indias-love-to-afghanista

ചെന്നൈയിലെ 200 വാർഡിൽ 146 ഉം നേടി

ചെന്നൈ: തമിഴ്നാട് നഗര തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ മത്സരിച്ച സീറ്റുകളിൽ 75 ശതമാനത്തിലും ഭരണകക്ഷിയായ ഡി.എം.കെ വിജയക്കൊടി പാറിച്ചു. വോട്ടെണ്ണൽ രാത്രി വൈകിയും പുരോഗമിക്കുകയാണ്.

21 കോർപ്പറേഷനുകൾ, 138 മുനിസിപ്പാലിറ്റികൾ, 489 നഗര പഞ്ചായത്തുകൾ എന്നിവിടങ്ങളിലാണ് തിരഞ്ഞെടുപ്പ് നടന്നത്. ഇതിൽ

21 കോർപ്പറേഷനുകളിലെ 77 വാർഡുകൾ ഡി.എം.കെ നേടിയെന്നാണ് ഏറ്റവും ഒടുവിലത്തെ വിവരം.

ഇന്നലെ രാത്രി ലഭിച്ച വിവരം അനുസരിച്ച് കോർപ്പറേഷനിലെ 1374 വാർഡുകളിൽ ഡി.എം.കെ 425 വാർഡുകൾ നേടിയപ്പോൾ എ.ഐ.എ.ഡി.എം.കെ 75 ഇടത്താണ് ജയിച്ചത്. മുനിസിപ്പാലിറ്റികളിലെ 3843 വാർഡ് മെമ്പർമാരിൽ 1832 സീറ്റും ഡി.എം.കെ സ്വന്തമാക്കി. എ.ഐ.എ.ഡി.എം.കെയ്ക്ക് 494 ഇടത്തേ ജയിക്കാനായുള്ളൂ.

പഞ്ചായത്തിൽ 7621 സീറ്റിൽ 4261 ഡി.എം.കെ നേടിയപ്പോൾ എ.ഐ.എ.ഡി.എം.കെ 1178 ഇടത്ത് ജയിച്ചു. വോട്ടെണ്ണൽ പുരോഗമിക്കുകയാണ്.

ചരിത്ര വിജയം സമ്മാനിച്ച ജനങ്ങൾക്ക് നന്ദി പറഞ്ഞും മുഖ്യമന്ത്രി സ്റ്റാലിനെ പ്രശംസിച്ചും ദയാനിധി മാരൻ ട്വീറ്റ് ചെയ്തു.

ജനവിധിക്ക് മുന്നിൽ തലകുനിക്കുന്നതായി എ.ഐ.എ.ഡി.എം.കെ നേതാവ് ഒ. പനീർശെൽവം പ്രതികരിച്ചു.

 ബി.ജെ.പി സ്ഥാനാർത്ഥിക്ക്

സ്വന്തം വോട്ട് മാത്രം

തമിഴ്നാട് തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ മത്സരിച്ച ബി.ജെ.പി സ്ഥാനാർത്ഥിക്ക് കിട്ടിയത് സ്വന്തം വോട്ട് മാത്രം. ഈറോഡ് ജില്ലയിലെ ഭവാനിസാഗർ ടൗൺ പഞ്ചായത്ത് 11ാം വാർഡിൽ മത്സരിച്ച ബി.ജെ.പി സ്ഥാനാർത്ഥി നരേന്ദ്രനാണ് ഒരു വോട്ട് മാത്രം കിട്ടിയത്.

''ഞാൻ ചെയ്ത ഒരുവോട്ട് മാത്രമാണ് എനിക്ക് ലഭിച്ചത്. പാർട്ടി പ്രവർത്തകരോ സുഹൃത്തുക്കളോ എന്തിന് കുടുംബാംഗങ്ങൾ പോലും എനിക്ക് വോട്ട് ചെയ്തില്ല. എല്ലാവരും എന്നെ പറഞ്ഞ് പറ്റിക്കുകയായിരുന്നു''-നരേന്ദ്രൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.