kpac-lalitha

മലയാള സിനിമയിലെ അമ്മ വേഷങ്ങൾ ഗംഭീരമാക്കിയവരാണ് കെപിഎസി ലളിതയും കവിയൂർ പൊന്നമ്മയും. ഇരുവരും സഹപ്രവർത്തകർ മാത്രമായിരുന്നില്ല അടുത്ത സുഹൃത്തുക്കളുമായിരുന്നു.

വർഷങ്ങൾക്ക് മുമ്പ് തൃശൂർ വടക്കാഞ്ചേരി ഉത്രാളിക്കാവ് ക്ഷേത്രത്തിലെ പൂരത്തിന്റെ ഭാഗമായുള്ള പകൽ വെടിക്കെട്ട് നടക്കുന്ന സമയം. ജനലഴിക്കുള്ളിലൂടെ നോക്കുന്ന ഇരുവരുടെയും ചിത്രം അന്ന് കാമറയിൽ പകർത്തിയത് കേരളകൗമുദി ഫോട്ടോഗ്രാഫർ റാഫി എം.ദേവസിയായിരുന്നു. ഇന്നിപ്പോൾ അടുത്ത സുഹൃത്തിന്റെ വേർപാടിന്റെ വേദനയിലാണ് കവിയൂർ പൊന്നമ്മ.

കഴിഞ്ഞ ദിവസം രാത്രിയായിരുന്നു കെപിഎസി ലളിത അന്തരിച്ചത്. കരൾരോഗത്തെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു. തൃപ്പൂണിത്തുറയിലെ മകൻ സിദ്ധാർത്ഥിന്റെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. മോഹൻലാൽ,​ മമ്മൂട്ടി,​ ദിലീപ്,​ കാവ്യാമാധവൻ,​ നവ്യാ നായർ,​ പൃഥ്വിരാജ്,​ മഞ്ജുപിള്ള,​ ജനാർദ്ദൻ തുടങ്ങി നിരവധി താരങ്ങൾ ലളിതയ്‌ക്ക് അന്ത്യാഞ്ജലി അർപ്പിക്കാനായി എത്തിയിരുന്നു.

മൃതദേഹം രാവിലെ എട്ട് മുതൽ തൃപ്പൂണിത്തുറയിലെ ലായം ഓഡിറ്റോറിയത്തിൽ പൊതുദർശനത്തിന് വച്ചിരിക്കുകയാണ്. ഉച്ചയോടെ വടക്കാഞ്ചേരിയിലെ വീട്ടിലേക്ക് കൊണ്ടുപോകും. സംഗീതനാടക അക്കാഡമി ഹാളിലും പൊതുദർശനമുണ്ടാകും.

തുടർന്ന് അഞ്ചു മണിക്ക് വടക്കാഞ്ചേരിയിലെ വീട്ടുവളപ്പിൽ ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്‌കാര ചടങ്ങുകൾ. സഹനടിക്കുള്ളള ദേശീയ പുരസ്കാരം രണ്ടു വട്ടം നേടിയ കെപിഎസി ലളിത അറുന്നൂറിൽ പരം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.