kpac

അനവധി അദ്ധ്യായങ്ങളുള്ള ഒരു പാഠപുസ്തകമായിരുന്നു കെ.പി.എ.സി ലളിത എന്ന മഹാനടിയുടെ അഭിനയവും ജീവിതവും . കഥാപാത്രങ്ങൾ ഏതുതന്നെയായാലും അവയുടെ ഭാവചലനങ്ങളെ അനുകരിക്കാനാവാത്ത വിധം വിസ്മയമാക്കുകയെന്നത് ലളിതയുടെ പ്രത്യേകതയായിരുന്നു.അഭിനയത്തിന്റെ ആ ഇന്ദ്രജാലം പ്രേക്ഷകർക്ക് ഒറ്റനോട്ടത്തിൽ ലളിതമായിത്തോന്നാം .എന്നാൽ ആ തോന്നൽ സൃഷ്ടിക്കുംവിധം അഭിനയത്തെ അത്രമാത്രം സ്വാഭാവികമാക്കിയെന്നതാണ് സിനിമയിൽ അവർ സൃഷ്ടിച്ച

' ലളിത ' പാഠം . പകരംവയ്ക്കാനാവാത്ത നടനചാതുര്യത്തിനുടമയായ, ഇന്ത്യൻ സിനിമയിലെതന്നെ എക്കാലത്തെയും മികച്ച നടിമാരിൽ ഒരാളെയാണ് കെ.പി.എ.സി ലളിതയുടെ വിയോഗത്തിലൂടെ കലാലോകത്തിന് നഷ്ടമാകുന്നത്.

നടീനടൻമാരെ പൊതുവായി രണ്ട് വിഭാഗങ്ങളിൽ ഉൾപ്പെടുത്താം.ഒരുവിഭാഗം സാമാന്യം ഭദ്രമായ ജീവിത സാഹചര്യങ്ങളിൽ നിന്നും അഭിനയരംഗത്തെത്തി നിത്യപരിശീലനത്തിലൂടെ ഉയരങ്ങളിലെത്തുന്നവരാണ്.മറ്റൊരു വിഭാഗമാകട്ടെ തീരെ ഭദ്രമല്ലാത്ത ,ആശാവഹമല്ലാത്ത പരിത:സ്ഥിതികളിൽ നിന്ന് വന്ന് അനുഭവങ്ങളുടെ കരുത്തും നൈസർഗിക പ്രതിഭയും ഉൾച്ചേർന്ന് അഭിനയത്തിന്റെ ഒൗന്നത്യങ്ങളിൽ ചിര:പ്രതിഷ്ഠ നേടുന്നവരും . ഇപ്പറഞ്ഞതിൽ രണ്ടാമത്തെ വിഭാഗത്തിലാണ് ലളിതയുടെ സ്ഥാനം.കുട്ടിക്കാലത്ത് അഭ്യസിച്ച നൃത്തവും പാട്ടും, കെ.പി.എ.സി എന്ന നാടകസമിതിയിലൂടെ നേടിയ അഭിനയ പരിചയവും , കേരളത്തിലങ്ങോളമിങ്ങോളം സഞ്ചരിച്ച് ആയിരക്കണക്കിന് പ്രേക്ഷകരുടെ മുന്നിൽ നാടകമഭിനയിച്ച് നേടിയെടുത്ത അസാധാരണമായ ജീവിത നിരീക്ഷണവും - ഈ ഘടകങ്ങളെല്ലാമാണ് ലളിതയെന്ന നടിയുടെ അഭിനയജീവിതത്തിന്റെ ആധാരശിലകൾ .അതുകൊണ്ടാണ് ഇത്രമാത്രം വൈവിദ്ധ്യമാർന്ന കഥാപാത്രങ്ങളെ അത്യന്തം അനായാസമായി ,എന്നാൽ ഉൾക്കാമ്പോടെ അവതരിപ്പിക്കാൻ ലളിതയ്ക്ക് കഴിഞ്ഞത്.

ഫോട്ടോഗ്രാഫറായ അനന്തൻനായരുടെയും ഭാർഗവി അമ്മയുടെയും മകളായി കായംകുളത്തിനടുത്ത് രാമപുരത്ത് ജനിച്ച ലളിതയുടെ ആദ്യപേര് മഹേശ്വരി എന്നായിരുന്നു.അരങ്ങിലെത്തിയപ്പോഴാണ് പിൽക്കാലത്ത് അഭിനയത്തിന്റെ ഐതിഹാസികമായ കൈയ്യൊപ്പ് ചാർത്തിയ ലളിതയെന്ന പേര് പതിഞ്ഞത്. പാടുകയും അഭിനയിക്കുകയും ചെയ്യുന്ന നാടക നടിയായിട്ടായിരുന്നു ലളിതയുടെ തുടക്കം.ചങ്ങനാശേരി ഗീഥയുടെ ബലി എന്ന നാടകത്തിലൂടെയാണ് ലളിത ആദ്യം മേക്കപ്പണിഞ്ഞത്.വൈകാതെ കെ.പി.എ.സി യിലെത്തി. അവിടെ തോപ്പിൽഭാസി എന്ന മഹാപ്രതിഭ ലളിതയ്ക്ക് വഴികാട്ടിയായി മാറി . മലയാളികളുടെ മനസുകളിൽ സംഗീതത്തിലും അഭിനയത്തിലും ഒരുപോലെ അനശ്വരരായി നിൽക്കുന്ന കെ.പി.എ.സി സുലോചന,കെ.എസ്.ജോർജ് തുടങ്ങിയവരോടൊപ്പമുള്ള യാത്രകളും, അഭിനയവും ലളിതയുടെ കലാജീവിതത്തിന് അസാധാരണമായ ശോഭപകർന്നിട്ടുണ്ട്.നാടകരംഗത്ത് കെ.പി.എ.സിയുടെ ജൈത്രയാത്രയുടേതായിരുന്നു ആ കാലം .അശ്വമേധം എന്ന നാടകത്തിലൂടെയാണ് ലളിത കെ.പി.എ.സിയുടെ ഭാഗമാകുന്നത്.തന്റെ പേരിനൊപ്പം ചേർത്ത കെ.പി.എ.സി എന്ന ആ നാലക്ഷരം സിനിമയിലെത്തിയപ്പോഴെന്നല്ല ഒരുകാലത്തും അവർ കൈവിട്ടില്ല . കമ്മ്യൂണിസ്റ്റ് പാർടിയോട് അന്നു തോന്നിയ അനുഭാവവും അവർ മരണം വരെ കൊണ്ടു നടന്നു.സിനിമയിലേക്ക് ലളിതയെ കൈപിടിച്ചുയർത്തുന്നതിലും തോപ്പിൽഭാസി നിർണായകമായ പങ്കുവഹിച്ചു.

കെ.എസ്.സേതുമാധവൻ സംവിധാനം ചെയ്ത കൂട്ടു കുടുംബമായിരുന്നു ലളിത അഭിനയിച്ച ആദ്യസിനിമ.പിന്നീടങ്ങോട്ട് സിനിമയാകുന്ന കൂട്ടുകുടുംബത്തിലെ അവിഭാജ്യമായ ഘടകമായി ലളിത മാറി.അനുഭവങ്ങൾ പാളിച്ചകൾ എന്ന സിനിമയിലെ ' കല്യാണി കളവാണി ചൊല്ലമ്മിണി ചൊല്ല് ' എന്ന നിത്യഹരിതഗാനം ലളിത പാടിയഭിനയിക്കുന്ന മുഹൂർത്തങ്ങൾ എക്കാലവും പ്രേക്ഷകരുടെ ഹൃദയങ്ങളിൽ ഊഞ്ഞാലാടിക്കൊണ്ടിരിക്കും.നിഗൂഢമായ ഒരനുരാഗത്തിന്റെ ആത്മസ്പർശിയായ ഭാവപ്രപഞ്ചമാണ് ലളിത ആ രംഗത്തിൽ കാഴ്ചവയ്ക്കുന്നത്.അസാധാരണമായ അഭിനയസിദ്ധി കൈവന്ന ഒരാളിനു മാത്രമെ ഈ രംഗം ഇത്രമേൽ അവിസ്മരണീയമാക്കാൻ സാധിക്കുകയുള്ളു.

സംഭാഷണങ്ങൾ ഉരുവിടുന്നതിൽ ലളിത കാഴ്ചവച്ച വൈഭവം ലോകനിലവാരത്തിലുള്ളതാണെന്ന് നിസംശയം പറയാം. തനി നാട്ടിൻ പുറത്തെ ഗ്രാമീണ ഭാഷയുടെ ലാളിത്യവും ഗാംഭീര്യവുമെല്ലാം ആ പ്രയോഗങ്ങളിൽ മാറിമാറി വന്നു. ശോകമായാലും ,വിരഹമായാലും , ആനന്ദമായാലും ലളിതയുടെ ചില നോട്ടങ്ങൾ മതിയായിരുന്നു അഭിനയത്തിന്റെ അഗാധതലങ്ങളെ ആവാഹിച്ചെടുക്കുവാൻ.തമിഴ് അഭിനയലോകത്തെ മരണമില്ലാത്ത നടിയായ മനോരമയും ലളിതയെപ്പോലെ ആ മികവ് പ്രകടമാക്കിയ അഭിനേത്രിയായിരുന്നു.

സത്യനും ,പ്രേംനസീറും നിറഞ്ഞുനിന്ന വേളയിൽ സിനിമയിൽ തന്റെ സാന്നിദ്ധ്യമുറപ്പിച്ച ലളിത അരനൂറ്റാണ്ട് പല തലമുറകളോടൊപ്പം ചലച്ചിത്രരംഗത്ത് സജീവമായി നിലകൊണ്ടു.അടൂർ ഗോപാലകൃഷ്ണൻ മുതൽ റോജിൻ തോമസ് വരെ വിവിധ കാലഘട്ടങ്ങളിലെ ഏറെക്കുറെ എല്ലാ സംവിധായകരുടെയും ചിത്രങ്ങളിൽ ലളിത വേഷമിട്ടു.അടൂരിന്റെ ആദ്യ ചിത്രമായ സ്വയംവരം മുതൽ കൊടിയേറ്റമടക്കം മിക്ക ചിത്രങ്ങളിലും ലളിതയ്ക്ക് നല്ല വേഷമായിരുന്നു. വൈക്കം മുഹമ്മദ് ബഷീറിന്റെ മതിലുകൾ അടൂർ സിനിമയാക്കിയപ്പോൾ നാരായണി എന്ന കഥാപാത്രത്തെ ശബ്ദത്തിലൂടെ മാത്രം അവതരിപ്പിച്ച് ലളിത ചരിത്രത്തിലിടം നേടി. ഫാസിൽ സംവിധാനം ചെയ്ത മണിച്ചിത്രത്താഴിലെ ഇന്നസെന്റുമൊത്തുള്ള ലളിതയുടെ അഭിനയം ഓർത്തോർത്ത് ചിരിക്കാൻ വക നൽകുന്നതായിരുന്നു.

ഭരതൻ എന്ന സംവിധായകപ്രതിഭയെ വിവാഹം ചെയ്ത ലളിത അദ്ദേഹത്തിന്റെ ചിത്രങ്ങളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.ആരവം, കാറ്റത്തെകിളിക്കൂട്, അമരം, വെങ്കലം , കേളി , ചുരം എന്നീ ചിത്രങ്ങൾ ശ്രദ്ധേയമാണ്.ഭരതൻ ലളിത ദമ്പതികൾക്ക് രണ്ട് മക്കളാണ്.സംവിധായകനായ സിദ്ധാർത്ഥ് ഭരതനും, ശ്രീക്കുട്ടിയും .

ഭരതന്റെ വേർപാടോടെ സിനിമയിൽ നിന്ന് വിട്ടുനിന്ന ലളിതയെ വീണ്ടും കാമറയ്ക്കു മുന്നിലെത്തിച്ചത് അഭിനയ ജീവിതത്തിൽ അവർക്ക് ഏറ്റവും മികച്ച വേഷങ്ങൾ സമ്മാനിച്ച സത്യൻ അന്തിക്കാടായിരുന്നു .ലളിതയുടെ മറക്കാനാവാത്ത എത്രയെത്ര കഥാപാത്രങ്ങളാണ് സത്യൻ അന്തിക്കാടിന്റെ ചിത്രങ്ങളിൽ നിറഞ്ഞു നിന്നത്.വീണ്ടും ചില വീട്ടുകാര്യങ്ങൾ ,തലയണമന്ത്രം,മനസിനക്കരെ,അച്ചുവിന്റെ അമ്മ, അങ്ങനെ ഒട്ടേറെ ചിത്രങ്ങൾ.സത്യന്റെ മകൻ അനൂപ് സത്യന്റെ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലും ലളിതയ്ക്ക് വേഷമുണ്ടായിരുന്നു.പുതിയ സംവിധായകരുടെ ചിത്രങ്ങളിലും ലളിത അഭിനയിച്ചു.റോജിൻതോമസിന്റെ ഹോം ഉദാഹരണമാണ് .എതിരെ അഭിനയിക്കുന്ന നടൻമാരാരായാലും ലളിതയാണ് മറുഭാഗത്തെങ്കിൽ ഒന്ന് തയ്യാറെടുക്കുമായിരുന്നു.അത് തിലകനായാലും മോഹൻലാലായാലും മാറ്റമില്ലായിരുന്നു.

അമരത്തിലും ജയരാജിന്റെ ശാന്തത്തിലും മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരം നേടിയ ലളിതയ്ക്ക് ആറുവട്ടം സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. കേരള സംഗീത നാടക അക്കാഡമി ചെയർപേഴ്സണായി പ്രവർത്തിച്ചുവരുമ്പോഴായിരുന്നു അന്ത്യം.

കാലഘട്ടങ്ങളെ അതിജീവിച്ച നടിയാണ് ലളിത. കാലം അവരെ മടക്കി വിളിച്ചെങ്കിലും മലയാള ചലച്ചിത്രരംഗം ഉള്ളിടത്തോളം ലളിതസുന്ദരമായ ആ അഭിനയ പ്രതിഭാസം ഓർമ്മയിൽ നിറ‌ഞ്ഞു നിൽക്കും.ആ സ്മരണയ്ക്കു മുന്നിൽ ഞങ്ങളുടെ പ്രണാമം.