
കഴിഞ്ഞ ദിവസം രാത്രി കെപിഎസി ലളിതയുടെ മരണവാർത്ത അറിഞ്ഞപ്പോൾ തന്നെ ആദ്യം ഓടിയെത്തിയവരാണ് ദിലീപും കാവ്യാമാധവനും. മണിക്കൂറുകൾ ചെലവഴിച്ച ശേഷം മകൻ സിദ്ധാർത്ഥിനെ ആശ്വസിപ്പിച്ച ശേഷമായിരുന്നു ഇരുവരും മടങ്ങിയത്.
ഇരുകുടുംബങ്ങളും തമ്മിൽ വളരെ അടുത്ത ബന്ധമാണ് പുലർത്തിയിരുന്നത്. മലയാള സിനിമയിൽ ബഹദൂർ കഴിഞ്ഞാൽ ഏറ്റവും കടപ്പാടുള്ളത് ദിലീപിനോടാണെന്ന് കെപിഎസി ലളിത പറഞ്ഞിട്ടുണ്ട്. കേരളകൗമുദി ഫ്ലാഷ് മൂവീസിന് നൽകിയ അഭിമുഖത്തിലായിരുന്നു ആ തുറന്നു പറച്ചിൽ.
' ഞാൻ വേദനിക്കുന്ന സമയത്തെല്ലാം ദിലീപ് എന്റെ അടുത്ത് വന്നിട്ടുണ്ട്. മകളുടെ കല്യാണമുൾപ്പെടെ സാമ്പത്തികമായി വല്ലാതെ ബുദ്ധിമുട്ടിയ സമയത്തെല്ലാം ദിലീപാണ് എന്നെ സഹായിച്ചത്. മനസിലെ വേദന ദിലീപുമായി പങ്കു വയ്‌ക്കുമ്പോൾ വല്ലാത്തൊരു ആശ്വാസമാണ്. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ദിലീപിനെ എനിക്ക് മറക്കാനാകില്ല.
ഒരിക്കൽ ദുബായിൽ നിന്നും പ്രോഗ്രാം കഴിഞ്ഞ് നാട്ടിലേക്ക് വരുമ്പോൾ എന്റെ അടുത്തായിരുന്നു ദിലീപിന്റെ സീറ്റ്. നാല് മണിക്കൂർ നീണ്ട ആ യാത്രയിൽ എന്റെ സങ്കടകഥകൾ കേട്ട് ദിലീപ് ഉറങ്ങിയതേയില്ല. ആ യാത്ര കഴിഞ്ഞപ്പോഴാണ് ഞങ്ങൾ കൂടുതൽ അടുത്തത്. പിന്നീട് ഞാൻ പറയാതെ തന്നെ എന്റെ ദുഃഖങ്ങൾ കണ്ടറിഞ്ഞ് ദിലീപ് പെരുമാറിയിട്ടുണ്ട്.
എന്നെ ഏറ്റവുമധികം സഹായിച്ച എന്റെ സുഹൃത്തിന് അപകടം പറ്റുമ്പോൾ കാണാൻ പോകണ്ടേ. അതുകൊണ്ടാണ് ജയിലിൽ പോയി ദിലീപിനെ കണ്ടത്. " താൻ മകനെ പോലെ കാണുന്ന ഒരാളാണ് ദിലീപെന്നും അവർ പറഞ്ഞു.