
അന്തരിച്ച നടി കെ പി എ സി ലളിതയെ അവസാനമായി ഒരുനോക്ക് കാണാൻ മല്ലിക സുകുമാരനും പൃഥ്വിരാജും എത്തി. മൃതദേഹം തൃപ്പൂണിത്തുറയിലെ ലായം ഓഡിറ്റോറിയത്തിൽ പൊതുദർശനത്തിനുവച്ചപ്പോഴാണ് ഇരുവരും എത്തിയത്.
സഹപ്രവർത്തകയ്ക്ക് അന്തിമോപചാരം അർപ്പിച്ച ശേഷം പൊട്ടിക്കരഞ്ഞ മല്ലിക സുകുമാരനെ പൃഥ്വിരാജ് ചേർത്തുപിടിച്ച് ആശ്വസിപ്പിച്ചു. 'പറയാൻ പറ്റണില്ലെനിക്ക്, ഞാൻ പറയുന്നില്ല' എന്നാണ് മാദ്ധ്യമപ്രവർത്തകരോട് മല്ലിക സുകുമാരൻ പറഞ്ഞത്.
'സമാധാനത്തോടെ വിശ്രമിക്കൂ ലളിതാന്റി! വെള്ളിത്തിരയിൽ നിങ്ങളുമായി സ്‌ക്രീൻ പങ്കിട്ടത് ഒരു ഭാഗ്യമായിരുന്നു! എനിക്കറിയാവുന്ന ഏറ്റവും മികച്ച അഭിനേതാക്കളിൽ ഒരാൾ.' എന്നാണ് പൃഥ്വിരാജ് ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.
അമർ അക്ബർ അന്തോണി, ആദം ജോൺ, അമ്മക്കിളിക്കൂട് തുടങ്ങിയ ചിത്രങ്ങളിൽ പൃഥ്വിരാജും കെ പി എ സി ലളിതയും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. അമർ അക്ബർ അന്തോണിയിൽ പൃഥ്വിരാജിന്റെ അമ്മയായിട്ടായിരുന്നു കെ പി എ സി ലളിത എത്തിയത്. അമ്മക്കിളിക്കൂടിൽ കെ പി എ സി ലളിതയ്‌ക്കൊപ്പം മല്ലിക സുകുമാരനും അഭിനയിച്ചിരുന്നു.