india

ഇന്ത്യ -ശ്രീലങ്ക ട്വന്റി-20 പരമ്പര നാളെ മുതൽ

ലക്നൗ: വെസ്റ്റിൻഡീസിനെതിരായ സമ്പൂർണ വിജയം നൽകിയ വലിയ ആത്മ വിശ്വാസവുമായി ഇന്ത്യൻ ക്രിക്കറ്റ് ടീം നാളെ മുതൽ ശ്രീലങ്കയുടെ വെല്ലുവിളി നേരിടാനൊരുങ്ങുന്നു. ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ട്വന്റി-20 പരമ്പരയിലെ ആദ്യ മത്സരം നാളെ ലക്നൗവിൽ നടക്കും. രാത്രി 7 മുതലാണ് മത്സരം. രോഹിതും സംഘവും ഇന്നലെ പരിശീലനം നടത്തി. വിശ്രമത്തിലായിരുന്ന ജസ്‌പ്രീത് ബുംറയും പരിക്ക് മാറിയ രവീന്ദ്ര ജഡേജയും പരിശീലനത്തിനെത്തിയിരുന്നു. വിരാട് കൊഹ്‌ലി റിഷഭ് പന്ത് തുടങ്ങിയ പ്രമുഖരുടെ അഭാവത്തിൽ സഞ്ജു സാംസൺ ഉൾപ്പെടെയുള്ള യുവതാരങ്ങൾക്ക് കഴിവ് തെളിയിക്കാനുള്ള അവസരമാണ് കൈവിന്നിരിക്കുന്നത്.

പന്തിന്റെ അഭാവത്തിൽ ഇഷാൻ കിഷനായിരിക്കും വിക്കറ്റ് കീപ്പറായി പ്രഥമ പരിഗണനയെന്നാണ് അറിയാൻ കഴിയുന്നത്. സഞ്ജുവും ലോകകപ്പ് പദ്ധതികളുടെ ഭാഗമാണെന്ന കോച്ച് രാഹുൽ ദ്രാവിഡിന്റെ പരാമർശം താരത്തിന് അവസരം ലഭിച്ചേക്കുമെനന് സൂചനയാണ്. ട്വന്റി-20യിൽ കഴിഞ്ഞ 9 മത്സരങ്ങളിലും തോൽവി അറിയാതെ ഇപ്പോൾ ഒന്നാം റാങ്കും സ്വന്തമാക്കിയ ഇന്ത്യയ്ക്ക് വെല്ലുവിളി ഉയർത്താൻ ലങ്കയ്ക്ക് എത്രത്തോളം കഴിയുമെന്നതാണ് പ്രധാന ചോദ്യം. അസ്ട്രേലിയക്കെതിരായ ട്വന്റി-20 പരമ്പര 1-4ന് തോറ്റ ശേഷമാണ് ഷനാകയും സംഘവും ഇന്ത്യയിൽ എത്തിയിരിക്കുന്നത്. കടലാസിൽ ശക്തർ ഇന്ത്യ തന്നെയാണ്. എന്നാൽ ശ്രീലങ്കയെ ഒരിക്കലും എഴുതി തള്ളാനാകില്ല.

ട്വന്റി-20 ഫിക്സചർ

ആദ്യ മത്സരം- നാളെ ലക്നൗവിൽ

രണ്ടാം മത്സരം - 26ന് ധർമ്മശാലയിൽ

മൂന്നാം മത്സരം -27ന് ധർമ്മശാലയിൽ

ഇന്ത്യൻ ടീം: രോഹിത്, ബുംറ,ആവേശ്, ചഹൽ, ചഹർ,റുതുരാജ്,ഹൂഡ,ഇഷാൻ, സഞ്ജു, ശ്രേയസ്, വെങ്കിടേഷ്,ജഡേജ,കുൽദീപ്,ഭുവനേശ്വർ, സിറാജ്,ഹർഷൽ,ബിഷ്ണോയി, സൂര്യകുമാർ.

ലങ്കൻ ടീം: ദുസൻ ഷനാക്ക, പതും നിസ്സാങ്ക,കുശാൽ മെൻഡിസ്, ചരിത് അസലങ്ക, ദിനേഷ് ചാന്ദിമാൽ, ദനുഷ്ക ഗുണതിലക,കമിൽ മിശ്ര,ജനിത് ലിയാങ്ക, വാനിൻഡു ഹസരങ്ക, ചമിക കരുണാരത്നെ,ദുഷ്മന്ത ചമീര, ലഹിരു കുമാര,ബിനുര ഫെർണാണ്ടെ, ഷിരാൻ ഫെർണാണ്ടോ, മനീഷ് തീക്ഷണ, ജഫ്രി വാൻഡർസെ, പ്രവീൺജയ വിക്രമ, ആഷിയാൻ ഡാനിയൽ (മിനിസ്റ്റീരിയൽ അപ്രൂവൽ കിട്ടിയാൽ)​.