kl-rahul

ന്യൂഡൽഹി: രക്തസംബന്ധമായ അപൂർവ രോഗം ബാധിച്ച 11കാരനായ ക്രിക്കറ്ററിന്റെ ചികിത്സയ്ക്കുള്ള പണം നൽകി ഇന്ത്യയുടെ ഓപ്പണിംഗ് ബാറ്റ്സ്മാൻ കെ എൽ രാഹുൽ. മുംബയിലെ വളർന്നു വരുന്ന ക്രിക്കറ്റ് താരവും അഞ്ചാം ക്ളാസ് വിദ്യാർത്ഥിയുമായ വരദ് നലവാദെയ്ക്കാണ് രക്തത്തിലെ പ്‌ളേ‌റ്റ്ലെറ്രുകളുടെ അളവ് കുറയുന്ന അപൂർവ രോഗം പിടിപ്പെട്ടത്. നിരവധി ചികിത്സ നടത്തിയെങ്കിലും ഒന്നും ഫലവത്താകാതെ വന്നതിനെ തുടർന്ന് മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്താൻ ‌‌ഡോക്ടർമാർ തീരുമാനിക്കുകയായിരുന്നു.

എന്നാൽ ശസ്ത്രക്രിയയ്ക്കായി 35 ലക്ഷത്തോളം രൂപ ചെലവ് വരുമായിരുന്നു. ഇതിന് വേണ്ടി വരദിന്റെ മാതാപിതാക്കൾ ഒരു എൻ ജി ഒ വഴി ക്രൗഡ് ഫണ്ടിംഗ് ആരംഭിച്ചു. എന്നാൽ എത്ര ശ്രമിച്ചിട്ടും നാല് ലക്ഷം രൂപ മാത്രമാണ് അവർക്ക് സമാഹരിക്കാൻ സാധിച്ചത്. വരദിനെ കുറിച്ച് തന്റെ സുഹൃത്തുക്കൾ വഴി അറിഞ്ഞ രാഹുൽ, എൻ ജി ഒയെ ബന്ധപ്പെടുകയും ശസ്ത്രക്രിയയ്ക്ക് ചെലവാകുന്ന ബാക്കി തുകയായ 31 ലക്ഷം രൂപ താൻ നൽകാമെന്ന് അറിയിക്കുകയുമായിരുന്നു.

ശസ്ത്രക്രിയ വിജയകരമായിരുന്നെന്നും വരദ് സുഖം പ്രാപിച്ചുവരികയാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു. തന്റെ ചെറിയ സംഭാവന വരദിന്റെ ചികിത്സയ്ക്ക് സഹായകരമായതിൽ സന്തോഷമുണ്ടെന്നും എത്രയും വേഗം സുഖം പ്രാപിച്ച് വരദിന് തന്റെ സ്വപ്നങ്ങൾ കീഴടക്കാൻ സാധിക്കട്ടെയെന്നും കെ എൽ രാഹുൽ പ്രതികരിച്ചു.