
ആലപ്പുഴ : തകഴി ക്ഷേത്രോത്സവത്തിന്റെ ആറാട്ട് തിരിച്ചെഴുന്നള്ളത്തിനിടെ മണൽ ലോറി തടഞ്ഞതുമായി ബന്ധപ്പെട്ടുളള സംഘർഷത്തിനിടെ പതിനേഴുകാരനെ അകാരണമായി പൊലീസ് കസ്റ്റഡിയിലെടുത്ത് മർദ്ദിച്ചതായി പരാതി. സംഘർഷത്തിനിടെ ആളുകൾ ചിതറിയോടിയപ്പോൾ പൊലീസിന്റെ ലാത്തി വീശിയപ്പോൾ തന്റെ ദേഹത്ത് പലവട്ടം പതിച്ചത് ചോദിച്ചതിനാണ് പ്ളസ് വൺ വിദ്യാർത്ഥിയെ കസ്റ്റഡിയിൽ എടുത്തത്.
ഡ്യൂട്ടിയിലുണ്ടായിരുന്ന എടത്വ സ്റ്റേഷനിലെ പൊലീസുകാർ കസ്റ്റഡിയിലെടുത്ത കുട്ടിയെ പിന്നീട് അമ്പലപ്പുഴ സ്റ്റേഷനിലേക്ക് മാറ്റി. ഇവിടെവച്ച് സി.ഐയുടെ നേതൃത്വത്തിൽ ക്രൂരമായി മർദ്ദിച്ചെന്നാണ് മാതാപിതാക്കൾ ചൈൽഡ് ലൈനും ജില്ലാ പൊലീസ് മേധാവിക്കും നൽകിയ പരാതിയിൽ പറയുന്നത്. ഇതുസംബന്ധിച്ച് സ്വകാര്യ അന്യായം ഫയൽ ചെയ്യുമെന്നും മാതാപിതാക്കൾ പറഞ്ഞു. സ്റ്റേഷനിൽ എത്തിച്ച് വിവസ്ത്രനാക്കി സെല്ലിലടച്ചശേഷം വയറിനും മുതുകിലും ക്രൂരമായി മർദ്ദിക്കുകയായിരുന്നുവെന്നാണ് പരാതിയിൽ ഉള്ളത്. ശരീരത്തിലാകമാനം മർദ്ദനമേറ്റ പാടുകളുണ്ട്. ആദ്യം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച വിദ്യാർത്ഥിയെ പിന്നീട് മുഹമ്മ ഗവ. ആശുപത്രിയിലേക്ക് മാറ്റി. വയറിന് ക്ഷതമേറ്റതിനാൽ വിദഗ്ദ്ധ ചികിത്സ വേണ്ടിവരും.