
കൊച്ചി: അന്തരിച്ച നടി കെ പി എ സി ലളിതയുടെ സംസ്‌കാരം വൈകിട്ട് അഞ്ച് മണിക്ക് വടക്കാഞ്ചേരിയിലെ വീട്ടുവളപ്പിൽ. ഔദ്യോഗിക ബഹുമതികളോടെയായിരിക്കും ചടങ്ങുകൾ. മൃതദേഹം രാവിലെ എട്ട് മുതൽ പതിനൊന്നര വരെ തൃപ്പൂണിത്തുറയിലെ ലായം ഓഡിറ്റോറിയത്തിൽ പൊതുദർശനത്തിന് വയ്ക്കും.
മൃതദേഹം ഉച്ചയോടെ വടക്കാഞ്ചേരിയിലെ വീട്ടിലേക്ക് കൊണ്ടുപോകും. സംഗീതനാടക അക്കാഡമി ഹാളിലും പൊതുദര്‍ശനമുണ്ടാകും. ഇന്നലെ രാത്രി 10. 45നാണ് കെ പി എ സി ലളിത വിടവാങ്ങിയത്. തൃപ്പൂണിത്തുറയിലെ മകന്റെ ഫ്ളാറ്റിലായിരുന്നു അന്ത്യം. അസുഖത്തെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു.
അന്തരിച്ച പ്രമുഖ സംവിധായകൻ ഭരതന്റെ ഭാര്യയായ ലളിത നിലവിൽ കേരള സംഗീത നാടക അക്കാഡമി അദ്ധ്യക്ഷയാണ്. 1947 മാർച്ച് പത്തിന് കായംകുളം രാമപുരത്ത് കടയ്ക്കൽ തറയിൽ അനന്തൻ നായരുടെയും ഭാർഗവി അമ്മയുടെയും മകളായി ജനിച്ചു. മഹേശ്വരി എന്നായിരുന്നു യഥാർഥ പേര്. രാമപുരത്തെ സ്‌കൂളിൽ വച്ച് 'പൊന്നരിവാളമ്പിളിയില് കണ്ണെറിയുന്നോളെ...' എന്ന വിപ്ളവഗാനത്തിന് ചുവടുവച്ചായിരുന്നു കലാരംഗത്തേക്ക് വന്നത്.
പത്താം വയസിൽ ചങ്ങനാശ്ശേരി ഗീഥയുടെ 'ബലി'യിലൂടെ നാടകരംഗത്തെത്തി. കെ പി എ സിയിൽ എത്തിയതിന് ശേഷമാണ് മഹേശ്വരി കെ പി എ സി ലളിതയാവുന്നത്. ചുരുങ്ങിയ കാലംകൊണ്ട് നാടകവേദികളിൽ ശ്രദ്ധനേടി. തോപ്പിൽ ഭാസിയുടെ കൂട്ടുകുടുംബം എന്ന നാടകം 1969 ൽ കെ എസ് സേതുമാധവൻ സിനിമയാക്കിയപ്പോൾ സിനിമയിൽ അരങ്ങേറ്റം കുറിച്ചു.
നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി, ഒതേനന്റെ മകൻ, വാഴ്‌വേ മായം, ത്രിവേണി, അനുഭവങ്ങൾ പാളിച്ചകൾ, ഒരു സുന്ദരിയുടെ കഥ, സ്വയംവരം തുടങ്ങിയ ചിത്രങ്ങളിലൂടെ ചലച്ചിത്ര രംഗത്തും നിറസാന്നിദ്ധ്യമായി. സഹനായിക വേഷങ്ങളിലാണ് ഏറെ തിളങ്ങിയത്.
അറുനൂറിലേറെ സിനിമകളിൽ അഭിനയിച്ചു. മികച്ച സഹനടിക്കുള്ള ദേശീയ പുരസ്‌കാരം രണ്ടുതവണ നേടി. ഭരതന്റെ അമരം, ജയരാജിന്റെ ശാന്തം എന്നീ ചിത്രങ്ങളിലെ അഭിനയത്തിനായിരുന്നു ദേശീയ പുരസ്‌കാരം. നീല പൊൻമാൻ, ആരവം, അമരം, കടിഞ്ഞൂൽ കല്യാണം,ഗോഡ്ഫാദർ, സന്ദേശം തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിന് നാലുതവണ സംസ്ഥാന പുരസ്‌കാരവും നേടി. ടിവി സീരിയലുകളിലും ശ്രദ്ധേയ വേഷങ്ങൾ ചെയ്തു. 'കഥ തുടരും' എന്ന ആത്മകഥ രചിച്ചു. മക്കൾ: സംവിധായകനും നടനുമായ സിദ്ധാർഥ് ഭരതൻ, ശ്രീക്കുട്ടി.