
കറാച്ചി : ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ചർച്ചയ്ക്ക് തയാറാണെന്നും ഇതിനായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ടി.വി സംവാദത്തിന് ഒരുക്കമാണെന്നും പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ' നരേന്ദ്രമോദിയുമായി ടിവിയിൽ സംവാദം നടത്താൻ ഇഷ്ടപ്പെടുന്നു.
ഇന്ത്യയിലെ കോടിക്കണക്കിന് ജനങ്ങൾക്ക് അത് ഉപകാരപ്പെടുമെന്ന് കരുതുന്നു. ശത്രുപക്ഷത്തായതിനാൽ ഇന്ത്യയുമായുള്ള വ്യാപാര ഇടപാടുകൾ ഇപ്പോൾ വളരെ കുറവാണ് " ഒരു അന്തർദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഇമ്രാൻ പറഞ്ഞു.
അതേ സമയം, ഇമ്രാൻ ഖാന്റെ പ്രസ്താവനയോട് ഇന്ത്യ പ്രതികരിച്ചിട്ടില്ല. പാകിസ്ഥാൻ ഭീകരതയ്ക്ക് നൽകുന്ന പ്രോത്സാഹനത്തിനെതിരെ ഇന്ത്യ പലതവണ രംഗത്തെത്തിയിരുന്നു. ഭീകരവാദത്തിനെതിരെ നടപടിയെടുത്താൽ മാത്രമേ പാകിസ്ഥാനുമായി ഏതെങ്കിലും തരത്തിലെ ചർച്ചകൾക്ക് സാദ്ധ്യതയുള്ളൂ എന്ന് ഇന്ത്യ മുമ്പ് വ്യക്തമാക്കിയിരുന്നു.