
തിരുവനന്തപുരം: അഭിനയത്തിന്റെ അമരത്തുനിന്ന് ശാന്തിയുടെ മഹാതീരത്തേക്ക് കെ.പി.എ.സി ലളിത യാത്രയായി. അഞ്ചു പതിറ്റാണ്ടിലേറെ മലയാള സിനിമാ നാടകവേദികളിൽ നടന വിസ്മയം തീർത്ത കെ.പി.എ.സി ലളിത (74) ഇന്നലെ രാത്രി 10. 45നാണ് വിടവാങ്ങിയത്. തൃപ്പൂണിത്തുറയിലെ മകന്റെ ഫ്ളാറ്റിലായിരുന്നു അന്ത്യം. അസുഖത്തെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു. അന്തരിച്ച പ്രമുഖസംവിധായകൻ ഭരതന്റെ ഭാര്യയായ ലളിത നിലവിൽ കേരള സംഗീത നാടക അക്കാഡമി അദ്ധ്യക്ഷയാണ്.
കായംകുളം രാമപുരത്ത് കടയ്ക്കൽ തറയിൽ അനന്തൻ നായരുടെയും ഭാർഗവി അമ്മയുടെയും മകളായി 1947 മാർച്ച് പത്തിന് ഇടയാറന്മുളയിലാണ് ജനിച്ചത്. മഹേശ്വരി എന്നായിരുന്നു യഥാർഥ പേര്. രാമപുരത്തെ സ്‌കൂളിൽ വച്ച് 'പൊന്നരിവാളമ്പിളിയില് കണ്ണെറിയുന്നോളെ...' എന്ന വിപ്ളവഗാനത്തിന് ചുവടുവച്ചായിരുന്നു കലാരംഗത്തേക്ക് വന്നത്. പത്താംവയസിൽ ചങ്ങനാശ്ശേരി ഗീഥയുടെ 'ബലി'യെന്ന നാടകത്തിലൂടെ നാടകരംഗത്തെത്തി. കെ.പി.എ.സിയിൽ എത്തിയതിന് ശേഷമാണ് മഹേശ്വരി കെ.പി.എ.സി ലളിതയാവുന്നത്. ചുരുങ്ങിയ കാലംകൊണ്ട് നാടകവേദികളിൽ ശ്രദ്ധനേടി.
തോപ്പിൽ ഭാസിയുടെ കൂട്ടുകുടുംബം എന്ന നാടകം 1969 ൽ കെ.എസ്. സേതുമാധവൻ സിനിമയാക്കിയപ്പോൾ സിനിമയിൽ അരങ്ങേറ്റം കുറിച്ചു.നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി, ഒതേനന്റെ മകൻ, വാഴ്‌വേ മായം, ത്രിവേണി, അനുഭവങ്ങൾ പാളിച്ചകൾ, ഒരു സുന്ദരിയുടെ കഥ, സ്വയംവരം തുടങ്ങിയ ചിത്രങ്ങളിലൂടെ ചലച്ചിത്ര രംഗത്തും നിറസാന്നിദ്ധ്യമായി. സഹനായിക വേഷങ്ങളിലാണ് ഏറെ തിളങ്ങിയത്. ഹാസ്യവേഷങ്ങളെ അതിഗംഭീരമാക്കി. അറുനൂറിലേറെ സിനിമകളിൽ വേഷമിട്ടു.മികച്ച സഹനടിക്കുള്ള ദേശീയപുരസ്‌കാരം രണ്ടുതവണ കരസ്ഥമാക്കി. ഭരതന്റെ അമരം, ജയരാജിന്റെ ശാന്തം എന്നീ ചിത്രങ്ങളിലെ അഭിനയത്തിനായിരുന്നു ദേശീയ പുരസ്‌കാരം. നീല പൊൻമാൻ, ആരവം, അമരം, കടിഞ്ഞൂൽ കല്യാണം,ഗോഡ്ഫാദർ,സന്ദേശം തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിന് നാലുതവണ സംസ്ഥാന പുരസ്‌കാരവും നേടി.
1978ൽ ഭരതനെ ജീവിത പങ്കാളിയാക്കി. വിവാഹശേഷം ഭരതന്റെ അമരം, ആരവം, വെങ്കലം തുടങ്ങി എല്ലാചിത്രങ്ങളിലും ലളിത പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചു 1998ൽ ഭരതന്റെ വിയോഗശേഷം കുറച്ച് നാൾ സിനിമയിൽ നിന്ന് മാറി നിന്ന ലളിത, സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത വീണ്ടും ചില വീട്ടുകാര്യങ്ങളിലൂടെ വീണ്ടും സജീവമായി. ടി.വി സീരിയലുകളിലും ശ്രദ്ധേയ വേഷങ്ങൾ ചെയ്തു.സംവിധായകനും നടനുമായ സിദ്ധാർഥ് ഭരതൻ, ശ്രീക്കുട്ടി എന്നിവരാണ് മക്കൾ.