
കീവ് : യുക്രെയിന് മേൽ റഷ്യൻ സേന ഏത് നിമിഷവും ആക്രമണം തൊടുക്കാമെന്ന ഭീതി ലോകമാകെ ആളിപ്പടരുന്നതിനിടെ യുക്രെയിന് നേരെ ഏതെങ്കിലും തരത്തിലെ ആപത്ത് സൂചനകൾ വരുന്നുണ്ടോയെന്നറിയാൻ രാജ്യത്തിന് മീതെ ചാരകണ്ണുകളുമായി വട്ടമിട്ട് പറന്ന് യു.എസിന്റെ ' ആർ.ക്യൂ - 4 ഗ്ലോബൽ ഹോക്ക് ". യുഎസിനും നാറ്റോയ്ക്കുമിടെ പരസ്പരം രഹസ്യ വിവരങ്ങൾ കൈമാറുന്നതിനായി നിരവധി ചാരവിമാനങ്ങളാണ് റഷ്യ - യുക്രെയിൻ അതിർത്തിയിലൂടെ ചുറ്റുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളിൽ യുക്രെയിൻ അതിർത്തിയ്ക്ക് സമീപം ഗ്ലോബൽ ഹോക്ക് നിരവധി തവണ പ്രത്യക്ഷപ്പെട്ടിരുന്നു. ലോകത്തിലെ തന്നെ ഏറ്റവും വലിയ നിരീക്ഷണ ഡ്രോണാണ് ഗ്ലോബൽ ഹോക്ക്.
നിലവിൽ യുക്രെയിൻ അതിർത്തിയ്ക്ക് സമീപം റഷ്യൻ സേനാവിന്യാസം സംബന്ധിച്ച നിർണായക വിവരങ്ങൾ ഉപഗ്രഹ ചിത്രങ്ങളിലൂടെ ലഭിക്കുന്നുണ്ട്. അതേ സമയം, വിവരങ്ങൾ സൂഷ്മമായി ഒപ്പിയെടുത്ത് അതിവേഗത്തിൽ കൈമാറുന്ന ചുമതലയാണ് ചാരവിമാനങ്ങൾക്ക്. ഇതിൽ പൈലറ്റുള്ളതും പൈലറ്റ് ഇല്ലാത്തവയുമുണ്ട്. പൈലറ്റില്ലാ വിമാനമായ ആർ.ക്യൂ - 4 ഗ്ലോബൽ ഹോക്കിനെ വിദൂരമേഖലയിൽ നിന്ന് നിയന്ത്രിക്കാം.
അമേരിക്കൻ എയറോസ്പേസ് ആൻഡ് ഡിഫൻസ് കമ്പനിയായ നോർത്രോപ് ഗ്രൂമ്മൻ നിർമ്മിച്ച ഗ്ലോബൽ ഹോക്ക് 1998 മുതലാണ് യു.എസും പിന്നാലെ നാറ്റോ സഖ്യ രാജ്യങ്ങളും ഉപയോഗിച്ച് തുടങ്ങിയത്. യു.എസിന്റെ ആളില്ലാ നിരീക്ഷണ വിമാനങ്ങളിൽ ഏറ്റവും കരുത്തനാണ് ഗ്ലോബൽ ഹോക്ക്. 60,000 അടിയിലേറെ ഉയരത്തിൽ ശത്രുക്കളുടെ കണ്ണുവെട്ടിച്ച് പറക്കാൻ ഗ്ലോബൽ ഹോക്കിന് കഴിയും. ദിവസവും ഒരു ലക്ഷം ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലുള്ള പ്രദേശം നിരീക്ഷിച്ച് റഡാർ സിഗ്നലുകളെയും മറ്റും ശേഖരിക്കാനും ഗ്ലോബൽ ഹോക്കിന് കഴിയും.
റഷ്യൻ സംഘർഷ ഭീതിയെ തുടർന്ന് യുക്രെയിൻ ആകാശം ഏറെക്കുറേ ശൂന്യമായ ഘട്ടത്തിലാണ് ഗ്ലോബൽ ഹോക്ക് മണിക്കൂറുകളോളം രാജ്യത്തിന് മുകളിലൂടെ പറക്കുന്നത്. കഴിഞ്ഞ ഒരു മാസമായി രണ്ട് ഗ്ലോബൽ ഹോക്ക് ചാരവിമാനങ്ങൾ മെഡിറ്ററേനിയൻ കടലിൽ നിന്ന് യുക്രെയിനിലേക്ക് പറന്ന് തുടർച്ചായി പതിവ് ദൗത്യം നടത്തുന്നുണ്ട്. 40 മീറ്റർ വിംഗ്‌സ്പാനും 15 മീറ്റർ നീളവുമുള്ള ഗ്ലോബൽ ഹോക്കിന് 30 മണിക്കൂറിലേറെ തുടർച്ചായായി പറക്കാനാകും.