ukraine

കീവ്: വിമതരുടെ ശക്തികേന്ദ്രമായ യുക്രെയിനിലെ രണ്ട് പ്രദേശങ്ങളെ സ്വതന്ത്ര രാജ്യങ്ങളായി അംഗീകരിച്ച് റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ. കിഴക്കൻ യുക്രെയിനിലെ ഡോൺസ്‌ക്, ലുഹാൻസ്‌ക് എന്നീ പ്രദേശങ്ങൾക്കാണ് രാജ്യമായി അംഗീകാരം പുടിൻ നൽകിയത്. റഷ്യൻ പിന്തുണയുള‌ള വിമതർ യുക്രെയിനിയൻ സർ‌ക്കാരിനെതിരെ പ്രക്ഷോഭം നടത്തുന്ന സ്ഥലങ്ങൾ കൂടിയാണിത്. പ്രദേശങ്ങളിൽ സൈനിക വിന്യാസവും നടത്താൻ പുടിൻ ഉത്തരവിട്ടു. ഇതോടെ യുക്രെയിനിലേക്ക് റഷ്യൻ സൈനികരെത്തി. ഇവരെ 'സമാധാന നിർമ്മാതാക്കൾ' എന്നാണ് പുടിൻ വിശേഷിപ്പിച്ചത്.

അതേ സമയം യുക്രെയിനെ ആക്രമിക്കാനുള‌ള റഷ്യൻ ശ്രമങ്ങൾക്കെതിരെ കടുത്ത നടപടിയാണ് ബ്രിട്ടീഷ് സർക്കാർ സ്വീകരിച്ചത്. മൂന്ന് റഷ്യൻ സമ്പന്നർക്കും അഞ്ച് റഷ്യൻ ബാങ്കുകൾക്കും ബ്രിട്ടൺ ഉപരോധം ഏർപ്പെടുത്തുന്നതായി പ്രധാനമന്ത്രി ബോറിസ് ജോൺസൺ സഭയിൽ അറിയിച്ചു. ഇവരുടെ രാജ്യത്തെ ആസ്‌തികളെല്ലാം മരവിപ്പിക്കും.റഷ്യ കാരണം 44 ദശലക്ഷം പുരുഷന്മാരും സ്‌ത്രീകളും കുട്ടികളും അടങ്ങിയ ഒരു രാജ്യം ആക്രമണത്തിന്റെ ലക്ഷ്യസ്ഥാനമായി മാറുന്ന അവസ്ഥയാണെന്ന് ബോറിസ് ജോൺസൺ വിമർശിച്ചു.

അന്താരാഷ്‌ട്ര സമാധാന നിയമങ്ങളുടെ നഗ്നമായ ലംഘനമാണ് റഷ്യയുടെ ഭാഗത്ത് നിന്നമുണ്ടായതെന്ന് ഐക്യരാഷ്‌ട്രസഭാ സുരക്ഷാ കൗൺസിലിൽ അമേരിക്കയും ഇന്ത്യയുമടക്കം നിരവധി രാജ്യങ്ങൾ വിമർശനമുന്നയിച്ചു. പടിപടിയായി റഷ്യയ്‌ക്കെതിരെ ഉപരോധം ഏർപ്പെടുത്തുന്നതിനെ അനുകൂലിക്കുന്നതായി ഓസ്‌ട്രിയ അറിയിച്ചു. ലിത്വാനിയയിൽ തങ്ങളുടെ സൈനികരെ വിന്യസിക്കാൻ തയ്യാറാണെന്ന് ജർമ്മനിയും അറിയിച്ചു.

ഇന്നലെ റഷ്യൻ പിന്തുണയുള‌ള വിമതരുടെ ഷെൽ ആക്രമണത്തിൽ രണ്ട് യുക്രെയിനിയൻ സൈനികർ കൊല്ലപ്പെടുകയും 12ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. അതേസമയം ഇന്ത്യക്കാരായ 242 യാത്രക്കാരുമായി യുക്രെയിനിൽ നിന്നുള‌ള പ്രത്യേക വിമാനം ഡൽഹി വിമാനത്താവളത്തിൽ വൈകാതെ എത്തും. കൂട്ടത്തിൽ മലയാളികളുമുണ്ടെന്നാണ് വിവരം.