lalitha

എന്നും ഇടതുപക്ഷത്തിനൊപ്പം നിന്നയാളാണ് കെപിഎസി ലളിത. അതേസമയം,​ കടുത്ത വിശ്വാസിയുമാണ്. കിട്ടുന്ന സമയങ്ങളിലെല്ലാം ഗുരുവായൂരെത്തി തൊഴാൻ അവർ സമയം കണ്ടെത്തിയിരുന്നു.

ഷൂട്ടിന് പോകുമ്പേഴെല്ലാം ഗുരുവായൂരപ്പന്റെ ചെറിയൊരു ഫോട്ടോയും വിളക്കും കൈയിൽ കരുതും. എവിടെയാണെങ്കിലും എന്നും കുളിച്ച് വിളക്ക് കൊളുത്തണം എന്നത് ലളിതയ്‌ക്ക് നിർബന്ധമായിരുന്നു. ഗുരുവായൂരപ്പൻ രക്ഷിച്ച പല അവസരങ്ങളും ജീവിതത്തിലുണ്ടായിട്ടുണ്ടെന്ന് അവർ പറഞ്ഞിട്ടുണ്ട്. അതിലൊന്നായിരുന്നു വിവാഹ ശേഷമുള്ള സംഭവം.

ഭരതന്റെ അമ്മയ്‌ക്ക് തുടക്കത്തിൽ ലളിതയോടെ ചെറിയൊരു നീരസമുണ്ടായിരുന്നു. അമ്മയും കടുത്ത ഗുരുവായൂർ ഭക്തയാണ്. വിവാഹം കഴിഞ്ഞ ശേഷം ഒരിക്കൽ ഭരതന്റെ വീട്ടിലേക്ക് വന്ന അമ്മ കാണുന്നത് വിളക്ക് കൊളുത്തി ഗുരുവായൂരപ്പനെ പ്രാർത്ഥിക്കുന്ന ലളിതയെയാണ്. അതോടെ അമ്മയുടെ ദേഷ്യവും അനിഷ്‌ടവും അലിഞ്ഞില്ലാതായി. അന്ന് മുതൽ അമ്മയുടെ പ്രിയപ്പെട്ട മരുമകളായി ലളിത മാറുകയായിരുന്നു.

രാഷ്ട്രീയത്തെ കുറിച്ച് ചോദിച്ചാൽ ലളിതയുടെ മറുപടി ഇങ്ങനെ. 'കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തെ കുറിച്ച് ആഴത്തിലുള്ള അറിവൊന്നും ഇല്ല. ചുവപ്പിനോട് പക്ഷേ എന്നും ആവേശവും ഇഷ്ടവുമാണ്. പാർട്ടി വിഭജിച്ചപ്പോൾ കെപിഎസി സിപിഐയ്‌ക്കൊപ്പമായിരുന്നു. പക്ഷേ, ഞാൻ രണ്ടു പാർട്ടിയുടെയും പരിപാടിയിൽ പങ്കെടുക്കാറുണ്ട്. അച്ഛനും അമ്മയും പോലെയാണ് എനിക്ക് സിപിഎമ്മും സിപിഐയും."