
കെ പി എ സി ലളിതയെ അവസാനമായി ഒരുനോക്ക് കാണാൻ അൽപം മുൻപാണ് മെഗാസ്റ്റാർ മമ്മൂട്ടി എത്തിയത്. തനിക്ക് വളരെ പ്രിയപ്പെട്ട ഒരാളെയാണ് നഷ്ടമായിരിക്കുന്നതെന്ന് അദ്ദേഹം അനുസ്മരിച്ചു. വർഷങ്ങളായി അടുത്ത സൗഹൃദമായിരുന്നു ഇരുവരും തമ്മിലുണ്ടായിരുന്നത്.
കനൽക്കാറ്റ്, അമരം, കോട്ടയം കുഞ്ഞച്ചൻ, ലൗഡ് സ്പീക്കർ തുടങ്ങി നിരവധി സിനിമകളിൽ ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു. 'മതിലുകളിൽ' നാരായണിക്കായി ഡബ്ബ് ചെയ്തതും കെ പി എ സി ലളിതയായിരുന്നു. അമരം എന്ന ചിത്രത്തിൽ തനിക്ക് ദേശീയ അവാർഡ് ലഭിച്ചിട്ടുണ്ടെങ്കിൽ അതിന്റെ ഉടമസ്ഥൻ മമ്മൂട്ടിയാണെന്ന് ഒരിക്കൽ കെ പി എ സി ലളിത പറഞ്ഞിരുന്നു.
കെ പി എ സി ലളിതയുടെ വാക്കുകൾ
'എന്റെ ഡബ്ബിംഗ് നടക്കുമ്പോൾ മമ്മൂട്ടി അവിടെ വന്ന് ഇരിക്കാറുണ്ട്. എന്റെ ഭർത്താവ് വരെ ഇരുന്നിട്ടില്ല, ഡബ്ബിംഗ് തീയേറ്ററിൽ. എനിക്ക് മമ്മൂട്ടിയായിരുന്നു ആ ഡയലോഗ് പറഞ്ഞുതന്നത്. ചേച്ചി ഇന്നപോലെ പറയണം എന്ന് പറഞ്ഞു തന്നു. എനിക്ക് ആ പടത്തിന് നാഷണൽ അവാർഡ് കിട്ടിയെങ്കിൽ അതിന്റെ ഉടമസ്ഥൻ മമ്മൂട്ടിയാണെന്നേ ഞാൻ പറയുകയുള്ളൂ. കാരണം അത്രയും കൂടുതൽ എനിക്ക് ആ ഡയലോഗ് പറഞ്ഞുതന്നത് മമ്മൂട്ടിയാണ്.'- കെ പി എ സി ലളിത പറഞ്ഞു.