felicity-ace

ബെർലിൻ : അറ്റ്‌ലാൻഡിക് സമുദ്രത്തിൽ വച്ച് കഴിഞ്ഞ ബുധനാഴ്ച തീപിടിത്തമുണ്ടായ ' ഫെലിസിറ്റി ഏയ്സ് " എന്ന ചരക്കുകപ്പലിൽ തീ നിയന്ത്രണവിധേയമാകുന്നു. ജിബ്രാൾട്ടറിൽ നിന്നെത്തിച്ച ഭീമൻ ടഗ് ബോട്ടുകളിൽ നിന്ന് ഇന്നലെ ഫെലിസിറ്റി ഏയ്സിലേക്ക് വെള്ളം ഒഴിച്ച് തീകെടുത്താൻ ശ്രമിക്കുകയായിരുന്നു. കപ്പലിൽ ഇപ്പോഴും അഗ്നിബാധയുണ്ടെങ്കിലും നിലവിൽ തൃപ്തികരമാണെന്നും തീ നിയന്ത്രണ വിധേയമാണെന്നും എണ്ണച്ചോർച്ചയില്ലെന്നും കപ്പലിന്റെ ഉടമസ്ഥരായ ജപ്പാനീസ് ഷിപ്പിംഗ് കമ്പനി മിറ്റ്‌സുയി ഒ.എസ്.കെ ലൈൻസ് അറിയിച്ചു. ഇന്നും അഗ്നിബാധ പൂർണമായും കെടുത്താനുള്ള ശ്രമങ്ങൾ തുടരും.

ജർമ്മനിയിൽ നിന്ന് യു.എസിലേക്ക് ആയിരക്കണക്കിന് ആഡംബര കാറുകളുമായി പുറപ്പെട്ട കപ്പലിലുണ്ടായിരുന്ന 22 ജീവനക്കാർ തീപിടിത്തത്തിന് പിന്നാലെ രക്ഷപ്പെട്ടതോടെ കപ്പൽ ഉപേക്ഷിക്കപ്പെടുകയായിരുന്നു. കാറുകളിലെ ലിഥിയം അയൺ ബാറ്ററിയിൽ നിന്ന് തീപടർന്നതാകാമെന്നാണ് കരുതുന്നത്. 650 അടി നീളമുള്ള ഫെലിസിറ്റി ഏയ്സിൽ പോർഷെ, ഫോക്സ്‌വാഗൺ, ലംബോർഗിനി, ഓ‌ഡി തുടങ്ങിയ ആഡംബര കാറുകളാണുള്ളത്. 1100 പോർഷെയും 189 ബെന്റ്‌ലിയുമുൾപ്പടെ 3965 കാറുകൾ കപ്പലിലുണ്ട്.

പോർച്ചുഗൽ തീരത്തെ അസോറസിന് തെക്ക് പടിഞ്ഞാറായി 90 നോട്ടിക്കൽ മൈൽ അകലത്തിൽ സഞ്ചരിക്കവെയാണ് കപ്പലിൽ തീപിടിത്തമുണ്ടായത്. കപ്പലിലുണ്ടായിരുന്ന എല്ലാവരെയും പോർച്ചുഗീസ് നേവി രക്ഷപെടുത്തി ഹെലികോപ്ടർ മാർഗം ഫയാൽ ദ്വീപിലെത്തിക്കുകയായിരുന്നു. ഇവർക്കാർക്കും പരിക്കുകളില്ല. ഫെബ്രുവരി 23ന് യു.എസിലെ റോഡ്‌ഐലൻഡിലെ ഡേവിസ്‌വില്ലിൽ എത്തിച്ചേരേണ്ടതായിരുന്നു ഫെലിസിറ്റി ഏയ്സ്.