kpac-laitha

കൊച്ചി: ചലച്ചിത്രതാരം കെപിഎസി ലളിതയുടെ നിര്യാണത്തിൽ സാമൂഹിക,സാംസ്കാരിക,രാഷ്ട്രീയ രംഗത്തെ പ്രമുഖരാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ അനുശോചനം അറിയിച്ച് എത്തിയത്. മമ്മൂട്ടി, മോഹൻലാൽ, രമേഷ് പിഷാരടി, രഞ്ജി പണിക്കർ, മഞ്ജു പിള്ള, നമിത പ്രമോദ്, ജയസൂര്യ, സുരാജ് വെഞ്ഞാറമൂട്, വിനീത് തുടങ്ങി സിനിമാ സീരിയൽ രംഗത്ത് പ്രവർത്തിക്കുന്നവർ കെപിഎസി ലളിതയെ അവസാനമായി കാണാൻ എത്തി. വിവിധ ശാരീരിക വിഷമതകൾ അനുഭവിച്ചിരുന്ന കെപിഎസി ലളിത ഏറെ നാളായി ചികിത്സയിലായിരുന്നു. തൃപ്പൂണിത്തുറയിലുള്ള മകന്റെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. തൃപ്പൂണിത്തുറ ലായം ഓഡിറ്റോറിയത്തിൽ പൊതുദർശനത്തിന് ശേഷം ഇന്ന് വൈകിട്ട് വടക്കാഞ്ചേരിയിലെ വീട്ടുവളപ്പിൽ സംസ്കരിക്കും.

mammootty

തനിക്ക് വളരെ വളരെ പ്രയപ്പെട്ടൊരാളെ നഷ്ടമായിരിക്കുന്നു എന്നാണ് മമ്മൂട്ടി ഫെയ്സ്ബുക്കിൽ കുറിച്ചത്.

mohanlal

എൻ്റെ പ്രിയപ്പെട്ട ലളിതച്ചേച്ചീ. അഭിനയിക്കുകയായിരുന്നില്ല ചേച്ചി, സിനിമയിലും ജീവിതത്തിലും. പ്രേക്ഷകരെയും പ്രിയപ്പെട്ടവരെയും ചേർത്തുപിടിക്കുകയായിരുന്നു, തന്മയിത്വത്തോടെ. ആ സ്നേഹം, നിറഞ്ഞ പുഞ്ചിരിയോടെ കാലയവനികയ്ക്കുള്ളിൽ മറയുമ്പോൾ, കേവലം ഔപചാരികമായ വാക്കുകൾ കൊണ്ട് ആദരാഞ്ജലികൾ അർപ്പിക്കാൻ ആവുന്നില്ല. പകരം വെക്കാനില്ലാത്ത പ്രതിഭയായിരുന്ന ചേച്ചിയുടെ വേർപാട് മലയാളിക്കും മലയാള സിനിമയ്ക്കും തീരാനഷ്ടം തന്നെയാണ്. എന്നാണ് മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചത്.

ramesh-pisharody

ചേച്ചീ എന്നാണ് വിളിച്ചിരുന്നതെങ്കിലും മനസിൽ എന്നും അമ്മ മുഖമാണ് കെപിഎസി ലളിതയ്ക്കെന്നാണ് മഞ്ജു വാര്യർ പറഞ്ഞത്. മനോജ് കെ ജയൻ,ദുൽഖർ സൽമാൻ,ജയറാം, ഇന്നസെന്റ് തുടങ്ങി നിരവധി താരങ്ങളും അനുശോചനം അറിയിച്ചിരുന്നു.

manju-pillai

namitha-pramod

suraj-venjaramood

vineeth

അമ്പത് വർഷത്തോളം അഭിനയരംഗത്ത് നിറഞ്ഞുനിന്ന കെ പി എ സി ലളിത കെ പി എ സിയുടെ നാടകങ്ങളിലൂടെയാണ് അഭിനയരംഗത്ത് എത്തുന്നത്. ആലപ്പുഴ ജില്ലയിലെ കായംകുളത്ത് ജനിച്ച ലളിതയുടെ ശരിയായ പേര് മഹേശ്വരി അമ്മ എന്നായിരുന്നു. പിതാ‍വ് കടയ്ക്കത്തറൽ വീട്ടിൽ കെ അനന്തൻ നായർ. വളരെ ചെറുപ്പത്തിൽ തന്നെ കലാമണ്ഡലം ഗംഗാധരനിൽ നിന്ന് നൃത്തം പഠിച്ച ലളിത, തന്റെ പത്താം വയസിൽ നാടകങ്ങളിൽ അഭിനയിച്ച് തുടങ്ങി. ഗീതയുടെ ബലി ആയിരുന്നു ആദ്യ നാടകം. പിന്നീട് കെ പി എ സിയിൽ ചേരുകയും ലളിത എന്ന പേര് സ്വീകരിക്കുകയുമായിരുന്നു. സിനിമയിൽ എത്തിയതിന് ശേഷമാണ് പേരിനൊപ്പം കെ പി എ സി എന്ന് കൂടി ചേർക്കുന്നത്. കെ എസ് സേതുമാധവന്റെ കൂട്ടൂകുടുംബം എന്ന ചിത്രത്തിലൂടെയാണ് സിനിമാ ജീവിതത്തിന് തുടക്കം കുറിക്കുന്നത്.

1978ൽ സംവിധായകൻ ഭരതനെ വിവാഹം ചെയ്ത ലളിത, 1998ൽ അദ്ദേഹത്തിന്റെ മരണത്തിന് ശേഷം കുറച്ചുകാലം അഭിനയരംഗത്ത് നിന്ന് വിട്ടുനിന്നിരുന്നു. അതിന് ശേഷം 1999ൽ പുറത്തിറങ്ങിയ സത്യൻ അന്തിക്കാടിന്റെ വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന ചിത്രത്തിലൂടെ മടങ്ങിവന്ന ലളിത, രണ്ടുതവണ മികച്ച സഹനടിക്കുള്ള ദേശീയപുരസ്കാരം ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. 550 ലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. നടനും സംവിധായകനുമായ സിദ്ധാർത്ഥ് അടക്കം രണ്ട് മക്കൾ ഉണ്ട്.