bjp

ചെന്നൈ: തമിഴ്‌നാട് നഗര തദ്ദേശ തിരഞ്ഞെടുപ്പിൽ 308 വാർഡുകൾ നേടി ബി ജെ പി. ഒറ്റയ്ക്ക് മത്സരിച്ച ബിജെപി സംസ്ഥാനത്തെ മൂന്നാമത്തെ വലിയ രാഷ്ട്രീയ പാർട്ടിയായി മാറിയെന്ന് സംസ്ഥാന അദ്ധ്യക്ഷൻ കെ അണ്ണാമലൈ പറഞ്ഞു.

കടലൂർ, വെല്ലൂർ, മധുരൈ, ചെന്നൈ എന്നിവിടങ്ങളിൽ ബി ജെ പി ഇതുവരെ വിജയിച്ചിട്ടില്ല. എന്നാൽ ഇത്തവണ ഇവിടയൊക്കെ പാർട്ടിക്ക് കൂടുതൽ വോട്ടുകൾ ലഭിച്ചുവെന്ന് ബിജെപി അവകാശപ്പെട്ടു. പലയിടത്തും ബിജെപി രണ്ടാം സ്ഥാനത്ത് എത്തിയെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.

കോയമ്പത്തൂരിൽ ബിജെപി 15 ശതമാനം വോട്ട് നേടി. ചെന്നൈയിൽ മുപ്പതോളം വാർഡുകളിൽ ബിജെപി സ്ഥാനാർത്ഥികൾ രണ്ടാം സ്ഥാനത്തെത്തിയെന്ന് അണ്ണാമലൈ അവകാശപ്പെട്ടു. ബിജെപിയുടെ നേട്ടം പാർട്ടി പ്രവർത്തകരുടെ മനോവീര്യം വർദ്ധിപ്പിക്കുന്നുവെന്ന് മുതിർന്ന നേതാവായ ആർ ശ്രീനിവാസൻ പറഞ്ഞു. 2011 ലെ തിരഞ്ഞെടുപ്പിൽ ബിജെപി ടൗൺ പഞ്ചായത്തുകളിൽ 2.2 % സീറ്റുകളിലാണ് വിജയിച്ചത്. എന്നാൽ ഇത്തവണ നടന്ന തിരഞ്ഞെടുപ്പിൽ 3.01 % സീറ്റായി ഉയർന്നു.

മുനിസിപാലിറ്റികളിലെ സീറ്റുകൾ ഒരു ശതമാനത്തിൽ നിന്ന് 1.45 % ആയി. കോർപറേഷനുകളിൽ ഇത് 0.5% ത്തിൽ നിന്ന് 1.67 %ആയി ഉയർന്നു. ആകെയുള്ള 12,816 സീറ്റുകളിൽ 2011ൽ 226 ഇടത്താണ് ബിജെപി ജയിച്ചതെങ്കിൽ, ഇത്തവണ 308ൽ വിജയിച്ചു. ഇതിൽ 200 എണ്ണം കന്യാകുമാരി ജില്ലയിലാണ്.

തദ്ദേശ തിരഞ്ഞെടുപ്പിൽ ഡിഎംകെ മികച്ച വിജയമാണ് നേടിയത്. സംസ്ഥാനത്തെ 21 കോർപ്പറേഷനുകളിലും മിക്കവാറും എല്ലാ മുനിസിപ്പാലിറ്റികളിലും ടൗൺ പഞ്ചായത്തുകളിലും ഭരണമുന്നണി അധികാരത്തിലെത്തി.