imran-modi

ലാഹോർ: ഇന്ത്യയും പാകിസ്ഥാനും തമ്മിൽ നിലനിൽക്കുന്ന വിവിധ പ്രശ്നങ്ങളിൽ പരിഹാരം കണ്ടെത്തേണ്ടത് അത്യാവശ്യമാണെന്നും ഇതിനായി ഇന്ത്യൻ പ്രധാനമന്ത്രിയെ തത്സമയ ടെലിവിഷൻ സംവാദത്തിന് ക്ഷണിക്കുന്നതായി പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ബ്രിട്ടീഷുകാരിൽ നിന്ന് സ്വാതന്ത്ര്യം നേടി 75 വർഷം പിന്നിട്ടിട്ടും കാശ്മീർ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ സാധിച്ചിട്ടില്ല.

റഷ്യ ടുഡേ എന്ന അന്താരാഷ്ട്ര മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മോദിയുമായി പരസ്യ സംവാദത്തിന് താത്പര്യമുണ്ടെന്ന് ഇമ്രാൻ ഖാൻ വെളിപ്പെടുത്തിയത്. ഇരു രാജ്യങ്ങൾക്കിടയിലുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സാധിച്ചാൽ ഇന്ത്യയിലേയും പാകിസ്ഥാനിലേയും കോടിക്കണക്കിന് വരുന്ന ജനങ്ങൾക്ക് ആശ്വാസമായിരിക്കുമെന്നും അവരുടെ ജീവിതങ്ങൾ ഒരുപാട് മെച്ചപ്പെടുമെന്നും ഇമ്രാൻ പറഞ്ഞു. പാകിസ്ഥാൻ പ്രധാനമന്ത്രിയുടെ ആവശ്യത്തോട് ഇതുവരെയായും ഇന്ത്യൻ പ്രധാനമന്ത്രിയുടെ ഓഫീസോ വിദേശകാര്യമന്ത്രാലയമോ പ്രതികരിച്ചിട്ടില്ല.

സമാധാന ചർച്ചയും അതിർത്തി കടന്നുള്ള ഭീകരവാദപ്രവർത്തനവും ഒരുമിച്ച് കൊണ്ടുപോകാൻ സാധിക്കില്ലെന്നാണ് ഇന്ത്യയുടെ നിലപാട്. പാകിസ്ഥാൻ കേന്ദ്രമാക്കി ഇന്ത്യയ്ക്കെതിരെ പ്രവർത്തിക്കുന്ന ഭീകരസംഘടനകൾക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യത്തോട് ഇത്രയുംനാളായി പാകിസ്ഥാൻ മുഖംതിരിച്ച് നിൽക്കുകയായിരുന്നു. കാശ്മീരിൽ പ്രവർത്തിക്കുന്ന ഭീകരസംഘടനകളുടെയെല്ലാം പരിശീലന കേന്ദ്രങ്ങൾ പാകിസ്ഥാനിൽ പ്രവർത്തിക്കുന്നവയാണെന്ന് ഇന്ത്യയുടെ രഹസ്യാന്വേഷണ വിഭാഗം നേരത്തെ തന്നെ കണ്ടെത്തിയിട്ടുമുണ്ട്.ആ സാഹചര്യത്തിൽ പരസ്യ സംവാദത്തിനുള്ള പാകിസ്ഥാൻ പ്രധാനമന്ത്രിയുടെ ക്ഷണം ഇന്ത്യ നിരാകരിക്കാൻ തന്നെയാകും സാദ്ധ്യത. തീവ്രവാദത്തിനെതിരെ നടപടിയെടുത്ത ശേഷം ചർച്ചയാകാമെന്ന ഇന്ത്യയുടെ നിലപാട് തന്നെ ഇത്തവണയും ആവർത്തിച്ചേക്കാം.