df

മുംബയ്: തുടർച്ചയായ അഞ്ചാംദിവസവും നഷ്ടത്തിൽ ക്ലോസ് ചെയ്ത് ഇന്ത്യൻ ഓഹരി സൂചികകൾ. റഷ്യയ്ക്കും യുക്രൈനുമിടയിൽ യുദ്ധനീക്കം ശക്തിപ്പെടുന്ന സാഹചര്യത്തിലാണ് വിപണിയിലും തിരിച്ചടി ആവർത്തിക്കപ്പെടുന്നത്. ഇന്നലെ വ്യാപാരം അവസാനിക്കുമ്പോൾ സെൻസെക്സ് 382.91 പോയിന്റ് ഇടിഞ്ഞു. 57300.68 ലാണ് സെൻസെക്സ് ക്ലോസ് ചെയ്തത്. നിഫ്റ്റി 114.50 പോയിന്റ് താഴേക്ക് പോയി. 17092.20 പോയിന്റാണ് ഇടിവ്.

റഷ്യ - യുക്രൈൻ യുദ്ധഭീതിയുടെ നിഴലിലാണ് ദിവസങ്ങളായി ആഗോള തലത്തിലെ ഓഹരി വിപണികളുടെ പ്രവർത്തനം. ഇന്നലെ രാവിലെ വലിയനഷ്ടത്തോടെയാണ് ഇന്ത്യൻ ഓഹരിവിപണികൾ വ്യാപാരം തുടങ്ങിയത്. വ്യാപാരം അവസാനിക്കുമ്പോൾ നില മെച്ചപ്പെടുത്താനായെന്നത് വലിയ ആശ്വാസമാണ്.

ഇന്നലെ രാവിലെ ആയിരം പോയിന്റോളം ഇടിഞ്ഞാണ് സെൻസെക്സ് വ്യാപാരം ആരംഭിച്ചത്. ടാറ്റാ സ്റ്റീൽ, ടി.സി.എസ്, ബി.പി.സി.എൽ, ടാറ്റാ മോട്ടോർസ്, എസ്.ബി.ഐ ലൈഫ് ഇൻഷ്വറൻസ് എന്നിവരാണ് ഇന്ന് നിഫ്റ്റിയിൽ വലിയ തിരിച്ചടി നേരിട്ടത്. മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ബജാജ് ഫിൻസെർവ്, ഐഷർ മോട്ടോർസ്, ഹിന്റാൽകോ ഇന്റസ്ട്രീസ്, ഒ.എൻ.ജി.സി തുടങ്ങിയ കമ്പനികൾ നേട്ടമുണ്ടാക്കി.