
മുംബയ്: വിദേശ പഠനം, ടൂറിസം തുടങ്ങി വിവിധ മേഖലകളിലൂടെ കഴിഞ്ഞ ഒമ്പതുമാസത്തിനിടെ ഇന്ത്യയിൽ നിന്ന് വിദേശത്തേക്ക് അയച്ചത് 13.8 ശതകോടി ഡോളർ (ഏകദേശം 1 ലക്ഷം കോടി രൂപ). റിസർവ് ബാങ്ക് ഒഫ് ഇന്ത്യയുടെ ലിബറലൈസ്ഡ് റമിറ്റൻസ് സ്‌കീം പ്രകാരം നടത്തിയ ഇടപാടുകളുടെ കണക്കാണിത്. ഈ പദ്ധതിപ്രകാരം നടപ്പ് സാമ്പത്തിക വർഷത്തെ ആദ്യ ഒമ്പതു മാസത്തിൽ പുറത്തേക്കയച്ച തുക 2020-21 സാമ്പത്തികവർഷം മൊത്തം അയച്ച 12.7 ശതകോടി ഡോളറിനേക്കാൾ അധികമായി.
കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുകയും പഠനവും ടൂറിസവുമായി ബന്ധപ്പെട്ട് വിദേശയാത്ര കൂടിയതുമാണ് ഇതിന് പ്രധാനകാരണം. വിനോദസഞ്ചാരവുമായി ബന്ധപ്പെട്ട് പല രാജ്യങ്ങളും വിസ നിയന്ത്രണങ്ങൾ നീക്കിയിരുന്നു. മാത്രമല്ല, എക്‌സ്‌പോ 20-20 യുമായി ബന്ധപ്പെട്ട് യു.എ.ഇയിലേക്കുള്ള യാത്രയിലും വലിയ വർദ്ധന ഉണ്ടായിരുന്നു. വിദേശ സർവകലാശാലകൾ ക്ലാസ് പുനരാരംഭിക്കുന്നതു സംബന്ധിച്ച അറിയിപ്പ് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് നൽകിയതോടെ വൻതോതിൽ വിദ്യാർത്ഥികൾ അതാത് രാജ്യങ്ങളിലേക്ക് മടങ്ങിയിട്ടുമുണ്ട്. വിദേശ യാത്രയുമായി ബന്ധപ്പെട്ട 884 ദശലക്ഷം ഡോളറാണ് ഇന്ത്യക്കാർ ഡിസംബറിൽ ചെലവിട്ടത്. നവംബറിൽ ഇത് 456 ദശലക്ഷം ഡോളറായിരുന്നു. എന്നാൽ വിദേശപഠനവുമായി ബന്ധപ്പെട്ട് 254 ദശലക്ഷം ഡോളറാണ് ഇന്ത്യക്കാർ ഡിസംബറിൽ പുറത്തേക്ക് അയച്ചിരിക്കുന്നത്.