saha

കൊൽക്കത്ത: അഭിമുഖം നൽകാത്തതിന് തന്നെ ഭീഷണിപ്പെടുത്തിയ മാദ്ധ്യമപ്രവർത്തകന്റെ പേര് വെളിപ്പെടുത്താൻ ഉദ്ദേശിക്കുന്നില്ലെന്ന് മുൻ ഇന്ത്യൻ താരവും ബംഗാൾ വിക്കറ്റ് കീപ്പറുമായ വൃദ്ധിമാൻ സാഹ. തനിക്ക് മനുഷ്യത്വം കുറച്ചു കൂടുതലാണെന്നും അതിനാൽ തന്നെ ഒരാളുടെ വരുമാനമാർ‌ഗ്ഗം നഷ്ടപ്പെടുന്ന ഒരു കാര്യവും ഒരുകാലത്തും ചെയ്യില്ലെന്ന് സാഹ വ്യക്തമാക്കി. ട്വിറ്ററിലൂടെയായിരുന്നു സാഹയുടെ പ്രതികരണം.

മാദ്ധ്യമപ്രവർത്തകനെ ഓർത്തിട്ടല്ല മറിച്ച് അയാളെ ആശ്രയിച്ച് കഴിയുന്ന ഒരു കുടുംബം ഉണ്ടെന്നും അവരെ ഓർത്ത് മാത്രമാണ് താൻ അയാളുടെ പേര് വെളിപ്പെടുത്താത്തത്. ഈ വിഷയത്തിൽ ക്രിക്കറ്റിനുള്ളിൽ നിന്നും പുറത്ത് നിന്നും ലഭിച്ച പിന്തുണയ്ക്ക് നന്ദി പറയുന്നെന്നും സാഹ ട്വീറ്റ് ചെയ്തു.

കഴിഞ്ഞ ദിവസമാണ് സാഹയെ ഭീഷണിപ്പെടുത്തി കൊണ്ട് മാദ്ധ്യമപ്രവർത്തകൻ താരത്തിന്റെ ഫോണിലേക്ക് സന്ദേശം അയച്ചത്. ഇന്ത്യൻ ടീമിൽ നിന്ന് പുറത്താക്കാനുള്ള കാരണങ്ങളെ കുറിച്ച് മറ്റൊരു മാദ്ധ്യമപ്രവർത്തകന് നൽകിയ അഭിമുഖത്തിൽ സാഹ സംസാരിച്ചതാണ് ഇയാളെ പ്രകോപിപ്പിച്ചത്. മുൻ താരങ്ങൾ അടക്കുള്ള നിരവധി ക്രിക്കറ്റർമാർ സാഹയ്ക്ക് പിന്തുണയുമായി എത്തിയിരുന്നു. മാദ്ധ്യമപ്രവ‌ർത്തകന്റെ പേര് വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട ചിലർ ആ മാദ്ധ്യമപ്രവർത്തകനെ എല്ലാ ക്രിക്കറ്റ് താരങ്ങളും ബഹിഷ്കരിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

കഴിഞ്ഞ ദിവസം ഒരു ക്രിക്കറ്റ് വെബ്സൈറ്റിന് നൽകിയ അഭിമുഖത്തിൽ ബാക്ക് അപ്പ് വിക്കറ്റ് കീപ്പറായി ഒരു യുവതാരത്തെ പരിഗണിക്കുന്നതിനാൽ തന്നെ ഇനി ദേശീയ ടീമിലേക്ക് പരിഗണിക്കില്ലെന്ന് സെലക്ടർമാരും ടീം മാനേജ്മെന്റും പറഞ്ഞതായി സാഹ വെളിപ്പെടുത്തിയിരുന്നു. ദേശീയ ടീം പരിശീലകനായ രാഹുൽ ദ്രാവിഡ് തന്നോട് വിരമിക്കലിനെ കുറിച്ച് ചിന്തിക്കാൻ ആവശ്യപ്പെട്ടതായും സാഹ ഈ അഭിമുഖത്തിൽ പറഞ്ഞിരുന്നു.