
കൊച്ചി: ചലച്ചിത്രതാരം കെ പി എ സി ലളിത അന്തരിച്ചു. 75 വയസായിരുന്നു. വിവിധ ശാരീരിക വിഷമതകൾ അനുഭവിച്ചിരുന്ന കെ പി എ സി ലളിത എറെ നാളുകളായി ചികിത്സയിലായിരുന്നു. തൃപ്പൂണിത്തുറയിലുള്ള മകന്റെ വീട്ടിൽ വച്ചാണ് അന്ത്യം. തൃപ്പൂണിത്തുറ ലായം ഓഡിറ്റോറിയത്തിൽ പൊതുദർശനത്തിന് വച്ച ശേഷം ബുധനാഴ്ച വൈകിട്ട് വടക്കാഞ്ചേരിയിലെ വീട്ടുവളപ്പിൽ സംസ്കരിക്കും.
അമ്പത് വർഷത്തോളം അഭിനയരംഗത്ത് നിറഞ്ഞുനിന്ന കെ പി എ സി ലളിത കെ പി എ സിയുടെ നാടകങ്ങളിലൂടെയാണ് അഭിനയരംഗത്ത് എത്തുന്നത്. ആലപ്പുഴ ജില്ലയിലെ കായംകുളത്ത് ജനിച്ച ലളിതയുടെ ശരിയായ പേര് മഹേശ്വരി അമ്മ എന്നായിരുന്നു. പിതാവ് കടയ്ക്കത്തറൽ വീട്ടിൽ കെ അനന്തൻ നായർ. വളരെ ചെറുപ്പത്തിൽ തന്നെ കലാമണ്ഡലം ഗംഗാധരനിൽ നിന്ന് നൃത്തം പഠിച്ച ലളിത, തന്റെ പത്താം വയസിൽ നാടകങ്ങളിൽ അഭിനയിച്ച് തുടങ്ങി. ഗീതയുടെ ബലി ആയിരുന്നു ആദ്യ നാടകം. പിന്നീട് കെ പി എ സിയിൽ ചേരുകയും ലളിത എന്ന പേര് സ്വീകരിക്കുകയുമായിരുന്നു. സിനിമയിൽ എത്തിയതിന് ശേഷമാണ് പേരിനൊപ്പം കെ പി എ സി എന്ന് കൂടി ചേർക്കുന്നത്. കെ എസ് സേതുമാധവന്റെ കൂട്ടൂകുടുംബം എന്ന ചിത്രത്തിലൂടെയാണ് സിനിമാ ജീവിതത്തിന് തുടക്കം കുറിക്കുന്നത്.
1978ൽ സംവിധായകൻ ഭരതനെ വിവാഹം ചെയ്ത ലളിത, 1998ൽ അദ്ദേഹത്തിന്റെ മരണത്തിന് ശേഷം കുറച്ചുകാലം അഭിനയരംഗത്ത് നിന്ന് വിട്ടുനിന്നിരുന്നു. അതിന് ശേഷം 1999ൽ പുറത്തിറങ്ങിയ സത്യൻ അന്തിക്കാടിന്റെ വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന ചിത്രത്തിലൂടെ മടങ്ങിവന്ന ലളിത, രണ്ടുതവണ മികച്ച സഹനടിക്കുള്ള ദേശീയപുരസ്കാരം ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. 550 ലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. നടനും സംവിധായകനുമായ സിദ്ധാർത്ഥ് അടക്കം രണ്ട് മക്കൾ ഉണ്ട്.