bjp

ഈറോഡ്: തമിഴ്‌നാട്ടിൽ പത്ത് വർഷത്തിന് ശേഷം തദ്ദേശ തിരഞ്ഞെടുപ്പ് നടന്ന ദിവസമാണ് ഇന്ന്. എഐഡിഎംകെ കയ്യടക്കി വച്ചിരുന്ന നിരവധി സീറ്റുകൾ മുഖ്യമന്ത്രി എം.കെ സ്‌റ്റാലിൻ നേതൃത്വം നൽകുന്ന ഡിഎം‌കെ പിടിച്ചെടുത്തു. ചെന്നൈ നഗരസഭയിൽ ആദ്യമായി ബിജെപി സ്ഥാനാർത്ഥി വിജയിച്ചു. ഇതിനിടെ സ്വന്തം പാർട്ടിക്കാരും വീട്ടുകാരും വഞ്ചിച്ചെന്ന വിഷമവുമായി ഒരു സ്ഥാനാർത്ഥി രംഗത്തെത്തിയിട്ടുണ്ട്.

ഈറോഡ് ഭവാനിസാഗർ ടൗൺ പഞ്ചായത്തിലേക്ക് മത്സരിച്ച ബിജെപി സ്ഥാനാർത്ഥി നരേന്ദ്രനാണ് ഈ ദു:ഖമുള‌ളത്. ഇവിടെ 11ാം വാർഡിൽ നിന്ന് മത്സരിച്ച നരേന്ദ്രന് ലഭിച്ചത് വെറും ഒരു വോട്ടാണ്. സ്വന്തം വോട്ടല്ലാതെ കുടുംബാംഗങ്ങളോ, പാർട്ടിക്കാരോ, സുഹൃത്തുക്കളോ ഒന്നും നരേന്ദ്രന് വോട്ട് നൽകിയില്ല. ആകെ 162 വോട്ടുകളാണ് വാർഡിലുള‌ളത്. ഇതിൽ 84 വോട്ട് നേടിയ ഡിഎംകെ സ്ഥാനാർത്ഥി ജയിച്ചു. ജയിക്കുമെന്ന് വെറും പൊള‌ളയായ മോഹം നൽകി തന്നെ എല്ലാവരും പറ്റിച്ചെന്നാണ് നരേന്ദ്രൻ പ്രതികരിച്ചത്.

21 കോർപറേഷനുകളിലേക്കും 138 മുനിസിപ്പാലിറ്റികളിലേക്കും 489 ടൗൺ പഞ്ചായത്തുകളിലേക്കുമാണ് ഇലക്ഷൻ നടന്നത്. ആകെ 12,500 സീറ്റുകൾ. ഇതിൽ ബഹുഭൂരിപക്ഷം ഇടങ്ങളിലും ഡിഎം‌കെ നേട്ടമുണ്ടാക്കി. 21 കോർപറേഷനുകളിലും ഡിഎം‌കെ തന്നെയാണ് വിജയിച്ചത്.