
തിരുവനന്തപുരം: ജനകീയാസൂത്രണ പരിപാടിയിൽ കുഞ്ഞാലിക്കുട്ടി വഹിച്ച പങ്ക് ചർച്ച ചെയ്യുന്ന തോമസ് ഐസക്കിന്റെ ഫേസ്‌ബുക്ക് പോസ്‌റ്റിനെ തുടർന്നുളള പ്രചാരണത്തിന് മറുപടിയുമായി മുസ്ളീംലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. മുസ്ളീംലീഗ് യുഡിഎഫ് വിടുന്ന പ്രശ്‌നമേയില്ലെന്നും എൽഡിഎഫിലേക്ക് ലീഗ് അടുക്കുന്നുവെന്ന ചർച്ചകൾക്ക് പ്രസക്തിയേയില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
തോമസ് ഐസക്ക് പറഞ്ഞതിൽ രാഷ്‌ട്രീയമില്ലെന്നും നെഗറ്റീവ് ആയ നയം യുഡിഎഫ് ഒരുകാലത്തും സ്വീകരിച്ചിട്ടില്ലെന്നും അഹമ്മദ് കുരിക്കളുടെ കാലം തൊട്ടുതന്നെ എല്ലാവരുമായി സഹകരിക്കുക എന്ന നയമാണ് മുന്നണിയ്‌ക്കെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. 'ഫെയ്‌സ്ബുക്ക് പോസ്‌റ്റ് എന്നെക്കുറിച്ചല്ലല്ലോ. അദ്ദേഹം പറഞ്ഞത് ചരിത്രമല്ലേ? അതിൽ ഉമ്മൻചാണ്ടിയെപറ്റിയും മുനീറിനെപറ്റിയും അങ്ങനെ പലരെക്കുറിച്ചും പറഞ്ഞിട്ടുണ്ട്.' അദ്ദേഹം പറഞ്ഞു. മാദ്ധ്യമങ്ങൾ കഥയുണ്ടാക്കുകയാണെന്നും കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു.
1980ൽ 29ാം വയസിൽ മലപ്പുറം മുൻസിപ്പൽ ചെയർമാനായ കുഞ്ഞാലിക്കുട്ടി രണ്ട് വർഷം കഴിഞ്ഞപ്പോൾ എംഎൽഎയായി. അപ്പോഴും രണ്ട് പദവികളും മലപ്പുറത്തിന്റെ വികസനത്തിനായി ഉപയോഗിച്ചുവെന്നായിരുന്നു തോമസ് ഐസക്കിന്റെ ഫേസ്‌ബുക്ക് പോസ്‌റ്റിൽ കുറിച്ചിരുന്നത്. കുഞ്ഞാലിക്കുട്ടിയുടെ സ്വഭാവ ശൈലിയെക്കുറിച്ചുളള പരാമർശങ്ങളും പോസ്‌റ്റിലുണ്ടായതോടെ ലീഗ് എൽഡിഎഫിലേക്ക് അടുക്കുന്നതായി പ്രചരണമുണ്ടാകുകയായിരുന്നു.