champion

ചാമ്പ്യൻസ് ലീഗിൽ ഇന്ന് അത്‌ലറ്റിക്കോ - മാൻ.യുണൈറ്റഡ്, ബെൻഫിക്ക - അയാക്സ് പോരാട്ടം

മാഡ്രിഡ്: യൂറോപ്യൻ ചാമ്പ്യൻസ് ലീഗിൽ ഇന്ന് നടക്കുന്ന പ്രീക്വാർട്ടർ ഒന്നാം പാദ മത്സരത്തിൽ സ്പാനിഷ് ചാമ്പ്യൻമാരായ അത്‌ലറ്റിക്കോ മാഡ്രിഡും ഇംഗ്ലീഷ് വമ്പൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡും തമ്മിൽ ഏറ്റുമുട്ടും. അത്‌ലറ്റിക്കോയുടെ തട്ടകമായ വാൻഡ മെട്രോപൊളിറ്റാനോയിൽ ഇന്ത്യൻ സമയം രാത്രി 1.30 മുതലാണ് മത്സരം.

മാഞ്ചസ്റ്റർ യണൈറ്റഡ് ഗ്രൂപ്പ് എഫിൽ നിന്ന് ഒന്നാം സ്ഥാനക്കാരായും അത്‌ലറ്റിക്കോ മാഡ്രിഡ് ബി ഗ്രൂപ്പിൽ നിന്ന് രണ്ടാം സ്ഥാനക്കാരായുമാണ് നോക്കൗട്ടിലെത്തിയിരിക്കുന്നത്.

ലീഗുകളിൽ കഴിഞ്ഞ കളികളിൽ മികച്ച വിജയം നേടാനായത് ഇരുടീമിനും ഒരുപോലെ ആത്‌മ വിശ്വാസം നൽകുന്ന ഘടകമാണ്. അത്‌ലറ്റിക്കോ ലാലിഗയിലെ കഴിഞ്ഞ മത്സരത്തിൽ ഒസാസുനയെ 3-0ത്തിന് കീഴടക്കിയപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രിമിയർ ലീഗിൽ ലീഡ്‌സിനെ 4- 2 നാണ് വീഴ്ത്തിയത്.

മറ്റൊരു ഒന്നാം പാദ പ്രീക്വാർട്ടർ ബെൻഫിക്കയും അയാക്സും തമ്മിൽ ഏറ്റുമുട്ടും. ബെൻഫിക്കയുടെ തട്ടകത്തിലാണ് മത്സരം.

31 വർഷം മുൻപാണ് അവസാനമായി അത്‌ലറ്റിക്കോയും യുണൈറ്റഡും മുഖാമുഖം വന്നത്. യുവേഫയുടെ കപ്പ് വിന്നേഴ്സ് ചാമ്പ്യൻഷിപ്പിന്റെ രണ്ടാം റൗണ്ടിലായിരുന്നു അത്. ഇരുപാദങ്ങളിലുമായി അത്‌ലറ്റിക്കോ 4-1ന്റെ വിജയം നേടി.

500- മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അടുത്ത ഗോൾ യൂറോപ്യൻ കപ്പ് /യൂറോപ്യൻ ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിൽ അവരുടെ 500-ാമത്തെ ഗോളായിരിക്കും.

ലൈവ്: രാത്രി 1.30 മുതൽ സോണി ചാനലുകളിലും സോണി ലൈവിലും