്സണും വൈസ് ചെയർപേഴ്സണും. വിളവൂർക്കൽ പഞ്ചായത്തിൽ വൈസ് പ്രസിഡന്റ് സ്ഥാനം ബി.ജെ.പിക്കാണ്. കോൺഗ്രസിനും ബി.ജെ.പിക്കും പഞ്ചായത്തിൽ തുല്യ അംഗങ്ങളാണുള്ളത്. സി.ഡി.എസ് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് 7, ബി.ജെ.പിക്കും സി.പി.എമ്മിനും 5 വീതവും സ്ഥാനമാണ് ലഭിച്ചത്. സി.ഡി.എസ് ചെയർപേഴസണായി എസ്.ഡി. ആശാകുമാരിയെയും വൈസ് ചെയർപേഴ്സണായി എം.വി. ബിന്ദുവിനെയും തിരഞ്ഞടുക്കുകയായിരുന്നു. ഇന്നലെ രാവിലെ സത്യപ്രതിജ്ഞയ്ക്കുശേഷം എത്തിയപ്പോഴാണ് സി.ഡി.എസ് ഭാരവാഹികളെ പഞ്ചായത്ത് ഓഫീസിൽ വൈസ് പ്രസിഡന്റ് ജി.കെ. അനിൽകുമാറിന്റെ നേതൃത്വത്തിൽ തടഞ്ഞത്.
മുറിയിൽ പ്രവേശിക്കാൻ ശ്രമിക്കുമ്പോഴാണ് ആശാകുമാരിയെ വനിതാ പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തിൽ മർദ്ദിച്ചത്. മർദ്ദനം വകവയ്ക്കാതെ ആശാകുമാരിയെ ചെയർപേഴ്സന്റെ കസേരയിലിരുത്തി. ആശാകുമാരിക്ക് എല്ലാവിധ പിന്തുണയും നൽകിയതായി പഞ്ചായത്ത് പ്രസിഡന്റ് ടി. ലാലി പറഞ്ഞു. ബി.പി.എൽ വിഭാഗത്തിലുൾപ്പെട്ടതാണെന്നുള്ള രേഖകൾ ഹാജരാക്കിയാണ് ആശാകുമാരി മത്സരിച്ചതെന്നും പ്രസിഡന്റ് പറഞ്ഞു.