k-surendran

കണ്ണൂർ: തലശ്ശേരിയിലെ സി പി എം പ്രവർത്തകൻ ഹരിദാസിന്റെ വധവുമായി ബന്ധപ്പെട്ട് ബി ജെ പി കൗൺസിലർ ലിജേഷിനെ അറസ്റ്റ് ചെയ്തത് രാഷ്ട്രീയ പകപോക്കലെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ലിജേഷിന്റെ ജനപ്രീതിയിൽ വിറളിപൂണ്ട സി പി എം നേതൃത്വം അദ്ദേഹത്തെ കള്ളക്കേസിൽ കുടുക്കുകയായിരുന്നെന്ന് സുരേന്ദ്രൻ ആരോപിച്ചു.

ഒരു പ്രസംഗത്തിലെ ചില ഭാഗങ്ങൾ മാത്രം വച്ചാണ് ലിജേഷിനെ അറസ്റ്റ് ചെയ്തതെന്നും അത്തരത്തിൽ കേസ് എടുക്കുകയാണെങ്കിൽ ആദ്യം അകത്തുപോകേണ്ടത് കോടിയേരി ബാലകൃഷ്ണൻ അടക്കമുള്ള സി പി എം നേതാക്കന്മാരാണെന്നും സുരേന്ദ്രൻ ആരോപിച്ചു. സി പി എം നേതാക്കന്മാർ നടത്തിയ പ്രകോപനപരമായ പ്രസംഗങ്ങളാണ് കേരളത്തിലെ ഭൂരിപക്ഷം രാഷ്ട്രീയ കൊലപാതകങ്ങൾക്കും കാരണമായതെന്നും സുരേന്ദ്രൻ ആരോപിച്ചു.

ബി ജെ പി മണ്ഡലം പ്രസിഡന്റാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് എന്ത് അടിസ്ഥാനത്തിലാണ് പൊലീസ് പറയുന്നതെന്നും കൊല നടന്ന് പ്രതികളെ പിടികൂടുന്നതിന് മുമ്പ് ഗൂഢാലോചന തെളിയിക്കുന്നത് വിചിത്രമായ കാര്യമാണെന്നും സുരേന്ദ്രൻ പറഞ്ഞു.പൊലീസിനെ ഉപയോഗിച്ച് ബി ജെപിയെ തടയാമെന്നത് സർക്കാരിന്റെ വ്യാമോഹം മാത്രമാണ്. ഭരണകൂട ഫാസിസത്തിനെതിരെ ബിജെപി ശക്തമായ പ്രതിഷേധം സംഘടിപ്പിക്കും. ബഹുജനങ്ങളെ അണിനിരത്തി സി പി എമ്മിന്റെ ജനാധിപത്യവിരുദ്ധ സമീപനത്തിനെതിരെ സമരം തുടങ്ങുമെന്നും സുരേന്ദ്രൻ പറഞ്ഞു.