kpsc-lalitha-mohanlal

മലയാള സിനിമയിൽ ഒരിക്കലും നികത്താൻ കഴിയാത്ത നഷ്ടമാണ് കെ പി എ സി ലളിതയുടെ നിര്യാണത്തോടെ ഉണ്ടായിരിക്കുന്നത്. സ്ത്രീ ഭാവങ്ങളെ അസാധാരണമായ സ്വാഭാവികതയോടെ അവതരിപ്പിച്ച പ്രതിഭയായിരുന്നു അവർ. പ്രേക്ഷകരെ ഇത്രയേറെ ചിരിപ്പിച്ച ഒരു അഭിനേത്രി ഒരുപക്ഷേ വേറെ ഉണ്ടായിരിക്കില്ല.

ജീവിതത്തിലും നർമത്തിന് ഏറെ പ്രാധാന്യം നൽകിയ ആളായിരുന്നു. കെ പി എ സി ലളിതയുടെ എത്ര വലിയ പിണക്കവും അലിഞ്ഞില്ലാതാകാൻ ഒരു നർമം കേട്ടാൽ മതി. അത്തരത്തിൽ മണിച്ചിത്രത്താഴ് എന്ന സിനിമയുടെ ഡബ്ബിംഗിനിടെ സംഭവിച്ച ഒരു കുഞ്ഞു സംഭവം വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധാകൻ ഫാസിൽ.

പ്രേക്ഷകരെ ഏറെ ചിരിപ്പിച്ച മോഹൻലാൽ കെ.പി.എ.സി ലളിത കൂട്ടുകെട്ടിലെ 'കുളിമുറി' രംഗത്തിന് പിന്നിലെ രസകരമായ സംഭവത്തെക്കുറിച്ചാണ് സംവിധായകൻ വിവരിക്കുന്നത്. 'തിരക്കഥാരചന പുരോഗമിക്കുന്നതിനിടയിൽ ഞാൻ മധുവിനോട് (മധു മുട്ടം) പറഞ്ഞു. ഇന്റർവെൽ കഴിഞ്ഞ് പ്രേക്ഷകരോട് നമ്മൾ വിശ്വസിക്കാൻപറ്റാത്ത പലതും പറയാൻ പോവുകയാണ്. കാട്ടിക്കൊടുക്കാൻ പോവുകയാണ്. അവരുടെ പിരിമുറുക്കം കൂട്ടാൻപോവുകയാണ്. അതിനുമുൻപ് അവർക്കൊരു ചായ കൊടുക്കണ്ടേ? ഒരു ഹ്യൂമർ. സണ്ണി പ്രവർത്തനമണ്ഡലത്തിലേക്ക് ഇറങ്ങും മുൻപ് ഒരു ഹ്യൂമർ സീൻ വേണം. മധുവിന്റെ എപ്പോഴത്തെയും ബലഹീനതയാണ് ഹ്യൂമർ. ധൃതിയിൽ മധു മുറിയിലേക്ക് പോയി.

സന്ധ്യയോടെയാണ് തിരിച്ചുവന്നത്. എഴുതിയ സീൻ കയ്യിൽ തന്നു. അതെന്നെ നോക്കി അടക്കിയടക്കി ചിരിക്കാൻ തുടങ്ങി. അപ്പുറത്തെ കുളിമുറിയിൽ നിന്ന് കെ.പി.എ.സി. ലളിതയുടെ ശബ്ദം ആരാടീ എന്റെ മുണ്ടെടുത്തത്? ഇപ്പുറത്തെ കുളിമുറിയിൽ നിന്ന് മോഹൻലാലിന്റെ പെൺശബ്ദം. എടിയല്ല. പിന്നെ. പുരുഷശബ്ദം. എടാ ആണ് എടാ. അങ്ങനെയാണ് ആ മുണ്ട്‌ കോമഡിയുടെ ജനനം. ആ സീനിൽ ലളിചേച്ചിയുടെ ശബ്ദം മാത്രമ്രേ വേണ്ടൂ. സാന്നിധ്യം ആവശ്യമില്ല.

ഈ സീൻ ഷൂട്ടൊക്കെ കഴിഞ്ഞ് ഡബ്ബിംഗിനായി ചെന്നൈയിൽ എത്തി. ഞാനന്ന് ഡബ്ബിംഗ് തിയേറ്ററിൽ ഇല്ല. ലളിതചേച്ചി ഓരോ സീനും വായിച്ച് തുടക്കം മുതലേ ഡബ്ബ് ചെയ്തുവരികയാണ്. വന്ന് വന്ന് കുളിമുറിസീൻ വായിച്ചു കഴിഞ്ഞപ്പോൾ ചേച്ചി ഒന്നമ്പരന്നു. ''ഇതേത് സീൻ? എപ്പോ എടുത്തു? ഞാനറിഞ്ഞില്ലല്ലോ.'' ചേച്ചി പരിഭവിക്കുകയാണോ, തമാശ പറയുകയാണോയെന്ന് സഹസംവിധായകർക്ക് പിടികിട്ടിയില്ല. ആരും ഒന്നും മിണ്ടിയില്ല. ചേച്ചി പിണങ്ങിമാറി ഇരുന്നുകളഞ്ഞു.

'എന്നോട് പറയാതെ എന്തിനാ എന്റെ സീൻ എടുത്തത്. എല്ലാവരും കൂടെ എന്നെ ഒഴിവാക്കി, ഒളിച്ചുപോയി എന്റെ സീൻ എടുത്തു അല്ലേ? ഞാൻ അഭിനയിച്ചിട്ടില്ലാത്ത സീൻ ഞാനെന്തിന് ഡബ്ബ് ചെയ്യണം. അപ്പോ ഡബ്ബ് ചെയ്യണമെങ്കിൽ അതിന് വേറെ കാശ് തരണം''. അസോസിയേറ്റ് ഡയറക്ടർ ഷാജി മെല്ലെ മയപ്പെടുത്താൻ ശ്രമിച്ചു. ''ചേച്ചി ഡയറക്ടർ ചെയ്തത് നല്ലൊരു കാര്യമല്ലേ?'' ചേച്ചി ചോദിച്ചു. ''എന്ത് നല്ല കാര്യം.'' ഷാജി പറഞ്ഞു. ''ഈ സിനിമയിൽ ചേച്ചീടെ കുളിസീൻ ഇടാത്തത് നല്ല കാര്യമല്ലേ?'' ചേച്ചി ചിരിച്ചുപോയി. പിന്നെ, ''ശരിയാ ഞാനത് ഓർത്തില്ലാ'' എന്നും പറഞ്ഞ് സീൻ ഡബ്ബ് ചെയ്തു.