
കൊല്ലം: വീട്ടമ്മയുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് മൊബൈൽ ബാങ്കിംഗ് വഴി 8.16 ലക്ഷം രൂപ കൈക്കലാക്കിയ സംഘത്തിലെ ഒരാൾ കൂടി കൊല്ലം സിറ്റി സൈബർ ക്രൈം പൊലീസിന്റെ പിടിയിലായി. എറണാകുളം ആലുവ കുറുമല്ലൂർ ആശാരിപറമ്പിൽ എ.ആർ. രജീഷാണ് (34) പിടിയിലായത്.
തിരുമുല്ലവാരം സ്വദേശിനിയായ അറുപത്തിയെട്ടുകാരിയുടെ സ്വകാര്യ ബാങ്ക് അക്കൗണ്ടിൽ നിന്നാണ് പണം തട്ടിയത്. ബാങ്കിൽ അക്കൗണ്ടിനായി ഇവർ നൽകിയ മൊബൈൽ നമ്പർ ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയത്. ദീർഘകാലം മൊബൈൽ നമ്പർ ഇവർ ഉപയോഗിക്കാതിരുന്നതിനെ തുടർന്ന് സർവീസ് പ്രൊവൈഡർ ഇവരുടെ സിം മരവിപ്പിച്ചിരുന്നു. തുടർന്ന് എറണാകുളം പെരുമ്പാവൂരിൽ അവർ വിതരണം ചെയ്ത ഈ സിംകാർഡ് ലഭിച്ച സംഘമാണ് തട്ടിപ്പ് നടത്തിയത്. ബാങ്കിൽ രജിസ്റ്റർ ചെയ്തിരുന്ന സിം കാർഡിലേക്ക് വന്ന മെസേജുകൾ ഉപയോഗിച്ച് ഇവർ മൊബൈൽ ബാങ്കിംഗിലേക്ക് കടന്ന് കയറുന്നതിനുള്ള വിവരങ്ങൾ കരസ്ഥമാക്കി. ഇത് ഉപയോഗിച്ച് ബാങ്കിന്റെ മൊബൈൽ ബാങ്കിംഗ് ആപ്ലിക്കേഷൻ ഇവരുടെ മൊബൈലിൽ ഇൻസ്റ്റാൾ ചെയ്തു. അതുവഴി മറ്റ് അക്കൗണ്ടുകളിലേക്ക് പണം ട്രാൻസഫർ ചെയ്ത് തട്ടിയെടുക്കുകയായിരുന്നു.