
മലയാള സിനിമ കണ്ട ഏറ്റവും മികച്ച അഭിനേത്രിയും അരങ്ങൊഴിഞ്ഞു. മറ്റാർക്കും പകർന്നാടാൻ കഴിയാത്ത തരത്തിൽ കിട്ടിയ വേഷങ്ങളെല്ലാം ഗംഭീരമാക്കിയാണ് അവർ യാത്രയായത്. നിരവധി സിനിമകളിൽ കെപിഎസി ലളിതയും തിലകനൊപ്പം ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. എന്നാൽ, ഇരുവർക്കുമിടയിൽ പ്രേക്ഷകർക്ക് അറിയാത്ത ഒരു വലിയ പിണക്കത്തിന്റെ കഥയുണ്ടായിരുന്നു. കേരളകൗമുദി ഫ്ലാഷ് മൂവിസിന് നൽകിയ അഭിമുഖത്തിലായിരുന്നു കെപിഎസി ലളിതയുടെ ഈ തുറന്നു പറച്ചിൽ.
'എന്റെ പിറകേ നടന്ന് വഴക്കുണ്ടാക്കുന്നത് തിലകൻ ചേട്ടന് രസമായിരുന്നു. ഒരിക്കൽ ഒരു കാര്യവുമില്ലാതെ പുള്ളി എന്റെ ഭർത്താവിനെ കുറിച്ച് മോശം പറഞ്ഞു. ഭരതേട്ടൻ ജാതി കളിക്കുന്ന ആളെന്നായിരുന്നു തിലകൻ ചേട്ടന്റെ ആരോപണം. അന്ന് എനിക്കും നിയന്ത്രണം വിട്ടു. ഞാനും എന്തൊക്കെയോ പറഞ്ഞു. ഒടുവിൽ ഉണ്ണിക്കൃഷ്‌ണൻ ചേട്ടൻ ഇടപെട്ടില്ലായിരുന്നുവെങ്കിൽ അടിയിൽ കലാശിക്കുമായിരുന്നു.
ഒരു തീപ്പെട്ടി കൊള്ളി രണ്ടായി ഒടിച്ചിട്ട് തിലകൻ ചേട്ടൻ പറഞ്ഞു ഇതു രണ്ടും ഒന്നിക്കുന്ന കാലത്തേ നിന്നോട് ഇനി മിണ്ടൂവെന്ന്. നിങ്ങളെ കുഴിയിൽ കൊണ്ടുവച്ചാൽ പോലും മിണ്ടാൻ വരത്തില്ലെന്ന് ഞാനും പറഞ്ഞു. സ്ഫടികത്തിൽ അഭിനയിക്കുമ്പോഴും ഞങ്ങൾ മിണ്ടില്ലായിരുന്നു. കോമ്പിനേഷൻ സീനിൽ അഭിനയിക്കുമ്പോൾ എന്തെങ്കിലും അഭിപ്രായം ഉണ്ടെങ്കിൽ അത് സംവിധായകൻ ഭദ്രനോട് പറയുമായിരുന്നു. അനിയത്തിപ്രാവിന്റെ സമയത്ത് ശ്രീവിദ്യയാണ് ഞങ്ങളുടെ പിണക്കം മാറ്റിയത്."