
വെല്ലിംഗ്ടൺ : അഗ്നിപർവത സ്ഫോടനവും പിന്നാലെ സുനാമിത്തിരയും നേരിട്ട തെക്കൻ പസഫിക് ദ്വീപ് രാജ്യമായ ടോംഗയിൽ നീണ്ട അഞ്ചാഴ്ചകൾക്ക് ശേഷം ഇന്റർനെറ്റ് ബന്ധം പുനഃസ്ഥാപിച്ചു. . ടോംഗയിലെ ഫോനുവഫോ ദ്വീപിൽ നിന്ന് 30 കിലോമീറ്റർ തെക്ക് കിഴക്കായുള്ള ' ഹംഗ - ടോംഗ - ഹംഗ - ഹാപായി " എന്ന സജീവ അഗ്നിപർവതത്തിൽ ജനുവരി 15നാണ് ശക്തമായ സ്ഫോടനമുണ്ടായത്. പിന്നാലെ, സമുദ്രത്തിനടിയിലൂടെയുള്ള ഇന്റർനെറ്റ് കേബിൾ തകരാറിലായതോടെ ടോംഗയ്ക്ക് പുറംലോകവുമായുള്ള ബന്ധം നഷ്ടമാവുകയായിരുന്നു. ടോംഗയിൽ സുനാമിയിൽ മൂന്ന് പേരാണ് മരിച്ചത്. നൂറുകണക്കിന് വീടുകൾ തകർന്നിരുന്നു. താത്കാലിക ഉപഗ്രഹ സേവനങ്ങളിലൂടെ പരിമിതമായ ആശയവിനിമയമാണ് ഇത്രയും ദിവസം തുടർന്നത്. ആഴ്ചകൾക്ക് മുന്നേ ലോ ഗ്രേഡ് ഇന്റർനെറ്റ് സർവീസ് ലഭ്യമാക്കിയെങ്കിലും കാര്യമായ മാറ്റം സൃഷ്ടിച്ചിരുന്നില്ല. ടോംഗയേയും സമീപ ദ്വീപ് രാജ്യമായ ഫിജിയേയും ബന്ധിപ്പിക്കുന്ന കടലിനടിയിലെ ഇന്റർനെറ്റ് കേബിളിന് 840 കിലോമീറ്റർ നീളമാണുണ്ടായിരുന്നത്. ഇന്നലെ ഉച്ചതിരിഞ്ഞ് ടോംഗയിലെ പ്രധാന ദ്വീപുകളിൽ ഇന്റർനെറ്റ് പുനഃസ്ഥാപിച്ചെങ്കിലും വിദൂര ദ്വീപുകളിൽ ഇനിയും തകരാർ പരിഹരിക്കേണ്ടതുണ്ട്.