
ന്യൂഡൽഹി: യുദ്ധഭീതി നിലനിൽക്കുന്ന യുക്രെയിനിൽ നിന്നും ഇന്ത്യൻ പൗരന്മാരെ സുരക്ഷിതമായി തിരികെയെത്തിക്കാനുളള 'വന്ദേ ഭാരത്' ദൗത്യത്തിന്റെ ആദ്യ വിമാനം ഡൽഹി വിമാനത്താവളത്തിൽ എത്തിച്ചേർന്നു. കേന്ദ്ര സഹമന്ത്രി വി.മുരളീധരൻ വിവരം സ്ഥിരീകരിച്ച് ഫേസ്‌ബുക്കിൽ പോസ്‌റ്റ് ചെയ്‌തു.
200ലധികം യാത്രക്കാരെ വഹിക്കാൻ ശേഷിയുളള എയർഇന്ത്യയുടെ ഡ്രീംലൈനർ ബി-787 വിമാനത്തിൽ 232 യാത്രക്കാരുണ്ട്. യുക്രെയിനിലുളള ഇന്ത്യക്കാരോട് എത്രയും വേഗം മടങ്ങിയെത്താൻ മുൻപ് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടിരുന്നു. ആകെ മൂന്ന് വിമാനങ്ങളാണ് വന്ദേ ഭാരത് ദൗത്യത്തിൽ യുക്രെയിനിലേക്ക് അയക്കുക.
റഷ്യൻ പിന്തുണയുളള വിമതർ കീഴടക്കിയ രണ്ട് പ്രദേശങ്ങൾ പ്രത്യേക രാജ്യങ്ങളായി റഷ്യ അംഗീകരിക്കുകയും ഇവിടങ്ങളിലേക്ക് സമാധാന ദൗത്യവുമായി സൈന്യത്തെ അയക്കുകയും ചെയ്‌തതോടെ റഷ്യ-യുക്രെയിൻ യുദ്ധ ഭീതിയിലാണ് ലോകം. ഏത് നിമിഷത്തിലും ശക്തമായ ആക്രമണം യുക്രെയിനിൽ റഷ്യ നടത്താനിടയുണ്ട്. റഷ്യയുടെ നടപടി അന്താരാഷ്‌ട്ര സമാധാന നിയമങ്ങളുടെ ലംഘനമാണെന്ന് ഇന്ത്യയും അമേരിക്കയും ഉൾപ്പടെ വിമർശിച്ചിരുന്നു.